ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്ന കാര്യം പ്രധാന ചര്‍ച്ച 

 
Fuel Price

വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിര്‍ദേശമാണ് കേരളത്തിന്റെ മറ്റൊരു ആശങ്ക

45മത് ജിഎസ്ടി യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളത്തില്‍നിന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് യോഗത്തില്‍ പങ്കെടുക്കുക. ഇന്ധനനികുതിക്കു പുറമേ, വെളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച കാര്യങ്ങളാകും കേരളം ഉന്നയിക്കുക. പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം.

കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. പ്രധാന വരുമാനമാര്‍ഗമായ ഇന്ധനത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ക്കുന്നുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലായാല്‍ വില കുറയും. എന്നാല്‍, കേന്ദ്രം സെസ് കുറച്ചാല്‍ വില കുറയുമെന്നും പകരം ഇവ ജിഎസ്ടിക്ക് കീഴിലാക്കിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്. 

ജിഎസ്ടിയില്‍ പരമാവധി 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാലും അതിന്റെ പകുതിയേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കൂ. നിലവില്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജിഎസ്ടി ബാധകമാക്കിയാല്‍ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജിഎസ്ടിയിലേക്ക് മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വില കുറയില്ലെന്നും കേരളം വാദിക്കുന്നു. അതേസമയം, പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപ ഭാവിയില്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയേക്കും. അതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നുമാണ് വിശ്വസ്ത ഉറവിടങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിര്‍ദേശമാണ് കേരളത്തിന്റെ മറ്റൊരു ആശങ്ക. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള വെളിച്ചെണ്ണയും സൗന്ദര്യവര്‍ധകവസ്തു എന്നനിലയില്‍ വിറ്റഴിക്കുന്ന വെളിച്ചെണ്ണയും തമ്മില്‍ വേര്‍തിരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുന്ന നിര്‍ദേശമാണ് ആശങ്കയ്ക്കു കാരണം. ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റില്‍ വില്‍ക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ള എണ്ണയായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിര്‍ത്തണം. അതിനു താഴെ അളവിലുള്ളത് സൗന്ദര്യവര്‍ധക വസ്തുവായി കണക്കാക്കി 18 ശതമാനം നികുതിയും ചുമത്തണമെന്നാണ് കൗണ്‍സിലിനു മുന്നിലുള്ള നിര്‍ദേശം. ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉല്‍പാദനത്തിന് തിരിച്ചടിയാകും. അതിനാല്‍, 500 ഗ്രാമിനു മുകളിലുള്ളതിനെ ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനം ആക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.