ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍

 
mevani

കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എംഎല്‍എ ആണ് ജിഗ്‌നേഷ് മേവാനി. അസമില്‍ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാല്‍  എഫ്ഐആറിന്റെയോ പൊലീസ് കേസിന്റെയോ പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് മേവാനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണമെന്ന് അവകാശപ്പെടുന്ന രണ്ട് ട്വീറ്റുകളാണ് അറസ്റ്റിന് കാരണമായതെന്ന് ഡെക്കാണ്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. ബനസ്‌കന്തയിലെ പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചാണ് അസമില്‍ നിന്നുള്ള നാല് പൊലീസുകാര്‍ ഉള്‍പ്പെടുന്ന  സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ പോലീസ് നല്‍കാത്തിതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദ് വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കളും മേവാനിയുടെ  അനുയായികളും ബഹളം വച്ചതിന് ശേഷമാണ് മേവാനിയുടെ ട്വീറ്റുകള്‍ക്ക് കേസ് വെളിപ്പെടുത്തുന്ന രേഖ പോലീസ് കാണിച്ചതെന്നും മേവാനിയുടെ അടുത്ത സഹായി പറഞ്ഞതായി റിപോര്‍ട്ട് പറയുന്നു.  

അസമിലെ കൊക്രജാര്‍ ജില്ലയിലെ ഭവാനിപൂര്‍ സ്വദേശിയായ അനുപ് കുമാര്‍ ദേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേവാനിക്കെതിരെ സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 153 (എ) (സമൂഹങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295(എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 504, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഐടി നിയമത്തിലെ വകുപ്പുകള്‍. എന്നിവ പ്രകാരം കേസെടുത്തതായി രേഖ വ്യക്തമാക്കുന്നതായും റിപോര്‍ട്ട് പറയുന്നു.