തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസെന്ന് ജിഗ്നേഷ് മേവാനി

ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത് ഭീരുത്വത്തിന്റെ 56 ഇഞ്ചാണെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെും അദ്ദേഹം ആരോപിച്ചു.
തനിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതിയുടെ ശക്തമായ പരാമര്‍ശത്തില്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഏപ്രില്‍ 19 ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു, എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് 2,500 കിലോമീറ്ററിലധികം യാത്ര ചെയ്തു. എന്നെ ഇല്ലാതാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഇത്,' ജിഗ്നേഷ് മേവാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റി ചെയ്തതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രഝാറില്‍ നിന്നുള്ള ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ നല്കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. കേസില്‍ മേവാനിക്ക് ഏപ്രില്‍ 25-ന് ജാമ്യം കിട്ടിയതിനു പിന്നാലെ പൊലീസുകാരിയെ ആക്രമിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കി കോടതി മേവാനിക്കു ജാമ്യം അനുവദിക്കുകയായിരുന്നു.
22 പരീക്ഷാപേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജൂണ്‍ ഒന്നിന് തെരുവിലിറങ്ങുമെന്നും ഗുജറാത്തില്‍ ബന്ദ് നടത്തുമെന്നും മേവാനി പറഞ്ഞു.ഉനയിലെ ദലിതര്‍ക്കും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2021 സെപ്റ്റംബറില്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് തന്റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്ന മേവാനി, ദളിത് അധികാര്‍ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്‍വീനര്‍ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകള്‍ ഈയിടെ, കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ബ്ലോക്ക് ചെയ്തിരുന്നു.