2015 ലെ ദുരിതം ഓര്‍മപ്പെടുത്തി ചെന്നൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും

റോഡുകള്‍ വെള്ളക്കെട്ടുകളായി, താമസ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
 
chennai rain
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ദുരിമേഖലകളില്‍ നേരിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്

2015ലെ വെള്ളപ്പൊക്കത്തെ ഓര്‍മപ്പെടുത്തി ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനവാസകേന്ദ്രങ്ങളും റോഡുകളും വെള്ളക്കെട്ടുകളായി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ദുരിതമേഖലകളില്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനകം 81 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 160ഓളം സുരക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

മഴയും വെള്ളപ്പൊക്കവും ഗതാഗതസംവിധാനങ്ങളെ തടസപ്പെടുത്തിയിരിക്കുന്നതും ജനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. തമിഴ്നാടിന്റെ വടക്കന്‍ തീരമേഖലകളില്‍ കനത്ത വെള്ളപ്പൊക്കമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ കൂടാതെ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഴ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെ നിര്‍ത്താതെ പെയ്ത മഴയാണ് ചെന്നൈയെ മുക്കിയത്. ടി നഗര്‍, വ്യാസര്‍പടി, അഡയാര്‍, വേളാചേരി, റോയപ്പേട്ട മയിലാപൂര്‍ എന്നിവിടങ്ങളിലെല്ലാം സ്ഥിതി മോശമാണ്. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ റെക്കോര്‍ഡ് മഴയാണ് (207 എംഎം) പെയ്തത്. 2015നു ശേഷം നഗരത്തില്‍ ഉണ്ടായിരിക്കുന്ന റെക്കോര്‍ഡ് പെയ്ത്താണ് ഇത്തവണത്തേതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുകൂടി മഴയുണ്ടായേക്കുമെന്ന ഇന്ത്യ മെട്രോലോജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ചെന്നൈ നഗരത്തിലെ നിരവധി അപ്പാര്‍ട്ട്മെന്റുകളിലും വെള്ളം കയറിയിട്ടുണ്ട്. താമസക്കാര്‍ അപ്പാര്‍ട്ട്മെന്റുകള്‍ ഉപേക്ഷിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറുകയാണ്. വെള്ളക്കെട്ടുമൂലം നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.