'റോഡുകള്‍ എത്രകാലം അടിച്ചിടാനാകും? കര്‍ഷക സമരത്തിന് പരിഹാരം കാണണം'

 
SupremeCourt

ജുഡീഷ്യല്‍ ഫോറത്തിലൂടെയോ പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെയോ പ്രശ്‌നം പരിഹരിക്കണം


കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തുടരുന്ന സമരത്തിന്റെ ഭാഗമായി റോഡുകള്‍ ഉപരോധിക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. റോഡ് ഉപരോധിച്ചുള്ള സമരത്തെ അംഗീകരിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഹൈവേകള്‍ നിരന്തരം അടച്ചിടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ ഫോറത്തിലൂടെയോ പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെയോ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ബെഞ്ച് പറഞ്ഞു. റോഡ് ഉപരോധം മൂലം ദൈനംദിന യാത്രയില്‍ കാലതാമസം നേരിടുന്നതായി ചൂണ്ടിക്കാട്ടി നോയിഡ സ്വദേശിയയ മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

പ്രശ്‌നം പരിഹരിക്കപ്പെടണം. പ്രക്ഷോഭത്തിലൂടെയോ ജുഡീഷ്യല്‍ ഫോറത്തിലൂടെയോ പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെയോ പ്രശ്‌നം പരിഹരിക്കണം. അല്ലാതെ എത്രകാലം ഹൈവേകള്‍ ഉപരോധിക്കാനാകും? അതൊരു ശാശ്വത പ്രശ്‌നമാകരുതെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇതിനോടകം വിധി പറഞ്ഞിട്ടുള്ളതാണ്. അത് നടപ്പാക്കേണ്ടത് എക്‌സിക്യൂട്ടീവാണെന്നും കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി, ഹരിയാന, യുപി സംസ്ഥാന സര്‍ക്കാരുകളോടും കോടതി പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ പൊതുറോഡുകള്‍ തടസപ്പെടുത്താനാകില്ലെന്നും നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം നടത്താവൂ എന്നും ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തന്നെ വിധി പ്രസ്താവിച്ചിരുന്നു. 

അതേസമയം, പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, അവര്‍ക്കുമുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ തയ്യാറായില്ല. റോഡ് ഉപരോധത്തില്‍ സമരക്കാരെ പ്രതിചേര്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. അതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ബെഞ്ച് സോളിസിറ്റര്‍ ജനറലിലോട് നിര്‍ദേശിച്ചു. അതേസമയം, ഉപരോധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഹരിയാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

റോഡ് ഉപരോധം മാര്‍ക്കറ്റിംഗ് ജോലികള്‍ക്കായുള്ള യാത്രയെ സാരമായി ബാധിക്കുന്നു എന്നായിരുന്നു മോണിക്കയുടെ ഹര്‍ജി. രണ്ടാഴ്ചയോളം നോയിഡയില്‍നിന്ന് ഡല്‍ഹിയിലെത്താന്‍ 20 മിനിറ്റിനു പകരം രണ്ട് മണിക്കൂര്‍ വേണ്ടിവന്നുവെന്നും മോണിക്ക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.