കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ പഞ്ചാബിലെ രാഷ്ട്രീയ ഭൂപ്രകൃതി മാറുന്നതെങ്ങനെ? ആര് നേട്ടം കൊയ്യും? 

 
Punjab Poll
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ തന്ത്രങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതി

ഒരു വര്‍ഷമായി കര്‍ഷകര്‍ തുടര്‍ന്നുവന്ന സമരത്തിനൊടുവില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കര്‍ഷക വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കാത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആ തീരുമാനം വലിയ തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റത്തിലും കര്‍ഷക സമര വിജയത്തിലും അവകാശവാദങ്ങള്‍ ഉന്നയിക്കാമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ തന്ത്രങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതോടെ, രാഷ്ട്രീയ ഭൂപ്രകൃതി അത്രത്തോളം മാറിയിരിക്കുന്നു. പഞ്ചാബിലെ പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഏറെ ശ്രദ്ധേയം. നിയമങ്ങള്‍ പിന്‍വലിച്ചതോടൊപ്പം സംസ്ഥാനത്ത് രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സഖ്യവും കര്‍ഷകരുടെ വോട്ടുകളില്‍ സംഭവിച്ചേക്കാവുന്ന ധ്രുവീകരണവും മൂന്നു മാസങ്ങള്‍ക്കപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കും. മാറിയ സാഹചര്യം ആര്‍ക്കായിരിക്കും നേട്ടമാകുക? 

തുടര്‍ഭരണം ലഭിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. കര്‍ഷകരെയും സിഖ് സമുദായത്തെയും ഒപ്പം നിര്‍ത്താന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തന്നിഷ്ടപ്രകാരം വളര്‍ത്തിയെടുത്ത നേതാവെന്നും അമരീന്ദറിനെ വിശേഷിപ്പിക്കാം. അമരീന്ദര്‍ പാര്‍ട്ടി വിട്ടതോടെ, ഒരു ജനകീയ നേതാവിനെ പകരക്കാരനായി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയായ ചരണ്‍ജിത്ത് സിംഗ് ചന്നിയോ, കോണ്‍ഗ്രസിനെ നയിക്കുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവോ ഒരു ക്രൗഡ്പുള്ളര്‍ അല്ലെന്ന് പാര്‍ട്ടി അണികള്‍പോലും സമ്മതിക്കുന്നുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്ത അമരീന്ദറിന്റെ ജനസമ്മതിയെ കുറച്ചുകാണാനുമാകില്ല. ഭരണ-രാഷ്ട്രീയ നേതൃത്വം സംബന്ധിച്ച വിഴുപ്പലക്കുകള്‍ക്കിടെ കോണ്‍ഗ്രസിന്റെ ജനപ്രിയത കുറയുകയും, പ്രധാന പ്രതിപക്ഷമായ എഎപിക്ക് സ്വാധീനം വര്‍ധിച്ചതായും സമീപകാല അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതോടെ, സംസ്ഥാനത്തെ ബിജെപിയുടെ സകല പ്രതീക്ഷകളും അവസാനിച്ചിരുന്നു. ഇതുവരെയുള്ള അഭിപ്രായ സര്‍വേകളിലും രാഷ്ട്രീയ വിലയിരുത്തലുകളിലും, എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായി തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കല്‍പിച്ചിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ കര്‍ഷക സമരത്തിനുള്ള സ്വാധീനവും പ്രകടമായിരുന്നു. അതിനാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതോടെ, പഞ്ചാബിലെ രാഷ്ട്രീയ ഭൂപ്രകൃതിയും അതനുസരിച്ച് മാറും. 

ഏറെക്കുറെ എല്ലാം പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സമരത്തെ പലതരത്തില്‍ പിന്തുണച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍, അവകാശവാദങ്ങളുമായി ഇവരെല്ലാം മുന്‍നിരയിലുണ്ട്. കര്‍ഷക പ്രക്ഷോഭം പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ട്രാക്ടര്‍ റാലി ഉള്‍പ്പെടെ നടത്തി, സമരത്തിന് ജനകീയ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതേസമയം, ബിജെപി സഖ്യം ഉപേക്ഷിച്ചാണ് ശിരോമണി അകാലി ദള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസ്ഥാനം ഉപേഷിച്ച അകാലി ദള്‍, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിമര്‍ശിക്കുകയും ചെയ്തു. എഎപി അംഗങ്ങളോ, അനുഭാവികളോ ആയ നിരവധിപ്പേര്‍ കര്‍ഷക പ്രക്ഷോഭങ്ങളില്‍ പങ്കാളികളായിരുന്നു. പഞ്ചാബില്‍ നടന്ന കര്‍ഷക മുന്നേറ്റങ്ങളില്‍ ഉള്‍പ്പെടെ അവര്‍ മുന്‍നിരയിലുണ്ടായിരുന്നു. 

പഞ്ചാബില്‍ അമരീന്ദര്‍ തന്നെയായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ പ്രധാന ശബ്ദം. കേന്ദ്ര നിയമത്തിനെതിരെ നിയമസഭയില്‍ നടത്തിയ ബദല്‍ നീക്കങ്ങള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടുകയും ചെയ്തു. കോണ്‍ഗ്രസില്‍നിന്നും അധികാരത്തില്‍നിന്നും പുറത്തുപോയപ്പോഴും കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തിയിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം തന്നെയാണ് താന്‍ മുന്നോട്ടുവെച്ചതെന്ന് അമീന്ദര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മാറ്റത്തിനൊരുങ്ങുന്നുവെന്ന ആദ്യ സൂചന നല്‍കിയതും അമരീന്ദര്‍ ആയിരുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നായിരിക്കണം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായതും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സ്വാധീനിച്ച് രാഷ്ട്രീയനേതാവ് എന്ന പ്രതീതി സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അത്തരമൊരു ക്രെഡിറ്റ് അമരീന്ദറിലേക്കെന്നല്ല പ്രതിപക്ഷ പാര്‍ട്ടികളിലേക്കുപോലും പോകരുതെന്ന ഉദ്ദേശ്യം ബിജെപിക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നിലെ ബുദ്ധിയും അതുതന്നെയാണ്. 

നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റ് ലഭിച്ചില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള അവസരമാണ് അമരീന്ദറിന് കൈവന്നിരിക്കുന്നത്. കര്‍ഷകരുടെ വികസനത്തിനായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. കര്‍ഷകരോഷത്തിന് ഇരയായതോടെ, പഞ്ചാബില്‍ പാര്‍ട്ടി പ്രവര്‍ത്തനംപോലും സാധ്യമാകാതിരുന്ന ബിജെപിക്ക് അമരീന്ദറിന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യും. കര്‍ഷകര്‍ക്കും സിഖ് സമുദായങ്ങള്‍ക്കുമൊപ്പം ഹൈന്ദവ വോട്ടുകള്‍ കൂടി അതോടെ ഉറപ്പാക്കാനാകും. ഏതാനും കര്‍ഷക നേതാക്കള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകളുമുണ്ട്. ശിരോമണി അകാലി ദളില്‍നിന്ന് അകന്നുനില്‍ക്കുന്ന ദിന്‍ഡ്‌സ പോലുള്ള വിഭാഗങ്ങളെ ഒപ്പംനിര്‍ത്താനുള്ള ശ്രമങ്ങളും അമരീന്ദറിന്റെ ഭാഗത്തുനിന്നുണ്ട്. 

കാര്‍ഷിക നിയമങ്ങളില്‍ എതിര്‍പ്പറിയിച്ച് ബിജെപി സഖ്യം ഉപേഷിച്ച ശിരോമണി അകാലി ദളിന്റെ നിലപാടും നിര്‍ണായകമാണ്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായെങ്കിലും, ബിജെപിക്കൊപ്പം സഖ്യം ചേരാന്‍ അവര്‍ തയ്യാറായിട്ടില്ല. ബിജെപിയുമായി ചേര്‍ന്നുപോകില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമല്ലെന്നും അത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പോകരുതെന്നും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ നിയമം കൊണ്ടുവന്നു. ഒരു വര്‍ഷമായി അവര്‍ സമരം തുടരുമ്പോള്‍, എഴുന്നൂറിലധികം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും ഫിറോസ്പുരില്‍ നിന്നുള്ള എംപി കൂടിയായ ബാദല്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി കൈകോര്‍ക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി ബിജെപി നല്‍കിയ സ്ഥാനം വരെ ഉപേക്ഷിക്കുകയും ചെയ്ത പാര്‍ട്ടിയെന്നാണ് അകാലി ദള്‍ തങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടതോടെ, ഏത് രീതിയിലേക്ക് പ്രചാരണങ്ങള്‍ മാറ്റണമെന്ന ആശയക്കുഴപ്പവും പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്.

വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ രാജ്യമെങ്ങും പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് പഞ്ചാബില്‍ അത്രത്തോളം ആശ്വസിക്കാന്‍ വകയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി നേര്‍ക്കുനേര്‍ മത്സരം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, അമരീന്ദര്‍-ബിജെപി സഖ്യം പുതിയ വെല്ലുവിളിയാകും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ നിലനിന്നിരുന്ന അമരീന്ദറിന്റെ മാറ്റവും ബിജെപി സഖ്യവും കോണ്‍ഗ്രസിന്റെ ഭരണ തുടര്‍ച്ചാ സാധ്യതകളെയാണ് ബാധിക്കുക. പഞ്ചാബില്‍ സിദ്ദുവിനെ മുഖ്യമന്ത്രിയായി വാഴാന്‍ സമ്മതിക്കില്ലെന്ന സ്‌പോയിലര്‍ അലെര്‍ട്ട് വളരെ നേരത്തെ തന്നെ അമരീന്ദര്‍ നല്‍കിയിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ ഭരണസാധ്യതകളെ ഏതുവിധേനയും തകര്‍ക്കാന്‍ അദ്ദേഹം കച്ചകെട്ടുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ചുപോകാനുള്ള സാധ്യത വളരെയേറെയാണ്. അത്തരമൊരു സാഹചര്യം തീര്‍ച്ചയായും ഗുണകരമാകുന്നത് എഎപിക്കായിരിക്കും. സമരത്തില്‍ സജീവമായിരുന്ന കര്‍ഷക നേതാക്കളില്‍ നിന്നാരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ വന്നാല്‍, കഴിഞ്ഞതവണ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്ന എഎപി ഇക്കുറി ഭരണത്തിലേറിയാല്‍ അതിശയപ്പെടേണ്ടതുമില്ല. 

കര്‍ഷക സമരത്തെ പിന്തുണച്ചവരെന്ന രീതിയില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും കര്‍ഷകരുടെ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, അതിജീവന സമരം വിജയിച്ച കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. എഎപി തങ്ങളുടെ വോട്ടുകള്‍ ഉറപ്പാക്കുകയും, അമരീന്ദറിന്റെ പുതിയ പാര്‍ട്ടി കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങും.