EXCLUSIVE: ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വളരെ മുമ്പേ മുന്നറിയിപ്പ് നല്‍കി; കൊറോണയെ ചെറുക്കാന്‍ നടപടികളെടുക്കാതെ ഒരു മാസം അടയിരുന്ന് സര്‍ക്കാര്‍

 
EXCLUSIVE: ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വളരെ മുമ്പേ മുന്നറിയിപ്പ് നല്‍കി; കൊറോണയെ ചെറുക്കാന്‍ നടപടികളെടുക്കാതെ ഒരു മാസം അടയിരുന്ന് സര്‍ക്കാര്‍

ഈ അന്വേഷണ പരമ്പരയുടെ ആദ്യഭാഗം ഇവിടെ: EXCLUSIVE: ലോക്ഡൗണ്‍ കൊണ്ട് കൊറോണ പടരുന്നത് തടയാന്‍ കഴിയില്ല, താത്ക്കാലിക ആശ്വാസം മാത്രമെന്ന് സര്‍ക്കാരിനറിയാമായിരുന്നു; രേഖകള്‍ പുറത്ത്

ഭാഗം 2കോവിഡ്-19 എന്ന മഹാമാരിയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പില്‍ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം പാഴാക്കിക്കളയുകയും തങ്ങളുടെ ശാസ്ത്രജ്ഞര്‍ നല്‍കിയ ഉപദേശം അവഗണിക്കുകയും ചെയ്തത്? കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ പരിപൂര്‍ണ അഭാവത്തെ കുറിച്ച് മാര്‍ച്ച് അവസാനം തന്നെ സര്‍ക്കാരിന്റെ കോവിഡ്-19 ദൗത്യസേന ആഭ്യന്തരമായി തങ്ങള്‍ക്കുള്ള നിരാശ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ പകുതിയാകുന്നത് വരെ പരിശോധന, നിരീക്ഷണ പെരുമാറ്റച്ചട്ടം പിന്തുടരാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.ന്യൂഡല്‍ഹി: വരാന്‍ പോകുന്ന കോവിഡ്-19 മഹാമാരിക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കാനുള്ള രാജ്യത്തെ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ, കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിച്ചതായി അവതരണങ്ങളുടെ രേഖകളും ആഭ്യന്തര യോഗങ്ങളും അവലോകനം ചെയ്യുന്ന ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു."നിങ്ങള്‍ നടപടി എടുക്കുന്നിടത്തോളം കാലം എല്ലാം ഭംഗിയായിരിക്കും" എന്ന് കോവിഡ്-19ന്റെ പൊതുജനാരോഗ്യ വിദഗ്ധരുടെ ദൗത്യസേനയിലെ മറ്റ് അംഗങ്ങളോട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിസിന്‍ വിഭാഗം മേധാവി നവീത് വിഗ് 2020 മാര്‍ച്ച് 29-ന് പറഞ്ഞു. "ഈ ചര്‍ച്ചകള്‍ ദീര്‍ഘകാലമായി നടക്കുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇല്ല, ഇല്ല. നമ്മള്‍ സത്യം പറയേണ്ടിയിരിക്കുന്നു""തങ്ങളുടെ നഗരങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് മുംബെയിലെയും പൂനെയിലെയും ഡല്‍ഹിയിലെയും ബാംഗ്ലൂരിലെയും ജനങ്ങളോട് പരസ്യമായി പറയാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, പിന്നെ എങ്ങനെയാണ് 700 ജില്ലകളിലെ ജനങ്ങളോട് നിങ്ങള്‍ ഇത് പറയാന്‍ പോകുന്നത്?" എന്നാണ് ദൗത്യസേനയലെ മറ്റൊരു അംഗം യോഗത്തില്‍ ചോദിച്ചത്. 2020 മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം, സര്‍ക്കാരിന്റെ പൊതുജനാരോഗ്യത്തിന് വേണ്ടിയുള്ള ദൗത്യസേന, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ല്‍ യോഗം ചേര്‍ന്നു. യോഗത്തില്‍, കൊറോണ വൈറസ് എന്ന മഹാമാരിയെ അഭിസംബോധന ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്ന സര്‍ക്കാരിന്റെ ഉന്നത ശാസ്ത്ര ഏജന്‍സിയായ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ലെ എപ്പിഡമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന്‍ തലവന്‍ രാമന്‍ ഗംഗഘേദ്കറും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരും പങ്കെടുത്തിരുന്നു.യാതൊരു ആസൂത്രണവുമില്ലാതെ ഒരു അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചെങ്കിലും, കോവിഡ്-19ന് കാരണമാകുന്ന കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പരിശോധനാ ചട്ടങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ തയ്യാറെടുത്തിട്ടില്ലെന്ന് ആ യോഗത്തിന്റെ രേഖകള്‍ അവലോകനം ചെയ്‌താല്‍ വ്യക്തമാകും. പ്രകടമായ ആശയക്കുഴപ്പം അവിടെ നിലനിന്നു. നേരത്തെ ഉപദേശങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാവാത്തതില്‍ വിദഗ്ധര്‍ തങ്ങളുടെ നിരാശ രേഖപ്പെടുത്തി.അടച്ചുപൂട്ടല്‍ നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ ശുപാര്‍ശകള്‍ അവഗണിച്ചതായും രേഖകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള നിര്‍ബന്ധിത അടച്ചുപൂട്ടലിന് പകരം, "സാമൂഹ്യ, പൗര സമൂഹ നേതൃത്വത്തിലുള്ള സ്വയം മാറിത്താമസിക്കലും സ്വയം-നിരീക്ഷണവു (self-quarantine and self-monitoring)"മാണ് ഈ ശാസ്ത്രജ്ഞര്‍ 2020 ഫെബ്രുവരിയില്‍ തങ്ങള്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്തത്.ഇന്ത്യയില്‍ വലിയ രീതിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നും ഈ ഗവേഷണം മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധനകളും ക്വാറന്റൈന്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുക, ദേശവ്യാപക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ആരോഗ്യ ശുശ്രൂഷ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ സംഘടിപ്പിക്കുക എന്നിവയെല്ലാം ശാസ്ത്രജ്ഞരുടെ ശുപാര്‍ശയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഗവേഷണത്തില്‍ പങ്കെടുത്ത പല ശാസ്ത്രജ്ഞരെയും പിന്നീട് സര്‍ക്കാരിന്റെ കോവിഡ്-19 ദൗത്യസേനയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഈ ശാസ്ത്രജ്ഞരുടെ ഗവേഷണവും ഉപദേശങ്ങളും ഒരു മാസത്തിലേറെക്കാലം ഗൗനിക്കപ്പെടാതെ പോയി. ഒരു ശാസ്ത്രീയ തന്ത്രവും അവലംബിക്കാതെ, തയ്യാറെടുപ്പുകള്‍ നടത്താത്ത സര്‍ക്കാര്‍ വെറും നാല് മണിക്കൂര്‍ മുന്നറിയിപ്പില്‍ അടച്ചുപൂട്ടല്‍ (lockdown) പ്രഖ്യാപിക്കുകയും പാവപ്പെട്ടവരും ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ജീവനോപാധി, ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. ഈ പരമ്പരയുടെ ആദ്യ ഭാഗത്തില്‍ സൂചിപ്പിച്ചത് പോലെ, ഒരു ശാസ്ത്രീയ പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയം സംഭരിക്കുകയാണ് ലോക്ഡൗണിന്റെ ഏറ്റവും ഉചിതമായ വിനിയോഗമെന്ന് സര്‍ക്കാരിന്റെ ഉന്നത ആരോഗ്യ ഉപദേഷ്ടാവായ നീതി ആയോഗ് അംഗം വിനോദ് കെ. പോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൂട്ട മാറ്റിപ്പാര്‍പ്പിക്കല്‍, പാവപ്പെട്ടവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിക്കല്‍, രോഗം ബാധിച്ച ക്ലസ്റ്ററുകളെ കുറിച്ച് വേഗതയിലുള്ള വിവര കൈമാറ്റം, ഓരോ ജില്ലയിലുമുള്ള കോവിഡ്-19ന്റെ വ്യാപനം അളന്നുതിട്ടപ്പെടുത്തല്‍, രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തിലേക്കായി ആശുപത്രി കിടക്കകളും തീവ്രപരിചരണ സംവിധാനങ്ങളും ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിന് സര്‍ക്കാരിന് മറ്റൊരു ആഴ്ച കൂടി ആവശ്യമായി വരുമെന്നും പോള്‍ സൂചിപ്പിച്ചിരുന്നു. പോള്‍ അവതരിപ്പിച്ച പ്രവര്‍ത്തന പദ്ധതി പുതിയതായിരുന്നില്ലെന്നും ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ അന്തിമ രൂപം നല്‍കിയതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു അതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഓരാ രണ്ട് പേരില്‍ ഒരാളെ 48 മണിക്കൂറിനുള്ളില്‍ ക്വാറന്റൈന്‍ ചെയ്യുന്നത് മഹാമാരിയുടെ വ്യാപനത്തെ 62 ശതമാനം കണ്ട് കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കിയിരുന്നു. ഇന്ത്യ മഹാമാരിയുടെ മൂര്‍ദ്ധന്യാവസ്ഥ കൈകാര്യം ചെയ്യേണ്ടി വരികയാണെങ്കില്‍ ഇത് രോഗികളുടെ എണ്ണം കുറയ്ക്കുമെന്ന് അവര്‍ വാദിച്ചിരുന്നു.എന്നാല്‍ സ്വന്തം ശാസ്ത്രജ്ഞരുടെ ഉപദേശം ഭാഗികമായെങ്കിലും പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഒരു മാസത്തിലേറെ സമയം എടുത്തു.അഴിമുഖം വിശദമായ ചോദ്യങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിനും ഐസിഎംആറിനും അയച്ചു കൊടുക്കുകയും തുടര്‍ച്ചയായി പ്രതികരണം ആരായുകയും ചെയ്തു. അധികൃതര്‍ പ്രതികരിക്കുന്ന മുറയ്ക്ക് ഈ ലേഖനത്തില്‍ അവ കൂട്ടിച്ചേര്‍ക്കും. സംഭവങ്ങളുടെ പരമ്പര അനാവരണം ചെയ്യുന്നത് ഇങ്ങനെയാണ്ഫെബ്രുവരി: ഗവേഷണവും മുന്നറിയിപ്പുകളുംലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിനും ജനുവരി 30-ന് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുമ്പ് ജനുവരിയില്‍, ചില ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ മറ്റ് സംഘടനകളിലെ ചില സഹപ്രവര്‍ത്തകരുമായി സഹകരിച്ചുകൊണ്ട് കോവിഡ് മഹാമാരിയോടുള്ള സാധ്യമായ ഏതൊക്കെ വിധത്തില്‍ ഇന്ത്യക്ക് പ്രതികരിക്കാമെന്ന് വിശകലനം ചെയ്യാന്‍ ആരംഭിച്ചു. ഫെബ്രുവരി അവസാന വാരം അവര്‍ രണ്ട് പ്രബന്ധങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അദ്ധ്യക്ഷനായ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ ഒന്ന് ഒരു വിശകലനവും മറ്റൊന്ന് സ്വീകരിക്കേണ്ട മാതൃകകളെ സംബന്ധിച്ചുള്ളതും ആയിരുന്നു. രണ്ട് പ്രബന്ധങ്ങളും സര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതില്‍ ആദ്യത്തെ പ്രബന്ധമായ, '2019ലെ നോവെല്‍ കൊറോണ വൈറസ് രോഗ (കോവിഡ്-19) മഹാമാരി: നിലവിലുള്ള തെളിവുകളുടെ വിശകലനം,' ‌സര്‍ക്കാരിന്റെ ആരോഗ്യ ഗവേഷണ വകുപ്പിലെ പ്രണാബ് ചാറ്റര്‍ജി, അനൂപ് അഗര്‍വാള്‍, സ്വരൂപ് സര്‍ക്കാര്‍, മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ നാസിയ നാഗി; ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ബാബാതോഷ് ദാസ്; ഡബ്ല്യുഎച്ച്ഒയിലെ സായന്ദന്‍ ബാനര്‍ജി; ഐസിഎംആറിലെ നിവേദിത ഗുപ്ത, രാമന്‍ ആര്‍ ഗംഗഘേദ്കര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചതായിരുന്നു.ചൈനയിലെ പോലുള്ള നിര്‍ബന്ധിത അടച്ചുപൂട്ടല്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ആ പ്രബന്ധം ഇങ്ങനെ പറയുന്നു: "അധികൃതര്‍ നടപ്പിലാക്കുന്ന മുകളില്‍ നിന്നും താഴെ വരെയുള്ള ഒരു നിര്‍ബന്ധിത അടച്ചുപൂട്ടലിന് പകരം, സാമൂഹ്യ, പൗരസമൂഹ നേതൃത്വത്തിലുള്ള സ്വയം മാറിത്താമസിക്കലും സ്വയം-നിരീക്ഷണവുമായിരിക്കും കോവിഡ്-19 പോലെ ദീര്‍ഘിക്കുന്ന ഒരു മഹാമാരിയെ നേരിടുന്നതിന് ഉരുത്തിരിഞ്ഞ് വരാവുന്ന സുസ്ഥിരവും നടപ്പിലാക്കാവുന്നതുമായ ഒരു പരിഹാരം".

"ഇന്ത്യയില്‍ കൊറോണ വൈറസ് 2019 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള വിവേകപൂര്‍ണമായ പൊതുജനാരോഗ്യ ഇടപെടല്‍ തന്ത്രങ്ങള്‍: ഒരു ഗണിതശാസ്ത്ര മാതൃകാധിഷ്ഠിത സമീപനം', എന്ന രണ്ടാമത്തെ പ്രബന്ധം ആരോഗ്യ ഗവേഷണ വകുപ്പിലെ സന്ദീപ് മണ്ഡല്‍, അനൂപ് അഗര്‍വാള്‍, അമര്‍ത്യ ചൗധരി, സ്വരൂപ് സര്‍ക്കാര്‍; ഐസിഎംആറിലെ തരുണ്‍ ഭട്ട്‌നാഗര്‍, മനോജ് മുര്‍ഹെക്കര്‍, രാമന്‍ ആര്‍ ഗംഗഘേദ്ക്കര്‍; ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ നിമാലന്‍ അരിണാമിന്‍പതി എന്നിവര്‍ ചേര്‍ന്ന് രചിച്ചതാണ്.

ഇന്ത്യയിലെ നാല് വന്‍ നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ രോഗവ്യാപന സാധ്യത രേഖപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ പ്രബന്ധം. ഒരു മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഇല്ലാത്ത പക്ഷം, കോവിഡ്-19 രോഗലക്ഷണം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ഡല്‍ഹിയില്‍ 1.5 ദശലക്ഷം ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് പ്രബന്ധത്തിന്റെ, 'ഏറ്റവും ശുഭാപ്തി വിശ്വാസം നിറഞ്ഞ സാഹചര്യം,' പ്രവചിക്കുന്നു. കോവിഡ്-19 രോഗം സ്ഥിരീകരിച്ച ഓരോ രണ്ടു പേരിലും ഒരാളെ രോഗലക്ഷണങ്ങള്‍ വികസിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ക്വാറന്റൈന്‍ ചെയ്യുകയാണെങ്കില്‍, 'സഞ്ചിത സംഭവങ്ങള്‍' (cumulative incidents) 62 ശതമാനത്തിലേക്ക് താഴുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ രണ്ട് പ്രബന്ധങ്ങളിലോ അല്ലെങ്കില്‍ ഒന്നിലെങ്കിലുമോ സഹകരിച്ച ഐസിഎംആര്‍ ശാസ്ത്രജ്ഞരായ സര്‍ക്കാര്‍, ഗംഗഘേദ്ക്കര്‍, ഗുപ്ത, മുര്‍ഹേക്കര്‍, ഭട്ട്‌നാഗര്‍ എന്നിവര്‍ കോവിഡ്-19 നുള്ള 21 അംഗ ദേശീയ ദൗത്യസേനയുടെ ഭാഗമാണ്. ഇതില്‍ സര്‍ക്കാര്‍ ഐസിഎംആര്‍ അദ്ധ്യക്ഷനും ഗംഗഘേദ്കര്‍ ദേശീയ ദൗത്യസേനയുടെ മെമ്പര്‍ സെക്രട്ടറിയും സര്‍ക്കാരിന്റെ മുതിര്‍ന്ന ശാസ്ത്ര ഉപദേശകരില്‍ ഒരാളുമാണ്. മഹാമാരിയുടെ പുരോഗതി അറിയിക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദൈനംദിന മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്യുന്നു.

ദേശീയതലത്തിലുള്ള അടച്ചുപൂട്ടല്‍ ക്വാറന്റൈനോ സാമൂഹ്യ അകലം പാലിക്കലിനോ തത്തുല്യമല്ലെന്ന് പഠനങ്ങളുടെ രചയിതാക്കളില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ അഴിമുഖത്തോട് പറഞ്ഞു. "ഇന്ത്യ പോലെയൊരു രാജ്യത്ത് സാന്ദ്രത കുറഞ്ഞ, വിശാല സ്ഥലികളില്‍ ജീവിക്കുന്ന സമ്പന്നര്‍ക്ക് മാത്രമേ ഇത്തരം ലോക്ക് ഡൗണുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കൂ" എന്ന് അദ്ദേഹം പറയുന്നു. "അവരെ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഒരളവ് വരെ ഇതിന് സാധിക്കും.""പക്ഷെ, ദരിദ്രരെ സംബന്ധിച്ചിടത്തോളം, വീടുവീടാന്തര പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുകയും രോഗബാധിതരാണെന്ന് സ്ഥിരീകരിക്കുന്നവരെ പെട്ടെന്ന് ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തില്ലെങ്കില്‍ സമൂഹത്തിനകത്തേക്ക് വൈറസ് വ്യാപിക്കാന്‍ മാത്രമേ ഇത്തരം അടച്ചുപൂട്ടലുകള്‍ സഹായിക്കൂ" എന്ന് ആ ശാസ്ത്രജ്ഞന്‍ പറയുന്നു. 'ജനനിബിഢമായ നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന ദരിദ്രര്‍ വളരെ ചുരുങ്ങിയ ഭൗതീക ഇടങ്ങള്‍ പങ്കുവെക്കുന്നവരും പൊതു ശൗചാലയങ്ങള്‍ പോലെയുള്ള പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുമാണ്. ഇത്തരം ഇടങ്ങള്‍ ആഴ്ചകളോളം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കോവിഡ്-19 രോഗികളെ അടച്ചുപൂട്ടല്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഒരു കോവിഡ്-19 രോഗി ആയിരക്കണക്കിന് ആളുമായി, അല്ലെങ്കില്‍ പോകട്ടെ നൂറുകണക്കിനാളുകളുമായി ഒരു സാമൂഹ്യ ശൗചാലയം പങ്കുവെക്കുന്നതും വൈറസ് വ്യാപിപ്പിക്കുന്നതും നിര്‍ബന്ധിത അടച്ചുപൂട്ടല്‍ അയാളെ അധികാരികളുടെ അടുത്ത് എത്തിക്കുന്നത് തടയുക മാത്രം ചെയ്യുന്ന ഒരു സാഹചര്യം ഒന്ന് സങ്കല്‍പിച്ച് നോക്കൂ"ഫെബ്രുവരിയില്‍ നടത്തിയ ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാര്‍ച്ച്: ദൗത്യസേനയും അടച്ചുപൂട്ടലുംമാര്‍ച്ച് 18ന്, നീതി ആയോഗ് അംഗം പോള്‍ അധ്യക്ഷനായി, ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അടങ്ങുന്ന 21 അംഗ കോവിഡ്-19 ദൗത്യസേനയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ദൗത്യസേന അതിന്റെ പര്യാലോചനകള്‍ നടത്തുന്നതിനിടയില്‍ മാര്‍ച്ച് 24ന് പ്രധാനമന്ത്രി 21 ദിവസത്തെ ദേശീയ അടച്ചുപൂട്ടലിന് ഉത്തരവിട്ടു. നാല് ദിവസത്തിന് ശേഷം ദൗത്യസേന വീണ്ടും യോഗം ചേര്‍ന്നു. അപ്പോഴാണ്, കോവിഡ്-19 നിയന്ത്രിക്കുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള നടപടിയുടെ അഭാവത്തിലുള്ള തന്റെ അസംതൃപ്തി എയിംസ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. നവീത് വിഗ് പ്രകടിപ്പിച്ചത്. "ഈ മഹാമാരിയോടുള്ള ദൗത്യസേനയുടെ പ്രതികരണം എന്തായിരുന്നു എന്നതാണ് ഞാന്‍ ചോദിക്കുന്നത്" അദ്ദേഹം പറഞ്ഞു; 'എനിക്കറിയില്ല... എന്താണ് നമ്മള്‍ സംഭാവന ചെയ്തത്? ഈ ദൗത്യസേന എന്താണ് സംഭാവന ചെയ്തത്? നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഞങ്ങളോട് പറയൂ, എന്താണ് ദൗത്യസേന സംഭാവന ചെയ്തത്?"ഐസിഎംആറിന്റെ എപ്പിഡമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് തലവനും ദൗത്യസേനയുടെ മെമ്പര്‍ സെക്രട്ടറിയുമായ ഗംഗഘേദ്ക്കര്‍ ഇങ്ങനെ പ്രതികരിച്ചു: "അതൊരു നല്ല ചോദ്യമാണ്. എന്നാല്‍ അതെന്നോട് ചോദിക്കരുത്. ഞാനല്ല ഇതിന്റെ അധ്യക്ഷന്‍". (നീതി ആയോഗ് അംഗം പോളാണ് ദൗത്യസേനയുടെ തലവന്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഭാര്‍ഗവയും സഹാധ്യക്ഷന്മാരുമാണ്. എന്നാല്‍ ആ യോഗത്തില്‍ ഇവരാരും സന്നിഹിതരായിരുന്നില്ല). ഞാന്‍ പോലും ഈ ചോദ്യം ഉന്നയിക്കുമായിരുന്നു"യോഗത്തില്‍ പങ്കെടുത്ത ഒരു പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഇങ്ങനെ പറഞ്ഞത് ഇങ്ങനെയാണ്: "അടച്ചുപൂട്ടല്‍ മൂലം ജനങ്ങള്‍ ആശുപത്രികളിലേക്ക് വരുന്നില്ല എന്നതാണ് ഇപ്പോഴുള്ള പ്രശ്‌നം. കടുത്ത ശ്വാസോച്ഛാസ രോഗ (SARI) നിരീക്ഷണങ്ങളെല്ലാം നമ്മള്‍ നടത്തുന്നുണ്ട്. അതെല്ലാം നമ്മള്‍ ചെയ്യുമ്പോള്‍ തന്നെയും പരിമിതമായ തോതില്‍ മാത്രമേ ജനങ്ങള്‍ ആശുപത്രികളിലേക്ക് എത്തുന്നുള്ളൂ. അതുകൊണ്ടു തന്നെ നിങ്ങള്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ചെല്ലേണ്ടിയിരിക്കുന്നു. അതെങ്ങനെ നിര്‍വഹിക്കും എന്നത്, അതായത് സംയോജിത രോഗ നിരീക്ഷണ പരിപാടി ([Integrated Disease Surveillance Programme -ഐഡിഎസ്പി) അത് നിര്‍വഹിക്കുമോ അതോ ജില്ലാ ഭരണകൂടങ്ങള്‍ അത് നിര്‍വഹിക്കുമോ എന്നാണ് വ്യക്തമാകേണ്ടത്."മാര്‍ച്ച് അവസാനം വരെ കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിന് ആവശ്യമായ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും നിരീക്ഷണത്തെ സഹായിക്കുന്നതിന് പകരം, ലോക്ക്ഡൗണ്‍ അതിനെ തടസപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ഈ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. എങ്ങനെയാണ് നിരീക്ഷണം വ്യാപിപ്പിക്കേണ്ടതെന്നതിനെ കുറിച്ച് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല.യോഗത്തില്‍ പങ്കെടുത്ത മറ്റ് വിദഗ്ധര്‍ ഇതിനോട് യോജിക്കുകയും അടച്ചുപൂട്ടല്‍ മൂലം പനിയും ജലദോഷവും പോലെയുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആശുപത്രികളിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ രോഗനിര്‍ണയം ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പേര് വെളിപ്പെടുത്തരുത് എന്ന നിഷ്‌കര്‍ഷയോടെ ഐസിഎംആറിലെ ഒരു മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ധന്‍ അഴിമുഖത്തോട് ഇങ്ങനെ പറഞ്ഞു: "എന്തായിരിക്കണം പരിശോധനാ തന്ത്രം എന്നതിനെ കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നിട്ടില്ല. 'വരും ദിവസങ്ങളില്‍' ഐസിഎംആറില്‍ നടക്കുന്ന യോഗങ്ങളിലൂടെയായിരിക്കും രാജ്യത്താകമാനമുള്ള ശാസ്ത്രീയ പരിശോധന തന്ത്രം തീരുമാനിക്കുക" എന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘമായ ചര്‍ച്ചകളെ തുടര്‍ന്ന് രോഗ 'അവസ്ഥാ നിര്‍വചനം' (case definition) സാധ്യമാക്കിയിട്ടുണ്ട്. സാമൂഹ്യ നിരീക്ഷണത്തിന് മുന്നോടിയായി ഒരു രോഗത്തെ നിര്‍വചിക്കുന്നതിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്ന ഏകീകൃത മാനദണ്ഡങ്ങളുടെ ഒരു പട്ടികയാണിത്. വീടുവീടാന്തരം കയറിയിറങ്ങുകയും ലോക്ക്ഡൗണ്‍ സമയത്ത് രോഗലക്ഷണങ്ങള്‍ ഉളളവര്‍ ആശുപത്രികളിലേക്ക് വരുന്നതിനായി കാത്തിരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുക്കേണ്ട ഈ നിരീക്ഷണം ആര് നിര്‍വഹിക്കണമെന്നതില്‍ കൂടി കേന്ദ്രീകരിച്ചായിരുന്നു ഈ ചര്‍ച്ചകള്‍.ആ യോഗത്തില്‍ ഒരു കമ്മിറ്റി അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: "ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജനങ്ങള്‍ ആരോഗ്യ സംവിധാനങ്ങളെ സമീപിക്കുന്നില്ല എന്ന് മാത്രമേ നമ്മള്‍ പറയുന്നുള്ളു. മറിച്ച്, മന്ത്രാലയം എന്താണ് ആസൂത്രണം ചെയ്യുന്നതെന്നും നടപ്പിലാക്കുന്നതെന്നതും നമ്മള്‍ കണക്കിലെടുക്കണം. ആപ്പ് അടിസ്ഥാനത്തിലുള്ള സ്വയം റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ പല സംസ്ഥാനങ്ങളും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്".ഇതുവരെ പരിശോധന മാര്‍ഗ്ഗരേഖകള്‍ക്ക് അന്തിമരൂപമായിട്ടില്ലെന്നും ഈ പ്രശ്‌നം താന്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറലുമായും മറ്റ് ഗവേഷകരുമായും ചര്‍ച്ച ചെയ്യുമെന്നും ഗംഗഘേദ്ക്കര്‍ യോഗത്തില്‍ പറഞ്ഞു. ഏപ്രില്‍: ഫെബ്രുവരിയിലെ ഗവേഷണ ഫലം പോള്‍ വിശകലനം ചെയ്യുന്നുഏപ്രില്‍ ആദ്യ വാരത്തില്‍, ഐസിഎംആറിന്റെ ഗംഗഘേദ്ക്കര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ നേരത്തെ സൂചിപ്പിച്ച രണ്ട് ഗവേഷണ പ്രബന്ധങ്ങളിലൂടെ നടത്തിയ ശുപാര്‍ശകളെ പരാമര്‍ശിച്ചുകൊണ്ട്, 'തുടര്‍ച്ചയായ ചികിത്സ,' എന്ന് അദ്ദേഹം വിശേഷിപ്പിച്ച പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് നീതി ആയോഗ് അംഗം പോള്‍ നിര്‍ദ്ദേശിച്ചു. ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്തത് പോലെ സാമൂഹ്യാധിഷ്ഠിത നിരീക്ഷണവും പരിശോധനയും ശുപാര്‍ശ ചെയ്ത പോള്‍, അടച്ചുപൂട്ടലിന് ഉപരിയായി ഇന്ത്യയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ അടിയന്തിരമായി ക്വാറന്റൈന്‍ ചെയ്യണമെന്നും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് പോള്‍ പറഞ്ഞില്ല. അതിന്റെ പോരായ്മകള്‍ ഐസിഎംആറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ദേശീയതലത്തില്‍ വീടുവീടാന്തരം കയറിയുള്ള നിരീക്ഷണത്തിന് സമയവും പദ്ധതിയും രൂപീകരിക്കുന്നതിന് ലോക്ക്ഡൗണ്‍ കാലാവധി ഉപയോഗിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.ഇത്തരത്തില്‍ നിരീക്ഷിണവും പരിശോധനയും ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി രോഗലക്ഷണങ്ങള്‍ ഉള്ളവരെ സര്‍ക്കാര്‍ അധീനതയിലുള്ള ക്വാറന്റൈന്‍ സംവിധാനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്; ശേഷിയുള്ളവര്‍ക്ക് സ്വയം ക്വാറന്റൈന്‍ ചെയ്യാനും സാധിക്കും. ഏപ്രില്‍ ആറിന്, മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതിനും നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠനം നടത്തുന്നതിനുമായി ഗവേഷണ സംഘങ്ങള്‍ക്ക് ദൗത്യസേന രൂപം നല്‍കി. വീടുവീടാന്തരമുള്ള നിരീക്ഷണം ഏര്‍പ്പെടുത്തുകയും, ലോകത്തിലെ തന്നെ ഏറ്റവും ഏറ്റവും താഴ്ന്ന നിരക്കിലുള്ള പരിശോധന, ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കുന്നതിനും യാതൊരു തയ്യാറെടുപ്പും നടത്താതെ തന്നെ, സര്‍ക്കാര്‍ ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.(അവസാനിച്ചു)