ഭരണത്തിലേറിയിട്ട് ആറുമാസം; എം.കെ സ്റ്റാലിന്‍ ജനപ്രിയനാകുന്നത് എങ്ങനെ? 

 
MK Stalin
വേറിട്ട വഴിയിലൂടെയാണ് സ്റ്റാലിനെന്ന ഭരണാധിപന്റെ സഞ്ചാരം

'പ്രവൃത്തിയിലെ സത്യസന്ധതയാണ് നീതി. ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടും മികച്ച രീതിയില്‍ അവ പരിഹരിച്ചും താങ്കള്‍ അത് തെളിയിച്ചിരിക്കുന്നു. എത്രയും വേഗത്തില്‍ അവ നടപ്പാക്കുന്നതിലൂടെ നേതൃത്വമെന്നാല്‍ ഒരു പ്രവൃത്തിയാണ് അല്ലാതെ പദവിയല്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിങ്ങള്‍ കൊണ്ടുവരുന്ന നല്ല മാറ്റങ്ങള്‍ ഒരു പൗരനെന്ന നിലയില്‍ ഞാനും അഗരവും കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പട്ടയങ്ങള്‍. ജാതി സര്‍ട്ടിഫിക്കറ്റുകള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ സബ്സിഡികള്‍ എന്നിവ ഇരുളര്‍, കുറവര്‍ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്. നിങ്ങളുടെ പ്രവൃത്തികള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നു. ഡോ അംബേദ്ക്കറിന്റെ വാക്കുകളില്‍ നാം ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും. അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ യാഥാര്‍ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും അതിവേഗ നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു, ഒരു പൗരന്‍ എന്ന നിലയില്‍ മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയില്‍ കൂടി. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി' 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെക്കുറിച്ച് ചലച്ചിത്രതാരം ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണിത്. ഇരുളരുടെ ജീവിതവ്യഥകള്‍ പറയുന്ന 'ജയ് ഭീം' പുറത്തിറങ്ങിയതിനു പിന്നാലെ, നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കുകയും അംഗനവാടിയും പഞ്ചായത്ത് സ്‌കൂളും നിര്‍മ്മിക്കാനുമുള്ള മുഖ്യമന്ത്രിയുടെ നടപടിയെയാണ് ജ്യോതിക അഭിനന്ദിച്ചത്. സ്റ്റാലിന്‍ നല്‍കിയത് വെറും പട്ടയം മാത്രമല്ല, അതൊരു പ്രതീക്ഷയാണെന്നായിരുന്നു 'ജയ് ഭീ'മിലെ കേന്ദ്ര കഥാപാത്രം കൂടിയായ നടന്‍ സൂര്യയുടെ പ്രതികരണം. കാലങ്ങളായി ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചു. ആദിവാസി ജനതയുടെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സിനിമ ഉണ്ടാക്കിയ മികച്ച പ്രതികരണമായി സ്റ്റാലിന്റെ ഇടപെടലിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതിനപ്പുറം, സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിയുടെ ഭരണ മികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മികച്ച ഉദാഹരണമായി അത് മാറി. ഡിഎംകെ ഭരണം ആറു മാസം പിന്നിടുമ്പോള്‍, വേറിട്ട വഴിയിലൂടെയാണ് സ്റ്റാലിനെന്ന ഭരണാധിപന്റെ സഞ്ചാരം. രാഷ്ട്രീയ ഗുരുവും പിതാവുമായ എം കരുണാനിധിയോളം വാക്ചാതുര്യമോ പ്രസംഗ പാടവമോ ഇല്ലെങ്കിലും ജനപക്ഷത്തുനിന്നുള്ള പ്രവൃത്തികളിലൂടെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അംഗീകാരം നേടിയെടുക്കാന്‍ സ്റ്റാലിന് കഴിഞ്ഞിരിക്കുന്നു. 

സ്റ്റാലിന്‍ സര്‍ക്കാരിന്റെ ആറുമാസം
234 സീറ്റില്‍ 159 സീറ്റിന്റെ ഭൂരിപക്ഷവുമായി, 2021 മെയ് ഏഴിനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണം മുതല്‍ സാമുഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പളനിവേല്‍ ത്യാഗരാജനെന്ന ധനകാര്യ വിദഗ്ധനെ ധനമന്ത്രിയാക്കിക്കൊണ്ടായിരുന്നു ആ ലക്ഷ്യത്തിലേക്ക് സ്റ്റാലിന്‍ ചുവടുവെച്ചത്. ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക ഉപദേശക സമിതിയും രൂപീകരിച്ചു. കോവിഡായിരുന്നു സ്റ്റാലിന്‍ സര്‍ക്കാര്‍ നേരിട്ട ആദ്യ വെല്ലുവിളി. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാന്‍ 13 അംഗ സമിതി രൂപീകരിച്ചു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ സ്റ്റാലിനൊപ്പം സമിതിയില്‍ അംഗങ്ങളായി. വാക്‌സിനും ചികിത്സയും സൗജന്യമാക്കിയും റേഷനൊപ്പം കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ വീതവും വിതരണം ചെയ്തായിരുന്നു തുടക്കം. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍ക്ക് 30,000 രൂപ വീതവും നഴ്സുമാര്‍ക്ക് 24,000 രൂപ വീതവും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപ വീതവും അധികമായി നല്‍കി. മാധ്യമപ്രവര്‍ത്തകരെയും മുന്നണിപ്പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. സ്ത്രീകള്‍, അംഗപരിമിതര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്ക് സൗജന്യ ബസ് യാത്ര, പ്രൊഫഷണല്‍ കോഴ്സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 7.5 ശതമാനം സംവരണം, കേന്ദ്ര സര്‍ക്കാര്‍ നികുതി കുറയ്ക്കുംമുമ്പേ പെട്രോള്‍ വില മൂന്ന് രൂപ കുറച്ചു, സ്‌കൂള്‍ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കല്‍, ബ്രാഹ്‌മണേതര പൂജാരികളുടെ നിയമനം, ക്ഷേത്രത്തില്‍ ഓതുവരായി വനിതയുടെ നിയമനം എന്നിങ്ങനെ നീളുന്നു സ്റ്റാലിന്‍ സര്‍ക്കാരിന്റെ 'പ്രോഗ്രസ് കാര്‍ഡ്'. 

മാറുന്ന രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍ 
ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍കൊണ്ട് മാത്രമല്ല, രാഷ്ട്രീയത്തില്‍ കണ്ടുശീലിച്ച ചില കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കൂടിയാണ് സ്റ്റാലിന്‍ കൂടുതല്‍ ജനകീയനാകുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ബാഗുകള്‍ വിതരണം ചെയ്യുന്ന പതിവുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവുമൊക്കെ ബാഗില്‍ ചേര്‍ക്കുകയും ചെയ്യും. സ്റ്റാലിന്‍ അധികാരത്തിലെത്തിയപ്പോഴും അതിന് മുടക്കമുണ്ടായില്ല. എന്നാല്‍, വിതരണം ചെയ്തത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിതരണത്തിനായി പ്രത്യേകം തയ്യാറാക്കിവെച്ച 65 ലക്ഷം ബാഗുകളായിരുന്നു. അതിലുണ്ടായിരുന്നത് ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്റെയോ, കരുണാനിധിയുടെയോ സ്റ്റാലിന്റെയോ ചിത്രമായിരുന്നില്ല. എഐഎഡിഎംകെ നേതാവ്, അന്തരിച്ച ജെ ജയലളിതയുടെയും മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെയും ചിത്രങ്ങളായിരുന്നു. ആ ബാഗുകള്‍ വിതരണം ചെയ്യുന്നതിനോട് ഡിഎംകെ എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. സ്റ്റാലിന്റെ ചിത്രം പതിപ്പിച്ച പുതിയ ബാഗുകള്‍ വിതരണം ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, 18 കോടിയുടെ ചെലവ് ഖജനാവിന് വരുത്തിവെക്കേണ്ടെന്ന് സ്റ്റാലിന്‍ തീരുമാനമെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരും അതിന്റെ നേതാക്കളും ജനപ്രീതി വര്‍ധിപ്പിക്കാന്‍ പരിധിയില്ലാതെ പൊതുപണം ഉപയോഗപ്പെടുത്തുന്ന നാട്ടില്‍, അത്തരമൊരു 'സവിശേഷ അവകാശം' തന്റെ സര്‍ക്കാരിന് ആവശ്യമില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. ജയലളിതയുടെയും പളനിസ്വാമിയുടെയും ചിത്രങ്ങള്‍ പതിഞ്ഞ ബാഗിലൂടെ സ്റ്റാലിന്‍ ജനങ്ങളുടെ ഹൃദയത്തിലാണ് പതിഞ്ഞത്. 

പൊതുജനമധ്യത്തിലും നിയമസഭയിലും തങ്ങളുടെ നേതാക്കളെ പുകഴ്ത്തി സംസാരിക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയതല്ല. അത്തരം വ്യക്തി ആരാധനകളില്‍ നിന്നാണ് ജയലളിത തമിഴ്‌നാടിന്റെ അമ്മയും കരുണാനിധി കലൈജ്ഞറും ആയത്. അത്തരം വാഴ്ത്തലുകളെ ഇവരാരും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നതുപോലെ എതിര്‍ത്തിട്ടുമില്ല. സ്റ്റാലിന്‍ പക്ഷേ, എതിര്‍ക്കുക മാത്രമല്ല, അങ്ങനെ ചെയ്താല്‍ നടപടി എടുക്കുമെന്നുവരെ പ്രഖ്യാപിച്ചു. നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എ തന്നെ പുകഴ്ത്തി പറഞ്ഞതിനു പിന്നാലെയായിരുന്ന സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്. അംഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കുന്ന സമയം വിവേകത്തോടെ ഉപയോഗിക്കണം. തന്നെ പുകഴ്ത്താന്‍ സമയം പാഴാക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംകെ അംഗങ്ങളോട് നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്. അത് മറക്കരുതെന്നുമായിരുന്നു സ്റ്റാലിന്റെ മറുപടി. പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലും ഗതാഗത കുരുക്ക് ഉണ്ടാകുന്ന വിധത്തിലും അകമ്പടി വാഹനങ്ങള്‍ ആവശ്യമില്ലെന്നും സ്റ്റാലിന്‍ തീരുമാനമെടുത്തിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. വാഹനവ്യൂഹം കടന്നുപോകാനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങള്‍ ആവശ്യവുമില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. നടു റോഡില്‍ പൊലീസിന്റെ അമിതാധികാര പ്രയോഗം വേണ്ടെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി തികച്ചും അപ്രതീക്ഷിതമായി സ്റ്റേഷനിലെത്തി, പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും പരാതികള്‍ അറിയാനും ബസില്‍ യാത്ര ചെയ്യാനും അദ്ദേഹം അവസരവും സമയവും കണ്ടെത്തി. 

ജാതിവ്യവസ്ഥ തുടരുന്നവര്‍ക്കുള്ള താക്കീത് 
ആദിവര്‍ഗ നരിക്കുറവ വിഭാഗത്തില്‍പെട്ടയാളാണ് അശ്വിനി. മകനുമൊത്ത് മാമല്ലപുരത്തെ ക്ഷേത്രത്തില്‍ അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ക്ഷേത്ര ഭാരവാഹികള്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം ബാക്കിവന്നാല്‍, അത് പുറത്തുകൊണ്ടുവന്ന് തരാമെന്നായിരുന്നു അവരുടെ വാക്കുകള്‍. സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ക്ഷേത്രങ്ങളിലൂടെ നല്‍കിവരുന്ന സൗജന്യ അന്നദാനം പദ്ധതിയില്‍നിന്നാണ് അശ്വിനിക്ക് ഇറങ്ങിപ്പോകേണ്ടിവന്നത്. ജാതിയുടെ പേര് പറഞ്ഞ് നേരിട്ട അവഹേളനത്തെക്കുറിച്ച് അശ്വിനി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ സമുദായത്തിന് എന്തുകൊണ്ട് ഭക്ഷണം നിരസിച്ചു എന്നതായിരുന്നു അശ്വിനി ഉയര്‍ത്തിയ ചോദ്യം. മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബുവും ദേവസ്വം കമ്മീഷണറും നേരിട്ടെത്തി അശ്വനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. ഇരുവര്‍ക്കുമൊപ്പം അശ്വനിക്കും മകനും ക്ഷേത്ര ഭാരവാഹികള്‍ ഭക്ഷണം വിളമ്പി നല്‍കേണ്ടിവന്നു. പിന്നാലെ, സ്റ്റാലിന്‍ അശ്വിനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇനി ഇത്തരമൊരു അനുഭവം ആര്‍ക്കുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റാലിന്‍ അശ്വിനിയെ അറിയിക്കുകയും ചെയ്തു. 

തമിഴ്‌നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയോടും അതിനെ പിന്‍പറ്റുന്നവര്‍ക്കുമുള്ള താക്കീത് കൂടിയായിരുന്നു സ്റ്റാലിന്റെ ഇടപെടലുകള്‍. തെറ്റ് ചെയ്തവന്‍ എത്ര ഉന്നതനോ, ഉയര്‍ന്ന ജാതിയില്‍പ്പെട്ടവനോ, സ്വന്തം പാര്‍ട്ടിക്കാരനോ ആണെങ്കില്‍പോലും സംരക്ഷിക്കില്ലെന്ന സന്ദേശം കൂടിയാണ് അത് മുന്നോട്ടുവെക്കുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കടലൂരിലെ ഡിഎംകെ എംപി ടി.ആര്‍.വി.എസ് രമേഷ് ജയിലിലാണ്. പാര്‍ട്ടിയുടെയോ പദവിയുടെയോ പ്രത്യേക പരിഗണനയൊന്നും രമേഷിന് കൊടുക്കേണ്ടെന്ന കര്‍ശ നിര്‍ദേശവും സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്. ഉന്നത ജാതിക്കാരും അധികാരികളും ചേര്‍ന്ന് ചവിട്ടിമെതിക്കുന്ന ദലിത് ജീവിതങ്ങള്‍ക്ക് പുതിയൊരു പ്രതീക്ഷ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍. 

ജനങ്ങള്‍ക്കൊപ്പം
പ്രഭാത സവാരിക്കിടെ സ്റ്റാലിന്‍ വഴിയരികില്‍നിന്ന് ഏതാനും സ്ത്രീകളോട് സംസാരിക്കുന്നതിന്റെയും, നടുറോഡില്‍വെച്ച് തന്റെ കാറിന് കൈകാണിച്ച ആളില്‍നിന്ന് പരാതി സ്വീകരിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്തോറും തങ്ങളുടെ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന പാഠം സ്റ്റാലിന്‍ വളരെ നേരത്തെ മനസിലാക്കിയിട്ടുണ്ട്. കരുണാനിധിയുടെ നാളുകളില്‍ നിഴലായി കൂടെനടന്ന സ്റ്റാലിന്‍ പാര്‍ട്ടിക്കായി നടത്തിയിരുന്നതും അത്തരം പ്രവര്‍ത്തനങ്ങളാണ്. അധികാരമോ പദവിയോ ഇല്ലാതിരുന്ന നാളുകളില്‍, തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് ആളുകളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചിരുന്ന സ്റ്റാലിന്‍ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും അതിന് മാറ്റമൊന്നുമില്ല. ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്‌നങ്ങളില്‍ താന്‍ ഉണ്ടാകുമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ സ്റ്റാലിന്‍ മുന്നോട്ടുവെക്കുന്നത്. ഈ ചെറിയ കാലയളവിനിടെ അത്തരം ഒട്ടനവധി സംഭവങ്ങള്‍ പൊതുസമൂഹം കണ്ടുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ ചെന്നൈയെ വെള്ളക്കെട്ടിലാക്കിയ പ്രളയത്തിലും അത് ദൃശ്യമായി. ഹെലികോപ്ടറിലോ സുരക്ഷിതമായ റോഡ് മാര്‍ഗങ്ങളിലോ സഞ്ചരിച്ച്, വെള്ളപ്പൊക്ക കെടുതികള്‍ ദൂരെനിന്ന് കണ്ട് വിലയിരുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പതിവുകളായിരുന്നില്ല അവിടെ കണ്ടത്. റെയിന്‍കോട്ട് ധരിച്ച് മുട്ടോളമെത്തുന്ന വെള്ളത്തില്‍ നടന്നാണ് സ്റ്റാലിന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. മെഡിക്കല്‍ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ക്യാംപുകളും സന്ദര്‍ശിച്ചു. അവശ്യവസ്തുക്കള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ നടപടിയെടുത്തു. ദുരിതാശ്വാസ ക്യാംപുകളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുനോക്കി നല്ലതാണെന്നു ഉറപ്പാക്കിയ ശേഷമാണ് അവ വിതരണം ചെയ്യാന്‍ സ്റ്റാലിന്‍ അനുമതി നല്‍കിയത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ആഹാരം ലഭ്യമാക്കാന്‍ മുന്‍ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച അമ്മ ഉണവകങ്ങളില്‍നിന്ന് മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ജനാധിപത്യത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള കരുത്തുറ്റ എതിര്‍ശബ്ദമെന്ന നിലയിലാണ് മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ സ്റ്റാലിനെ മറ്റു സംസ്ഥാനങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഏകാധിപത്യ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബഹുസ്വരതയ്ക്കും കൂട്ടായ തീരുമാനങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ദേശീയ തലത്തില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അദ്ദേഹം പിന്തുണയ്ക്കുന്നത്. കേരളം ഉള്‍പ്പെടെ സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി ചേര്‍ന്നുനില്‍ക്കാനും അദ്ദേഹം തയ്യാറാകുന്നു. ജാതിയും മതവും വര്‍ഗവും പറഞ്ഞ് വേര്‍തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരോട് സന്ധി ചെയ്യില്ലെന്നതാണ് നയം. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തമിഴ്‌നാട്ടില്‍ തന്നെ നടപ്പാക്കിക്കൊണ്ടാണ് സ്റ്റാലിന്‍ മറ്റു സംസ്ഥാനങ്ങളുടെ കൂടി ശ്രദ്ധയെ വീണ്ടും ആകര്‍ഷിക്കുന്നത്. സംസ്ഥാനത്തിന്റെയും ജനതയുടെയും താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. അതിപ്പോള്‍, ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കലര്‍ന്ന ദേശീയ വിദ്യാഭ്യാസ നയമായാലും മുല്ലപ്പെരിയാറിന്റെ കാര്യമാണെങ്കിലും അങ്ങനെ തന്നെയാണ്. പൊതുസമൂഹത്തിനൊപ്പം നില്‍ക്കുന്ന ഇത്തരം ഇടപെടലുകളിലൂടെയാണ് സ്റ്റാലിന്‍ കൂടുതല്‍ ജനകീയനാകുന്നത്. അതേസമയം, ഇതെല്ലാം അദ്ദേഹത്തിന്റെ പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന ആക്ഷേപവും കേള്‍ക്കുന്നുണ്ട്. കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതാണ് സ്റ്റാലിന്റെ പിആര്‍ വര്‍ക്ക് എങ്കില്‍, അത് എല്ലാ രാഷ്ട്രീയ നേതൃത്വത്തിനും പിന്‍പറ്റാവുന്ന പുതിയൊരു കീഴ്‌വഴക്കം തന്നെയാണെന്ന് പറയേണ്ടിവരും.