അനാരോഗ്യം; കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

 
Narayana Rane

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ 'കരണത്തടി' പരാമര്‍ശത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കിയെങ്കിലും റാണെയുടെ അനാരോഗ്യം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. 

മന്ത്രി റാണെക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ തെറ്റാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിനായി റിമാന്‍ഡ് ചെയ്യാന്‍ പറയുന്ന കാരണങ്ങള്‍ ന്യായമല്ല. അറസ്റ്റിനുമുമ്പ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രമന്ത്രിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, റാണയെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. 

റായ്ഗഢില്‍ 'ജന ആശീര്‍വാദ് യാത്ര'യില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ 'കരണത്തടി' പരാമര്‍ശം. ആഗസ്റ്റ് 15ന് നടത്തിയ പ്രസംഗത്തിനിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മറന്നുപോയ ഉദ്ധവ് ഉടനെ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നായിരുന്നു റാണെയുടെ ആരോപണം. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തില്‍, ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയിലാണ് നാസിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 20 വര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് റാണെ.

നേരത്തെ, റാണെയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ശിവസേന, ബിജെപി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. ശിവസേന നേതാക്കള്‍ മുംബൈയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി നേതാക്കള്‍ തടയാന്‍ ശ്രമിച്ചതോടെയായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പോലീസ് പ്രത്യേക സേനയെ വിന്യസിച്ച് സാഹചര്യം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപാര്‍ട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. ശിവസേനാ നേതാക്കള്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെയും ശിവസേന നേതാക്കള്‍ കല്ലെറിഞ്ഞു.