ഭീമ-കൊറേഗാവ് കേസ്സില്‍ 'കെട്ടിച്ചമച്ച' തെളിവുകളെ പറ്റിയുളള കൂടുതല്‍ സൂചനകള്‍ പുറത്ത്

 
ഭീമ-കൊറേഗാവ് കേസ്സില്‍ 'കെട്ടിച്ചമച്ച' തെളിവുകളെ പറ്റിയുളള കൂടുതല്‍ സൂചനകള്‍ പുറത്ത്

ഭീമ-കൊറേഗാവ് കേസ്സില്‍ അറസ്റ്റിലായ റോണ വില്‍സണിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് 22 ഫയലുകള്‍ നിക്ഷേപിച്ചതിനെ പറ്റി 'നിഷേധിക്കാനാവാത്ത' തെളിവുകളുമായി അമേരിക്കയിലെ മുന്‍നിര ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ പുതിയ റിപ്പോര്‍ട്ട്. അക്കാദമിക പണ്ഡിതര്‍, വക്കീലന്മാര്‍, കലാകാരന്മാര്‍ എന്നിവരുള്‍പ്പടെ 16 പേര്‍ ജാമ്യവും, വിചാരണയുമില്ലാതെ ജയിലില്‍ കഴിയുന്ന ഭീമ-കൊറേഗാവ് കേസ്സിലെ സുപ്രധാന തെളിവുകള്‍ ഈ ഫയലുകളാണ്.

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ 2018 ജനുവരിയിലുണ്ടായ അക്രമ സംഭവങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ ഒരു ഹാക്കര്‍ 'കുറ്റകരങ്ങളായ' 22 ഫയലുകള്‍ നിക്ഷേപിച്ചുവെന്ന് അമേരിക്കയില്‍ ആസ്ഥാനമുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

.തുടക്കത്തില്‍ പൂന പോലീസും പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) സുപ്രധാന തെളിവുകളായി 2018 നവംബര്‍ മുതല്‍ ചൂണ്ടിക്കാണിക്കുന്നത് ഈ ഫയലുകളാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വില്‍സണും മറ്റ് 15 പേരും -- അക്കാദമിക പണ്ഡിതര്‍, വക്കീലന്മാര്‍, കലാകാരന്മാര്‍ ഉള്‍പ്പടെ - ജാമ്യവും വിചാരണയുമില്ലാതെ രണ്ടുകൊല്ലത്തിലധികമായി (കവി വരവര റാവു ഇപ്പോള്‍ ജാമ്യത്തിലാണ്) ജയിലില്‍ കഴിയുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന് എതിരെ യുദ്ധം നടത്തിയെന്ന പേരിലാണ് ഇവരുടെ അറസ്റ്റും തടവും.

വില്‍സണിന്റെ കമ്പ്യൂട്ടര്‍ നേരിട്ട് കൈകാര്യം ചെയ്തവരാരും ഈ ഫയലുകള്‍ സൃഷ്ടിക്കുകയോ, തുറക്കുകയോ, ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും, ഹാക്കര്‍ ഒരു സോഫ്റ്റ്വയര്‍ ഉപയോഗിച്ച് അവ നിക്ഷേപിക്കുകയായിരുന്നുവെന്നും ആര്‍സണല്‍ കണ്‍സള്‍ട്ടിംഗിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 നവംബറില്‍ കോടതി ഉത്തരവിലൂടെ പോലീസില്‍ നിന്നും ലഭ്യമായ വില്‍സണിന്റെ കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി വിശകലനം ചെയ്ത ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം അടങ്ങിയിട്ടുള്ളത്. വില്‍സണിന്റെ വക്കീലന്മാരുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പിയുടെ വിശകലനം അമേരിക്കന്‍ സ്ഥാപനം നടത്തിയത്.

2021 ഫെബ്രുവരിയില്‍ ആര്‍സണല്‍ പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് പുതിയ റിപ്പോര്‍ട്ട്. മാല്‍വയറുകള്‍ എന്നറിയപ്പെടുന്ന ഉപദ്രവകാരിയായ സോഫ്റ്റ്വയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കയറിപ്പറ്റി 'കുറ്റകരമായ' കത്തുകളടങ്ങിയ 10 ഫയലുകള്‍ നിക്ഷേപിക്കുകയും, കമ്പ്യൂട്ടറിനെ നിരന്തരം ഇലക്ട്രോണിക് നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇതുവരെ പൊതുമണ്ഡലത്തില്‍ ലഭ്യമല്ലാത്ത രണ്ടാമത്തെ റിപ്പോര്‍ട്ട് ആര്‍ട്ടിക്കിള്‍-14 വിലയിരുത്തലിന് വിധേയമാക്കുകയായിരുന്നു. ''വില്‍സണിന്റെ കമ്പ്യൂട്ടറിലെ ബന്ധപ്പെട്ട കൂടുതല്‍ ഫയലുകളില്‍ നിയമാനുസൃതമായ ഇന്ററാക്ഷന്‍ എന്തെങ്കിലും നടന്നതായി തെളിവുകളൊന്നും ഇല്ല. 24 ഫയലുകളില്‍ 22-ഉം ആദ്യ റിപ്പോര്‍ട്ടില്‍ തിരിച്ചറിഞ്ഞ ആക്രമണകാരിയുമായി (ഹാക്കര്‍) പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു,''

നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റു) അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍, ഫണ്ടുകളുടെ കൈമാറ്റത്തെക്കുറിച്ചുള്ള വര്‍ത്തമാനം, സംഘടനകള്‍ക്കുള്ളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍, പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ കുറിച്ചുള്ള വ്യാകുലതകള്‍, മാവോയിസ്റ്റ് ഒളിപ്പോരാളികളുടെ ചില ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവയാണ് ഇപ്പറഞ്ഞ 24 ഫയലുകളുടെ പ്രധാന ഉള്ളടക്കം എന്നാണ് അവകാശപ്പെടുന്നത്.

എന്‍ഐഎ വക്താവും, പോലീസ് സൂപ്രണ്ടുമായ ജയ റോയിക്ക് ആര്‍ട്ടിക്കിള്‍-14 വിശദമായ ചോദ്യാവലി ഇ മെയില്‍ ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഫോറന്‍സിക് ലാബുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും, ആര്‍സണലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും സംബന്ധിച്ച നിശ്ചിത ചോദ്യങ്ങളും അടങ്ങിയതായിരുന്നു ചോദ്യാവലി.

ഇ മെയിലിന് റോയി മറുപടി നല്‍കിയില്ല. എന്നാല്‍ ആര്‍ട്ടിക്കിള്‍ 14-മായുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ പറഞ്ഞത് ''സ്വകാര്യ ലാബുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി പരിഗണിക്കാറില്ല എന്നാണ്.''''നമ്മുടെ ഫോറന്‍സിക് പരിശോധനകള്‍ക്കായി തെരഞ്ഞെടുത്ത ലാബുകളായ ആര്‍എഫ്എസ്സ്എല്‍ (റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സിഎഫ്എസ്സ്എല്‍ (സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) എന്നിവയുണ്ട്''.

16 പേരുടെയും കേസ്സ് പൂര്‍ത്തിയാവുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ അവരുടെ വക്കീലന്മാരുടെ ഇപ്പോഴത്തെ അടിയന്തര പരിശ്രമം അവരെ ജാമ്യത്തില്‍ ഇറക്കുവാനാണ്. വില്‍സണിന്റെ വക്കീലുമാര്‍ തങ്ങളുടെ വാദം ഉറപ്പിക്കുന്നതിനായി ആര്‍സണലിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഉപയോഗിച്ചേക്കാം. പ്രാഥമിക തലത്തിലുള്ള ഇലക്ട്രോണിക് തെളിവുകള്‍ കെട്ടിച്ചമച്ചതിനാലും, കമ്പ്യൂട്ടറില്‍ കടന്നുകയറി കൃത്രിമത്വങ്ങള്‍ നടത്തിയതിനാലും ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകളൊന്നും വിശ്വസനീയമല്ലെന്നാണ് അവരുടെ വാദം.

16-പേരുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍

ഭൂരിഭാഗവും ദളിതര്‍ പടയാളികളായ ബ്രട്ടീഷ് പട്ടാളം സവര്‍ണ്ണ പേഷ്വ പട്ടാളത്തെ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുദ്ധത്തില്‍ തോല്‍പ്പിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി പൂനയില്‍ നിന്നും 28-കിമീ വടക്കുകിഴക്കുള്ള 9,000 പേര്‍ താമസിക്കുന്ന ചെറുപട്ടണമായ ഭീമ-കൊറേഗാവില്‍ 2017 ഡിസംബര്‍ 31-ന് നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ടാണ് 16-പേരെ അറസ്റ്റു ചെയ്ത കേസ്സിന്റെ തുടക്കം. ദളിതരുടെ രണോത്സുകതയുടെ ഒരു ഭൂതകാലത്തെ ആഘോഷമാക്കുന്നത് ഇഷ്ടപ്പെടാത്ത ഹിന്ദുത്വ വലതുപക്ഷവും ദളിതരുമായുള്ള സംഘര്‍ഷത്തിന്റെ ഫലമായി അക്രമവും, കൊള്ളിവെയ്പ്പുുകളുമുണ്ടായി.

പൂനയിലെ പൊലീസ് കേസ്സ് അന്വേഷണത്തിന്റെ ദിശ പെട്ടെന്നു തിരിച്ചുവിടുകയും സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റു ഗൂഢാലോചന കണ്ടെത്തുകയും ചെയ്തു. അന്വേഷണം മുഴുവന്‍ 'അര്‍ബന്‍ നക്സലു'കളെ കേന്ദ്രീകരിച്ചായി. 'അര്‍ബന്‍ നക്സല്‍' എന്ന പ്രയോഗം വലതുപക്ഷ നേതാക്കളിലും, അനുയായികളിലും വ്യാപകമായ പ്രചാരം നേടിയതും ഇതേ കാലയളവിലാണ്. നഗരങ്ങളിലെ പൊതു ബുദ്ധിജീവികളെയും, സാമൂഹ്യ പ്രവര്‍ത്തകരേയും അവഹേളിക്കുന്നതിനായിരുന്നു ഈ പ്രയോഗം.

എല്‍ഗാര്‍ പരിഷത്തിന്റെ സംഘാടകര്‍ക്കും, പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് റെയിഡുകളില്‍ അവരുടെ ലാപ്പ്്‌ടോപുകളും, ഹാര്‍ഡ് ഡിസ്‌ക്കുകളും മറ്റുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തു. കുറ്റപത്രം അനുസരിച്ച് റോണ വില്‍സണ്‍ന്റെയും, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്ലിംഗിന്റെയും വസതികള്‍ റെയ്ഡ് ചെയ്യുന്നതിനുള്ള കാരണം ഭീമ-കൊറേഗാവിന്റെ പ്രധാന സംഘാടകരിലൊരാളായ സുധീര്‍ ധവാലെയുമായി അവര്‍ നടത്തിയെന്നു പറയപ്പെടുന്ന ആശയ വിനിമയങ്ങളാണ്.

വില്‍സണിന്റെ കമ്പ്യൂട്ടറില്‍ നിന്നും ലഭിച്ച ഫയലുകളാണ് അദ്ദേഹത്തിനും, അഡ്വക്കറ്റ് സുധ ഭരദ്വാജിനും, കവി വരവര റാവുവിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള തെളിവായി ഹാജരാക്കിയിട്ടുള്ളത്.


മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറി ഇപ്പോള്‍ അധികാരത്തിലുള്ള മഹാവികാസ് അഖാടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ സംസ്ഥാന പൊലീസില്‍ നിന്നും കേസ്സ് എന്‍ഐഎ സ്വമേധയ ഏറ്റെടുത്തു. തുടര്‍ന്നു നല്‍കിയ മറ്റൊരു കുറ്റപത്രത്തില്‍ ജസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമി, ഡല്‍ഹി സര്‍വകലാശാലയിലെ ലിംഗ്വസ്റ്റിക് പ്രഫസര്‍ ഹാനിബാബു താരയില്‍, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസര്‍ ആനന്ദ് ടെല്‍തുംബ്ടെ, മാധ്യമപ്രവര്‍ത്തകനായ ഗൗതം നവ്ലാഖ എന്നിവരെ കൂടി പ്രതികളാക്കി. .

നിരോധിക്കപ്പെട്ട മവോയിസ്റ്റു ഗ്രൂപ്പുമായി ചേര്‍ന്ന് ഭാരത സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന അവരുടെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമെന്ന (യുഎപിഎ) ഭീകരവാദ വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ്സുകള്‍ എടുത്തിരിക്കുകയാണ്. യുഎപിഎ നിയമത്തിന്റെ കീഴില്‍ കുറ്റവാളി അല്ലെന്നു തെളിയിക്കാനുള്ള ബാധ്യത ആരോപണം നേരിടുന്നവരുടെ ബാധ്യതയാണ്.

ഹാക്കറുടെ കൈകടത്തലുകള്‍

വില്‍സണിന്റെ കമ്പ്യൂട്ടറില്‍ പത്തു ഫയലുകള്‍ നേരത്തെ നിക്ഷേപിച്ച ഹാക്കറുടെ പ്രവര്‍ത്തനങ്ങള്‍ - പ്രോസസ് ട്രീ എന്ന ശൃംഖല - കണ്ടെത്തിയതിലൂടെ കുറ്റകരങ്ങളായ രേഖകള്‍ നിക്ഷേപിക്കുന്നതും അതിന്റെ ഡിജിറ്റല്‍ കാലടയാളങ്ങള്‍ ശേഖരിക്കുന്നതിനും സാധ്യമായെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു.


ഹാക്കര്‍ ഫയലുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നത് ആര്‍സണല്‍ കണ്ടെത്തി. ഒരു ഫയലില്‍ വരുത്തിയ തെറ്റ് പിന്നീട് തിരുത്തുക വരെ ചെയ്തു.

പുതിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി ആര്‍സണല്‍ പ്രസിഡണ്ട് മാര്‍ക്ക് സ്പെന്‍സര്‍ ആര്‍ട്ടിക്കിള്‍ 14-നോട് ഇങ്ങനെ വിശദീകരിച്ചു. ''പ്രോസ്സസ്സ് ട്രീയില്‍ ഉള്‍പ്പെട്ട 'mohila meeting jan.pdf' എന്ന കണ്ടെത്തലാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഏറ്റവും നിര്‍ണ്ണായകം. റിപ്പോര്‍ട്ട് ഒന്നിലും, രണ്ടിലും അക്രമിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള 'പുകയുന്ന തോക്കുകള്‍' പലതുമുണ്ടെങ്കിലും പ്രോസ്സസ്സ് ട്രീ ആണ് ഏറ്റവും നിര്‍ണ്ണായകം.''

സ്‌പെന്‍സര്‍ പരാമര്‍ശിക്കുന്ന മഹിളാ മീറ്റിംഗ് ഫയല്‍ 2018, ജനുവരി 2-ല്‍ നടന്നുവെന്നു പറയപ്പെടുന്ന ഒരു മീറ്റിംഗിനെ പറ്റിയാണ്. പ്രതികളായി ആരോപിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകരായ ഭരദ്വാജ്, ഷോമ സെന്‍ എന്നിവരും മറ്റുള്ളവരും ബഹുജന സംഘടനകളിലെ അംഗങ്ങള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇരയാക്കപ്പെട്ട വ്യക്തിയുടെ കമ്പ്യൂട്ടര്‍ അക്രമി എപ്പോള്‍, എങ്ങനെ ഹാക്ക് ചെയ്തുവെന്നും, ഫയലുകള്‍ എങ്ങനെ നിക്ഷേപിച്ചുവെന്നതിന്റെയും നാള്‍വഴികള്‍ സെപ്ന്‍സര്‍ പറയുന്ന പ്രോസ്സസ്സ് ട്രീ വെളിവാക്കുന്നു. നെറ്റ്വയര്‍ എന്ന ഉപദ്രവകാരിയായ സോഫറ്റ്വയര്‍ ഉപയോഗിച്ചാണ് 22 ഫയലുകളും കമ്പ്യൂട്ടറില്‍ നിക്ഷേിച്ചത്. മറ്റൊരാളിന്റെ കമ്പ്യൂട്ടര്‍ കയ്യടക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരമൊരുക്കുന്നു ഉപദ്രവകാരിയാണ് ഈ സോഫ്റ്റ്വയര്‍.

ഇതു പോലുള്ള മാള്‍വയറുകള്‍ വഴി വിദൂരത്തിരുന്ന് മറ്റൊരാളിന്റെ കമ്പ്യൂട്ടറിലെ ഉള്ളടക്കങ്ങള്‍ മാറ്റുവാനും, പുതിയവ ഉള്‍പ്പെടുത്താനും, നീക്കം ചെയ്യാനും കഴിയും. ഒപ്പം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും. വിദൂരത്ത് ഇരുന്നുകൊണ്ട് ഇലക്ട്രോണിക് ട്രോജന്‍ കുതിരയെ മുന്‍നിര്‍ത്തി വില്‍സണിന്റെ ലാപ്ടോപ്പില്‍ നിരവധി ഫയലുകള്‍ നിക്ഷേപിച്ചതിനെ പറ്റി രണ്ടാമത്തെ റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതിന് പുറമെയുള്ള വിവരങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. വില്‍സണെയും മറ്റുള്ളവരെയും കേസ്സില്‍ പെടുത്താന്‍ ഈ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിട്ടുള്ളത്.

ട്രോജന്‍ കുതിരയുടെ ഉള്ളില്‍

.പ്രോസ്സസ്സ് ട്രീ പ്രകാരം 2018 ജനവരി 11-ന് വൈകുന്നേരം 5.04 മണിയോടെ വില്‍ണസിന്റെ ലാപ്ടോപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം നെറ്റ്വയര്‍ ആട്ടോമാറ്റിക് ആയി പ്രവര്‍ത്തന നിരതമാക്കി നിക്ഷേപിച്ചതാണ് മഹിളാ മീറ്റിംഗ് രേഖ. ഭീമ-കൊറഗാവ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

അക്രമി ഒരു കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി 5.10-നും 5.12-നുമിടയില്‍ മൂന്നു ഫയലുകള്‍ തുറക്കുന്നു. അതിലൊന്നാണ് മഹിള മീറ്റിംഗ് ജാന്‍.പിഡിഎഫ്. ഈ ഫയലുകള്‍ പിന്നീട് വീണ്ടും തുറന്ന്

താല്‍ക്കാലികമായി ഉപയോഗിച്ച ഒരു ഫയല്‍ ആര്‍ക്കൈവര്‍ (UnRAR. Winzip പോലുള്ള ഫയല്‍ ആര്‍ക്കൈവര്‍ ) വഴി ഒരു അദൃശ്യ ഫോള്‍ഡറിലേക്കു മാറ്റുന്നു. Adobe.exe എന്നു പുതിയ പേരുമിടുന്നു.ഒരു ഫയല്‍ പ്ലാന്റ് ചെയ്യുന്നതിനിടയില്‍ അക്രമി തെറ്റായ കമാന്‍ഡ് നല്‍കിയതും അത് പിന്നീട് തിരുത്തുന്നതിന്റെയും വിവരം റിപ്പോര്‍ട്ട് നല്‍കുന്നു.

.''അക്രമിക്ക് തെറ്റു പറ്റുക വളരെ ദുര്‍ല്ലഭമാണ്. ഏതു തെറ്റും അതുകൊണ്ട് ഞങ്ങള്‍ക്ക് വളരെ താല്‍പര്യജനകമാണ്.'' സ്പെന്‍സര്‍ പറഞ്ഞു.

റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ 'നെറ്റ്വയര്‍ റണ്‍ ചെയ്യുന്നതിനെ പറ്റി അനിഷേധ്യമായ തെളിവുകള്‍' ഉണ്ടെന്ന് ആവര്‍ത്തിക്കുന്ന ആര്‍സണല്‍ അത് സംബന്ധിച്ച കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.


''റോണ വില്‍സണിന്റെ കമ്പ്യൂട്ടറിലെ വിന്‍ഡോസ് ആക്ടീവ് ഹൈബര്‍നേഷനില്‍ നിന്നും ഞങ്ങള്‍ വീണ്ടെടുത്ത നെറ്റ്വയര്‍ കമ്യൂണിക്കേഷന്‍ ഉപയോഗിച്ചുള്ള ഹാക്കറുടെ പ്രവര്‍ത്തനമാണ് ഇതില്‍ കാണുന്നത്'', സ്‌പെന്‍സര്‍ പറഞ്ഞു. ''ജനുവരി 14, 2018-നാണ് ഹൈബര്‍നേഷന്‍ നടന്നിട്ടുള്ളത്. ഞങ്ങള്‍ ഇതിനകം പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞ ഒരു ഹോസ്റ്റിന്റെ ഐപി അഡ്രസ്സ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഞങ്ങള്‍ക്ക് വളരെയധികം വിശദവിവരങ്ങള്‍ അറിയുമെന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് ഒരു ധാരണയുണ്ടാവാന്‍ സഹായിക്കുന്നതാണ് ഈ ഉദാഹരണം'', അദ്ദേഹം പറഞ്ഞു.

.ലാപ്ടോപ്പിനു പുറമെ ഹാര്‍ഡ് ഡിസ്‌ക്കിലും, പെന്‍ ഡ്രൈവുകളിലുമുള്ള ഫയലുകളും വില്‍സണും, മറ്റുള്ളവര്‍ക്കും എതിരായ പിരി മുറുക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിലെ ഫയലുകള്‍ പുറമെയുള്ള ഹാര്‍ഡ് ഡിസ്‌ക്കിലേക്ക് സ്വമേധയ മാറ്റപ്പെടുമെന്ന് ഹാക്കര്‍ ഉറപ്പ് വരുത്തിയിരുന്നു.

.''ഒരു കാര്യം നിങ്ങള്‍ ദയവായി മനസ്സിലാക്കുക. ഒന്നും, രണ്ടും റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ പങ്കു വച്ച വിവരങ്ങള്‍ നിങ്ങള്‍ മുഖവിലക്കെടുക്കുന്നതിന് പകരം ഞങ്ങള്‍ക്ക് ലഭ്യമാക്കിയ ഇലക്ട്രോണിക് ഉപകരണം വിവരമുള്ള ഏതൊരു ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധന് കൈമാറിയാലും ഇതേ കാര്യങ്ങള്‍ അവര്‍ക്ക് പുനരാവിഷ്‌ക്കരിക്കാനാവും'', സ്പെന്‍സര്‍ പറഞ്ഞു.

.''പ്രോസ്സസ്സ് ട്രീ അക്രമിയെ കയ്യോടെ പിടി കൂടി'', അദ്ദേഹം പറഞ്ഞു. ''റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ കുറ്റകരങ്ങളായ ഫയലുകള്‍ ഹാക്കര്‍ എങ്ങനെ നിക്ഷേപിച്ചുവെന്ന് അത് കൃത്യമായി കാണിച്ചു തരുന്നു''.

തുര്‍ക്കിയിലെ ഒരു പത്രപ്രവര്‍ത്തകനെ 2014-ല്‍ ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ കള്ളക്കേസ്സില്‍ കുടുക്കിയതും, ബോസ്റ്റണ്‍ മാരത്തോണില്‍ ബോംബു വച്ച കേസ്സുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകള്‍ പരിശോധിച്ച സ്പെന്‍സറിന്റെ അഭിപ്രായത്തില്‍ ''സാങ്കേതിക വിദഗ്ധര്‍ അവരുടെ കസേരയില്‍ ചാരിയിരുന്ന് 'വൗ' എന്നു ആശ്ചര്യം കൊള്ളുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ലഭ്യമായിട്ടുള്ളത്''.

ഇലക്ട്രോണിക് തെളിവുകള്‍ക്കും അപ്പുറമുള്ള തെളിവുകള്‍: എന്‍ഐഎ

.ആര്‍സണലിന്റെ കണ്ടെത്തലുകളുടെ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനന്ദ് തെല്‍തൂംബ്ഡെയുടെ വക്കീലന്മാര്‍ പ്രത്യേക കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ പ്രതികരണം ഈ കണ്ടെത്തലുകള്‍ക്ക് 'ആധികാരികത' ഇല്ലെന്നായിരുന്നു. പോലീസും എന്‍ ഐഎയും ഫയല്‍ ചെയ്ത നൂറു കണക്കിന് പേജുകളുള്ള വിവിധ കുറ്റപത്രങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് വില്‍സണിലും, മറ്റുള്ളവരിലും നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കണ്ടെടുത്ത തെളിവുകളെയാണ്. അവയുടെ വിശ്വാസ്യതയെയാണ് സ്വതന്ത്ര ഫോറന്‍സിക് വിദഗ്ധന്റെ കണ്ടെത്തലിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഫെബ്രുവരി 10-ാം തീയതി പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ ആര്‍സണലിന്റെ ആദ്യ റിപ്പോര്‍ട്ടിനെ എന്‍ഐഎ പരോക്ഷമായി ചോദ്യം ചെയ്യുന്നു.

''കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് അംഗീകൃത ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ളതാണ്. അവയാണ് ഇന്ത്യന്‍ കോടതികള്‍ സ്വീകരിക്കുക. പൂനയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നുള്ളതാണ് ഈ കേസ്സിലെ റിപ്പോര്‍ട്ട്. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് അങ്ങനെയുള്ള മാല്‍വയര്‍ ഒന്നും കണ്ടിട്ടില്ല (ഉപദ്രവകാരിയായ സോഫ്റ്റ്വയര്‍). ബാക്കിയല്ലാം വസ്തുതകളെ വളച്ചൊടിക്കലാണ്.''

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഞങ്ങള്‍ പരിശോധിച്ചു. കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കൈകടത്തലുകള്‍ (ടാംപേര്‍ഡ് വിത്ത്) ഉണ്ടായോ എന്ന് അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ 2018 ഒക്ടോബര്‍ 13-ാം തീയതി ഗവണ്‍മെന്റ് ഫോറന്‍സിക് ലാബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ലാബ് ഒരു പ്രതികരണവും നടത്തിയില്ല. കൂടുതല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുറ്റപത്രത്തിലെ എന്‍ഐഎ-യുടെ ഒരു പരാമര്‍ശവും ഇതിനായി ചൂണ്ടിക്കാണിച്ചു. ''ചില എഫ്എസ്എല്‍ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) റിപോര്‍ട്ടുകള്‍ ഇനിയും കിട്ടാനുണ്ട്''.

ഇത് സംബന്ധിച്ച് പ്രതികരണം ആര്‍ട്ടിക്കിള്‍-14 ആരാഞ്ഞപ്പോള്‍ എന്‍ഐഎ വക്താവ് റോയ് പറഞ്ഞു. ''എന്‍ഐഎ ഇതിനകം കുറ്റപത്രം നല്‍കി കഴിഞ്ഞ കോടതിയുടെ പരിഗണനയിലുള്ള കേസ്സില്‍ അഭിപ്രായം പറയുന്നത് സബ്ജുഡീസ് ആണ്. കോടതി സംബന്ധമായ വിഷയങ്ങളില്‍ ഞാന്‍ ഒരു പരാമര്‍ശവും നടത്തില്ല''. തെളിവുകളില്‍ നടത്തിയ കൈകടത്തലുകളെ സംബന്ധിച്ച ചോദ്യത്തിന് ആര്‍എഫ്എസ്എല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്ന കാര്യം ഞങ്ങള്‍ പ്രത്യേകം ഉന്നയിച്ചിരുന്നു.

കുറ്റാരോപിതര്‍ക്കെതിരെ ഇലക്ട്രോണിക് തെളിവുകള്‍ക്ക് അപ്പുറമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തുടക്കത്തില്‍ പോലീസും, പിന്നീട് എന്‍ഐഎയും അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരാണെന്ന് കരുതുന്നവരെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ അവരുടെ പേരില്‍ വ്യാജതെളിവുകള്‍ കെട്ടിച്ചമക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും, വക്കീലന്മാരും ആരോപിക്കുന്നു.

വില്‍സണിന്റെ വക്കീലായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയുടെ അഭിപ്രായത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ദീര്‍ഘകാലം തടവിലിടുന്നതിന് പറ്റുന്ന വിധത്തില്‍ അവരെ കെണിയില്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി 2014നു ശേഷം സജീവമായി നടപ്പിലാക്കുകയാണ്.

''തെളിവെന്ന പേരില്‍ അധികൃതര്‍ ഹാജരാക്കിയ ഒരു ഇലക്ട്രോണിക് രേഖ 'ഇന്ത്യന്‍ വിപ്ലവത്തിന്റെ അടവും തന്ത്രവും' എന്ന ആര്‍ക്കും എവിടെയും ലഭിക്കുന്ന ഒന്നാണ്. ഇതൊരു രഹസ്യ സാധനമല്ല. പൊതു മണ്ഡലത്തില്‍ ആര്‍ക്കും ലഭിക്കാവുന്നതാണ്'' ദേശായി പറഞ്ഞു. പറഞ്ഞതു പോലെ ഗൂഗിളില്‍ സെര്‍ച്ചു ചെയ്താല്‍ കിട്ടുന്ന സാധനം.

'അസഹനീയമായ പാട്ടുകള്‍', 'തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം'; മറ്റു തെളിവുകള്‍

ഇലക്ട്രോണിക് തെളിവുകള്‍ക്ക് പുറമെ, 16-പേര്‍ക്കെതിരായ തങ്ങളുടെ കേസ്സ് ശക്തമാക്കുന്നതിനായി പൂന പോലീസ് ചൂണ്ടിക്കാണിക്കുന്ന ദൃക്സാക്ഷി വിവരണ പ്രകാരം 'പിന്നോക്ക സമുദായങ്ങളില്‍' 'മാവോയിസ്റ്റ് ആശയങ്ങള്‍' പ്രചരിപ്പിക്കുകയായിരുന്നു എല്‍ഗാര്‍ പരിഷത്തില്‍. 'കോപം നിറഞ്ഞ പാട്ടുകള്‍' 'തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രവും' അതിന്റെ ഭാഗമായിരുന്നു. പോലീസിന്റെ കുറ്റപത്രത്തില്‍ തെളിവുകള്‍ എന്നു പറയപ്പെടുന്ന ഇക്കാര്യങ്ങള്‍ എന്‍ഐഎയും കുറ്റാരോപിതര്‍ക്കെതിരെ കോടതയില്‍ ആവര്‍ത്തിക്കുന്നു.ഇന്ത്യയെ അസ്ഥിരപ്പെടുത്താനും, ദേശദ്രോഹവും എന്ന നിലയിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തപ്പെടുന്നത്.

ഒരു ഗൂഢാലോചനയുടെ തെളിവായി കുറ്റപത്രത്തില്‍ പറയുന്ന, എല്‍ഗാര്‍ പരിഷത്തില്‍ പാടിയ പാട്ടുകള്‍, 'ആര്‍ക്കാണ് അസഹനീയമാവുന്നതെന്ന്' ദേശായി ചോദിക്കുന്നു.

.''ജാതി വിരുദ്ധ പാട്ടുകളും, പ്രതിഷേധ ഗാനങ്ങളും മഹാരാഷ്ട്രയുടെ പാരമ്പര്യമാണ്. അന്നഭാവു സാത്തേ, ഷാഹിര്‍ അമര്‍ ഷേയ്ഖ്, ഡി എന്‍ ഗാവാങ്കര്‍ പാട്ടുകാരായ വിലാസ് ഘോഗ്രെ, സാംബാജു ഭഗത്ത് എന്നിവരെല്ലാം നമ്മുടെ സംസ്‌ക്കാരിക ഭൂമികയുടെ ഭാഗമാണ്', വിപ്ലവകാരികളായ കവികളുടെയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും നീണ്ട ചരിത്രം ഓര്‍മപ്പെടുത്തി അദ്ദേഹം പറയുന്നു.

എല്‍ഗാര്‍ പരിഷത്തിന്റെ ഭാഗമായിരുന്ന കബീര്‍ കലാമഞ്ച് എന്ന സംസ്‌ക്കാരിക സംഘത്തിന്റെ അവതരണം ജനങ്ങളുടെ മനസ്സില്‍ 'സര്‍ക്കാരിനെതിരെ വെറുപ്പുണ്ടാക്കുവാന്‍' ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് 16 പേര്‍ക്കെതിരായ കേസ്സ് ഫയലുകളുടെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ ഗ്രൂപ്പ് പാടിയ ഒരു പാട്ടിലെ വരികള്‍ ഇതിന്റെ ഉദാഹരണമായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.''

അനീതി ഉണ്ടായാല്‍ അതിനെതിരെ നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെടണം അല്ലെങ്കില്‍ ഇരുട്ടുന്നതിന് മുമ്പ് ആ നഗരം കത്തി നശിക്കുന്നതാണ് നല്ലത്.''

.ബ്രാഹ്മിണ്‍ കേന്ദ്രിതമായ ബിജെപിക്കും, ആര്‍എസ്സ്എസ്സിനും എതിരായി ദളിതര്‍ മാറിയെന്ന് വില്‍സണടക്കമുള്ള 16 കുറ്റാരോപിതരും തീരുമാനിച്ചതിന്റെ രേഖകള്‍ ഉണ്ടെന്ന് കുറ്റപത്രം പറയുന്നു. ദളിതരുടെ ഈ ദൃഢപ്രസ്താവം കൂട്ടിക്കലര്‍ത്തി ബിജെപിക്കും ആര്‍എസ്സ്എസ്സിനും എതിരെ ഉപയോഗപ്പെടുത്തി മൊത്തം 'കുഴപ്പങ്ങള്‍' സൃഷ്ടിക്കുന്നതിന് കുറ്റാരോപിതര്‍ ശ്രമിച്ചുവെന്ന നിഗമനം കുറ്റപത്രം മുന്നോട്ടു വയ്ക്കുന്നു. ഇതിനും പുറമെ മറ്റൊരു നിഗമനവും അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നു. അതായത് ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും, കവികളും, അക്കാദമിക വിദഗ്ധരുമടങ്ങുന്ന ഈ 16-പേര്‍ രാജ്യത്തിന്റെ പരമാധികാരത്തിനും, അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിച്ചുവെന്ന്.

പോലീസിന്റെ കുറ്റപത്രത്തിലെ ബന്ധപ്പെട്ട പാരഗ്രാഫ് ഇങ്ങനെയാണ്. 'ബിജെപി-യുടെയും ആര്‍എസ്സ്എസ്സിന്റെയും ബ്രാഹ്മിണ്‍ കേന്ദ്രിത അജന്‍ഡക്ക് എതിരാണ് പിന്നോക്ക വിഭാഗങ്ങളുടെ ചിന്തകള്‍

എന്ന് പിടിച്ചെടുത്ത ആശയവിനിമയങ്ങള്‍ രേഖപ്പെടുത്തുന്നു. അവരുടെ മനസ്സിലെ ഇത്തരത്തിലുള്ള

അസ്വസ്ഥതകള്‍ മൂലധനമാക്കി ഉപയോഗപ്പെടുത്തി വന്‍തോതില്‍ അവരെ സംഘടിപ്പിക്കുവാനും അങ്ങനെ വലിയ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുവാനുമാണ് അവരുടെ ശ്രമം'.

(ശ്രീഗിരീഷ് ജാലിഹാള്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിലെ അംഗമാണ്. www.reporters-collective.in)

(ഈ റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ ആര്‍ട്ടിക്കിള്‍-14-പ്രസിദ്ധീകരിച്ചു. www.article-14.com)