ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന്; സര്‍ക്കാര്‍ സമയപരിധി നീട്ടുമോ?

 
tax

ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. 2022-23 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) രാത്രി 8.36 വരെ 5 കോടി കവിഞ്ഞതായാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. ഐടിആര്‍ സമര്‍പ്പിക്കുന്നതിന്റെ പലരും സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത കുറവാണ്. ജൂലായ് 31-നുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പൊണ് വകുപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചിട്ടുള്ളത്. വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. 

സമയപരിധി കഴിഞ്ഞാല്‍ എന്ത്?

ഇതുവരെ ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ ഇന്ന് തന്നെ  ചെയ്യണം. എന്നാല്‍ നിങ്ങള്‍ക്ക് ജൂലൈ 31 സമയപരിധി നഷ്ടമായാല്‍, 2022 ഡിസംബര്‍ 31-നകം നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാം. എന്നാല്‍ ലേറ്റ് ഫീ അടയ്ക്കേണ്ടിവരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം. 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നികുതിദായകര്‍ക്കുള്ള ലേറ്റ് ഫീസ് 1,000 രൂപയാണ്. നിങ്ങളുടെ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍  5000 രൂപയാണ് പിഴ. 

എന്നിരുന്നാലും, ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധി കവിയുന്നില്ലെങ്കില്‍, വൈകി ഫയല്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് പിഴ അടയ്ക്കേണ്ടിവരില്ല. പഴയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍, 60 വയസ്സിന് താഴെയുള്ള നികുതിദായകര്‍ക്ക് അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. 60 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക്, ഇളവ് പരിധി 5 ലക്ഷം രൂപയാണ്.

ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടുമോ?

സമയപരിധി നീട്ടാനുള്ള ആവശ്യം സോഷ്യല്‍ മിഡിയയില്‍ ശക്തമാണ്. Extend_Due_Date_Immediately എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. ഇത്തരം അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടും കഴിഞ്ഞ രണ്ടു വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും കാലാവധി നീട്ടിനല്‍കില്ലെന്നാണ് കരുതുന്നത്. രാജ്യത്തുടനീളമുള്ള ആയികര്‍ സേവാ കേന്ദ്രങ്ങള്‍ (എഎസ്‌കെ) അല്ലെങ്കില്‍ ആദായനികുതി സഹായ കേന്ദ്രങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്നും നികുതിദായകര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സുഗമമാക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളില്‍ അധിക രസീത് കൗണ്ടറുകള്‍ തുറക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

നികുതി വകുപ്പിന്റെ നയം രൂപീകരിക്കുന്ന ധനമന്ത്രാലയവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സും (സിബിഡിടി) ഐടിആര്‍ ഫയലിംഗ് നടപടികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ഒരു 'വാര്‍ റൂമും' സിബിഡിടി യുടെ സോഷ്യല്‍ മീഡിയ ടീമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.


ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ് 

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി
പാന്‍ കാര്‍ഡ് / പാന്‍ നമ്പര്‍ 
തൊഴിലുടമയില്‍ നിന്നുള്ള ഫോം-16
വീട് വാടക രസീതുകള്‍
ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍
ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പാസ്ബുക്ക്
ലോട്ടറി വരുമാനം 
ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങള്‍