പ്രതിദിന കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 47,092 രോഗികള്‍, 69 ശതമാനവും കേരളത്തില്‍

 
India Covid Updates

സജീവ രോഗികളുടെ എണ്ണത്തില്‍ 11,402 പേരുടെ വര്‍ധന

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 47,092 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 509 പേര്‍ രോഗബാധിതരായി മരിച്ചു. 35,181 പേരാണ് രോഗമുക്തരായത്. ഇന്നലെ 41,965 പേരായിരുന്നു രോഗബാധിതര്‍. രാജ്യത്ത് ഇതുവരെ 3,28,57,937 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,20,28,825 പേര്‍ രോഗമുക്തരായി. 4,39,529 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,89,583 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 11,402 പേരുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്.  

കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗബാധിതരുടെ 1.19 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 69 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.62 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 52.48 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 66.30 കോടി ഡോസ് വാക്സിനാണ് നല്‍കിയത്. ഇന്നലെ മാത്രം 81 ലക്ഷത്തിലധികം വാക്‌സിനാണ് വിതരണം ചെയ്തത്. 

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 32,803 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 40,90,036. ഇവരില്‍ 38,38,614 പേര്‍ രോഗമുക്തരായി. മരണം 20,961 ആയി. 2,30,461 പേരാണ് ഇനി ചികിത്സയിലുള്ളത്.