12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള ആദ്യ വാക്സിന്‍; സൂചിയില്ല, സൈക്കോവ്-ഡി ക്ക് അനുമതി

 
d

അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില്ല ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സൈക്കോവ്-ഡി ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അടിയന്തര അനുമതി നല്‍കി. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന രാജ്യത്ത് ആദ്യത്തെ വാക്‌സിനാണിത്. ലോകത്തിലെ ഒരേയൊരു ഡിഎന്‍എ അധിഷ്ഠിത വാക്‌സിന്‍ കൂടിയാണിത്, ഇത് സൂചി ഇല്ലാതെ നല്‍കാം, വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യത വളരെ കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു. 

വാക്സിന്‍ 28,000 ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും ഇവരുടെ പരീക്ഷണത്തില്‍ പങ്കാളികളായിരുന്നു. പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ്  മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്സിന്‍ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണിത്. 

'മിഷന്‍ കോവിഡ് സുരക്ഷ'യുടെ കീഴില്‍ ബയോടെക്‌നോളജി വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്, ഒരിക്കല്‍ നല്‍കിയ മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നു.  പ്ലാസ്മിഡ് ഡിഎന്‍എ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള പ്ലഗ്-ആന്‍ഡ്-പ്ലേ സാങ്കേതികവിദ്യ വൈറസിലെ വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍  എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ കഴിയും. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലായിരിക്കും വാക്സിന്‍. സൂചിരഹിത സംവിധാനമായതിനാല്‍ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്സിനാണ് സൈക്കോവ്-ഡി.