അസമില്‍ മദ്രസ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനം; വെള്ളിയാഴ്ച അവധിയും പുന:പരിശോധിച്ചേക്കും

 
അസമില്‍ മദ്രസ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനം; വെള്ളിയാഴ്ച അവധിയും പുന:പരിശോധിച്ചേക്കും

സംസ്ഥാന മദ്രസ ബോര്‍ഡ് പിരിച്ചുവിടാന്‍ ബിജെപി നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ തീരുമാനിച്ചു. മദ്രസകളിലെ അക്കാദമിക് വിഭാഗത്തെ സെക്കന്ററി എഡ്യൂക്കേഷന്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഇടുന്നത്. മദ്രസകള്‍ക്ക് വെള്ളിയാഴ്ചകളില്‍ അവധി നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും അവധി മറ്റ് വിദ്യാലയങ്ങളെ പോലെ ഞായറാഴ്ചത്തേക്ക് മാറ്റണമെന്നുമുള്ള അസം വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വശര്‍മ്മയുടെ വിവാദ നിര്‍ദ്ദേശം വന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മദ്രസ വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ശര്‍മ്മ ട്വീറ്ററില്‍ അറിയിച്ചു. മദ്രാസ ബോര്‍ഡും പിരിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു. മദ്രസകളും സംസ്‌കൃത സ്‌കൂളുകളും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ആധുനികവല്‍ക്കരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ശര്‍മ്മ നേരത്തെ സംസ്ഥാന നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം പാഠ്യപദ്ധതികളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും നിലവിലുള്ള സമ്പ്രദായം മാറ്റിമറിക്കേണ്ടതുണ്ടെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. മദ്രസ വിദ്യാഭ്യാസം സെക്കന്ററി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴിലേക്കും സംസ്‌കൃത പാഠശാലകള്‍ കുമാര്‍ ഭാസ്‌കര്‍വര്‍മ്മ സംസ്‌കൃത, പുരാതന പഠന സര്‍വകലാശാലയുടെ കീഴിലേക്കും മാറ്റാനാണ് ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മദ്രസകള്‍ വെള്ളിയാഴ്ചയും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ശര്‍മ്മയുടെ നിര്‍ദ്ദേശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമാണ് വെള്ളിയാഴ്ചകളില്‍ അവധിയുള്ളതെന്നും ഇന്ത്യയില്‍ അത് ഞായറാഴ്ചയാണെന്നുമുള്ള ശര്‍മ്മയുടെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെ നിയമനടപടികളുമായി മുസ്ലീം സമൂഹം മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് പുതിയ പരിഷ്‌കാരങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

1934-ലാണ് അസമില്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ആരംഭിച്ചത്. ഒമ്പത് സ്‌കൂളുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം അത് സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. നിലവില്‍ 700 സ്‌കൂളുകളാണ് ഇതിന് കീഴിലുള്ളത്. ഇവ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ മറ്റൊരു 1300 മദ്രസ സ്‌കൂളുകള്‍ കൂടി സ്വകാര്യമേഖലയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജമ്മു-കാശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം സാന്നിധ്യമുള്ള സംസ്ഥാനമായ അസമിലെ ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ മനഃപൂര്‍വം വ്രണപ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടയ്ക്കാണ് കൂടുതല്‍ നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നേറുന്നത്. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ 34.15 ശതമാനമാണ്.