രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

 
wheat

രാജ്യത്തെ ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പണപ്പെരുപ്പം ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലെത്തിയതും ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം 8.38 ശതമാനമായി ഉയര്‍ന്നതിനും ശേഷമാണ് മോദി സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഏപ്രിലില്‍ ഗോതമ്പ് വില ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.

ഇനി മുതല്‍ രണ്ട് തരത്തിലുള്ള കയറ്റുമതി മാത്രമേ അനുവദിക്കൂ. ആദ്യത്തേത് ''ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷയ്ക്കായി അവിടത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കയറ്റുമതി ചെയ്യുന്നതും''. രണ്ടാമത്തേത് ട്രാന്‍സിഷണല്‍ ക്രമീകരണങ്ങള്‍ക്ക് കീഴിലുള്ള കയറ്റുമതിയാണെന്നും വ്യവസായ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞു.

ധാന്യ വില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമര്‍ശനം.