ആണവായുധങ്ങളില്ലാത്ത ലോകം ലക്ഷ്യം, ഇന്ത്യ പ്രതിജ്ഞാബദ്ധം; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വിദേശകാര്യ സെക്രട്ടറി 

 
d

ആണവ നിരായുധീകരണത്തിനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ആണവായുധങ്ങളില്ലാത്ത ലോകം എന്ന ലക്ഷ്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല  ഐക്യരാഷ്ട്രസഭയോട് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ വന്‍ നാശത്തിന് കാരണമായേക്കാവുന്ന ആണവായുധങ്ങള്‍ തടയുന്നതിനെ കുറിച്ചുള്ള യോഗത്തിലാണ് ശൃംഗ്ല ഇക്കാര്യം പറഞ്ഞത്. 1954 ല്‍ ആണവ പരീക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ആണവായുധ രഹിത ലോകം, ആണവായുധങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, രാജ്യം ആണവ നിരായുധീകരണത്തിന് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നു,'  യുഎന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ പ്രത്യേക സെഷന്റെ അന്തിമ രേഖയില്‍  അദ്ദേഹം പറഞ്ഞു.

ഇത്തരം മാരകമായ ആയുധങ്ങള്‍ ഇല്ലാതാക്കാന്‍ സാര്‍വത്രിക പ്രതിബദ്ധതയിലൂടെയും ആഗോള തലത്തിലുള്ള വിവേചനരഹിതവുമായ ബഹുസ്വര ചട്ടക്കൂടിലൂടെയും സാധിക്കുമെന്നും ശൃംഗ്ല പറഞ്ഞു. സമഗ്രമായ ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഇന്ത്യ ഉയര്‍ത്തിയ നിരവധി ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ ഇന്ത്യയ്ക്ക് അതില്‍ ചേരാനാകില്ലെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. എന്നിരുന്നാലും, ആണവ സ്‌ഫോടനാത്മക പരീക്ഷണത്തിന് ഇന്ത്യ സ്വമേധയാ, ഏകപക്ഷീയമായി മൊറട്ടോറിയം നിലനിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈന, ഫ്രാന്‍സ്, റഷ്യ, യുഎസ്്, യുകെ എന്നിങ്ങനെ ആണവ ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന അഞ്ച് രാജ്യങ്ങള്‍ക്ക് അനുകൂലമായ വിവേചനം ഇല്ലെങ്കില്‍ മാത്രമേ (Comprehensive Nuclear Test Ban Treaty) സിടിബിടി  യില്‍ ചേരുമെന്ന് ഇന്ത്യ മുമ്പ് പറഞ്ഞിരുന്നു. ആഗോള നിരായൂധീകരണ ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്നും ആഗോള ആണവ സുരക്ഷാ പദ്ധതി ശക്തിപ്പെടുത്തുന്നതില്‍ സജീവമായി സംഭാവന നല്‍കിയിട്ടുണ്ടെന്നും ശൃംഗ്ല പറഞ്ഞു.

'ആണവ സുരക്ഷാ ഉച്ചകോടി പ്രക്രിയയില്‍ ഇന്ത്യ പങ്കെടുത്തു, ഐഎഇഎ (ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സ) സംഘടിപ്പിക്കുന്ന ആണവ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പതിവായി പങ്കെടുത്തിരുന്നു,' അദ്ദേഹം കുറിച്ചു. അതേസമയം, ആണവായുധങ്ങളുടെ ശൃംഖലകള്‍, അവയുടെ വിതരണ സംവിധാനങ്ങള്‍, ഘടകങ്ങള്‍, പ്രസക്തമായ സാങ്കേതികവിദ്യകള്‍ എന്നിവയുടെ അനധികൃത വ്യാപനത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണമെന്നും ശൃംഗ്ല അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.