രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 28,591 രോഗികള്‍ 

 
covid children

സജീവ രോഗികളുടെ എണ്ണത്തില്‍ 6,595 പേരുടെ കുറവ്


രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 28,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 338 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 34,848 പേര്‍ രോഗമുക്തരായി. 3,84,921 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 6,595 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 

രാജ്യത്ത് ഇതുവരെ 3,32,36,921 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,24,09,345 പേര്‍ രോഗമുക്തരായി. 4,42,655 പേര്‍ രോഗബാധിതരായി മരിച്ചു. 1.33 ശതമാനമാണ് മരണനിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.51 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.87 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 79 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.17 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 54.18 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 73.82 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 20,487 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 43,55,191. ഇവരില്‍ 41,00,355 പേര്‍ രോഗമുക്തരായി. മരണം 22,484 ആയി. 2,32,352 പേരാണ് ഇനി ചികിത്സയിലുള്ളത്.