കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 25,404 രോഗികള്‍, സജീവ രോഗികളുടെ എണ്ണത്തിലും കുറവ്

 
Kerala Covid Updates

3,62,207 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 25,404 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 339 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 37,127 പേര്‍ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 12,062 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. ആകെ രോഗബാധിതരില്‍ 1.09 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 

രാജ്യത്ത് ഇതുവരെ 3,32,89,579 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,24,84,159 പേര്‍ രോഗമുക്തരായി. 4,43,213 പേര്‍ രോഗബാധിതരായി മരിച്ചു. 1.33 ശതമാനമാണ് മരണനിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.78 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 81 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.07 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 54.44 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 75.22 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും, കേരളം തന്നെയാണ് പ്രതിദിന കോവിഡ് കേസുകളില്‍ മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 15,058 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 43,90,489. ഇവരില്‍ 41,58,504 പേര്‍ രോഗമുക്തരായി. മരണം 22,650 ആയി. 2,09,335 പേരാണ് ഇനി ചികിത്സയിലുള്ളത്. സജീവരോഗികളുടെ എണ്ണത്തില്‍ 13,480 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.