വെടിയേറ്റവരിൽ രണ്ടുപേർ ഹൈദരാബാദുകാർ; കുടുംബാംഗങ്ങൾക്ക് ന്യൂ സീലാൻഡിൽ പോകാന്‍ വഴിയൊരുക്കണമെന്ന് അസദുദ്ദീൻ ഒവൈസി

 
വെടിയേറ്റവരിൽ രണ്ടുപേർ ഹൈദരാബാദുകാർ; കുടുംബാംഗങ്ങൾക്ക് ന്യൂ സീലാൻഡിൽ പോകാന്‍ വഴിയൊരുക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂ സീലാൻഡിൽ തീവ്രവാദികൾ പള്ളിയിൽ കയറി വെടിയുതിർത്ത സംഭവത്തിൽ രണ്ട് ഇന്ത്യാക്കാര്‍ക്ക് അപകടം പിണഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ആൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി. അഹ്മദ് ജഹാംഗീർ, ഫർഹാജ് അഹ്സാന്‍ എന്നീ രണ്ട് ഹൈദരാബാദ് സ്വദേശികൾക്കും വെടിയേറ്റിട്ടുണ്ട്.

'ക്രൈസ്റ്റ്ചർച്ചിൽ നിന്നുള്ള വീഡിയോയിൽ ഒരു അഹ്മദ് ജഹാംഗീറിന് വെടിയേറ്റിട്ടുണ്ടെന്ന് കാണുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഇഖ്ബാൽ ജഹാംഗീർ ഹൈദരാബാദിലെ താമസക്കാരനാണ്. അഹ്മദിനു വേണ്ടി അദ്ദേഹം ന്യൂ സീലാൻഡിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു.' -ഒവൈസി ട്വീറ്റ് ചെയ്തു. കുടുംബത്തിനു വേണ്ടത് ചെയ്തു നൽകണമെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനോട് ഒവൈസി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഫഹ്റാജ് അഹ്സൻ എന്ന ഹൈദരാബാദുകാരനും വെടിയേറ്റവരുടെ കൂട്ടത്തിലുണ്ടെന്ന വിവരം വരുന്നത്. ഇതും ഒവൈസി തന്നെ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഫഹ്റാജിന്റെ കുടുംബത്തെ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പരും സഹിതമായിരുന്നു ട്വീറ്റ്.

ഇന്ത്യയിലുള്ള ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി വിസ ലഭ്യമാക്കണമെന്നാണ് ഒവൈസി സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. ഇഖ്ബാൽ ജഹാംഗീറിന്റെ കുടുംബം ന്യൂ സീലാൻഡിലാണ് ഉള്ളത്. ഭാര്യയും രണ്ട് കുട്ടികളും അവിടെയുണ്ട്. അവർക്ക് സഹായമാവശ്യമാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി.

ന്യൂ സീലാൻഡ് തലസ്ഥാനമായ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. സായാഹ്ന പ്രാർത്ഥനകള്‍ നടക്കുന്നതിനിടെ അക്രമികൾ അകത്തു ചെല്ലുകയും വെടിയുതിർക്കുകയുമായിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇതുവരെ 49 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാൾ ഓസ്ട്രേലിയക്കാരനാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അക്രമികൾ തങ്ങൾ നടത്തിയ ആക്രമണങ്ങളിലൊന്ന് ലൈവ് സ്ട്രീം ചെയ്യുകയുമുണ്ടായി.