കുറ്റവാളികൾ അധികാരവും പണവുമുപയോഗിച്ച് തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു: ഇന്ത്യയില്‍ മീ ടൂ ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് സംഭവിക്കുന്നത്

 
കുറ്റവാളികൾ അധികാരവും പണവുമുപയോഗിച്ച് തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു: ഇന്ത്യയില്‍ മീ ടൂ ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് സംഭവിക്കുന്നത്

മീ ടൂ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ദില്ലി പട്യാല ഹൗസ് കോടതിയില്‍ മൊഴി നല്‍കാന്‍ വന്നിരുന്നു. വിചാരണ നടക്കുന്നതിനിടെ പരാതിക്കാരിയുടെ അഭിഭാഷക ചോദിച്ച ഒന്നിനും വ്യക്തമായ മറുപടി നല്‍കാതെ ‘എനിക്കൊന്നും ഓര്‍മ്മയില്ല’ എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമപ്രവർത്തകയായ പ്രിയാ രമാനിയാണ് ആദ്യം അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഒരുകാലത്ത് അക്ബറിന്റെ സഹപ്രവർത്തകരായിരുന്ന നിരവധി വനിതകള്‍ സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെയെല്ലാം, അപകീർത്തികരമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയാണ് ഇക്കണ്ട കാലമത്രയും അദ്ദേഹം ചെയ്തത്. കേസിൽ ഇനി മെയ് 20-ന് വാദം തുടരും.

ഇന്ത്യയില്‍ ‘മീ ടൂ’ ആരോപണം ഉന്നയിച്ചവര്‍ നേരിടുന്ന വലിയ വെല്ലുവിളികളുടെ പ്രതീകമാണ് ഈ കേസ്. സമൂഹത്തില്‍ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെട്ടവര്‍ അധികാരവും പണവുമുപയോഗിച്ച് അബലരായ മനുഷ്യര്‍ക്കെതിരെ പ്രതികാര നടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. ആരോപണം ഉന്നയിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഉന്നതകുലജാതരായതുകൊണ്ട് ചൂഷണത്തിനു വിധേയരായവര്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. കോടതിമുറികളിലും തെരുവുകളിലും ജോലി സ്ഥലങ്ങളിലും വീടുകളിലുമെല്ലാം നിരന്തരം തിരിച്ചടി നേരിടുകയാണ്.

കുറ്റാരോപിതരായ പുരുഷന്മാരെല്ലാം കടുത്ത അമര്‍ഷത്താല്‍ ഞെളിപിരികൊള്ളുകയാണെന്നും, അപമാനത്തിന്റെ പടുകുഴിയില്‍ വീണ അവര്‍ തിരിച്ചുവന്ന് എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുകയാണെന്നും മാധ്യമ-സാമൂഹ്യ പ്രവര്‍ത്തകയായ ഋതുപർണ ചാറ്റർജി പറയുന്നു. ഇതു സംബന്ധിച്ച് ‘മീ ടൂ ഇന്‍ ഇന്ത്യ എന്ന പേരില്‍ ഒരു പുസ്തകംതന്നെ അവര്‍ എഴുതിയിട്ടുണ്ട്. ‘ഇത്തരത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ് പ്രിയ. അവരുടെ നിസ്സഹായതയും നിരാശയും അമര്‍ഷവുമൊന്നും നമുക്ക് ഊഹിക്കാന്‍ കഴിയില്ല. കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരുണ്ട്. വക്കീല്‍ നോട്ടീസുകളും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും കാരണം വീര്‍പ്പുമുട്ടുന്നവരുണ്ട്’.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകൾക്കുമുന്നിലും സുപ്രീം കോടതിയുടെ മുന്നിലുമൊക്കെ പ്രതിഷേധം സംഘടിപ്പിച്ച സ്ത്രീകളെ തടവിലാക്കുകയാണ് ചെയ്തത്. ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരാതി തളളി. ആഭ്യന്തര അന്വേഷണമായതിനാൽ റിപ്പോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ അഭിഭാഷകയെ തെളിവെടുപ്പില്‍ ഹാജരാക്കാന്‍ സമ്മതിച്ചിരുന്നില്ല. അതോടെ കൂടുതല്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണം ഉന്നയിച്ചവര്‍ക്ക് മതിയായ നിയമ സുരക്ഷപോലും ലഭിക്കുന്നില്ല എന്ന ആശങ്കയാണ് സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്നത്.

മീ ടൂവിന്റെ അലയൊലികള്‍ ഏറെക്കുറെ കെട്ടടങ്ങിയിരിക്കുന്നു. ലൈംഗികപീഡനത്തിന് ഇരയായവള്‍ എന്നാല്‍ എന്തോ കുറവ് സംഭവിച്ചവളാണെന്ന പൊതുബോധനിര്‍മ്മിതിയെ പൊളിച്ചെഴുതാന്‍ കുറച്ചെങ്കിലും മീ ടൂവിന് കഴിഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ക്കുള്ള പ്രത്യേകിച്ച് തെളിവുകളൊന്നും കാണിക്കാന്‍ കഴിയിയാത്തതിനാല്‍ കോടതിക്ക് കേസെടുക്കാനുള്ള ബുദ്ധിമുട്ടുകളുണ്ടാകും. നഗരജീവിതത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന ആളുകളാണ് കൂടുതലായും ആരോപണങ്ങളുമായി രംഗത്തുവന്നത്. അവര്‍ക്കുതന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അപ്പോള്‍പിന്നെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന നിരന്തരം നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താകും?.