ചൈനക്കെതിരായ പ്രതിരോധ സഹകരണം; ഇന്ത്യന്‍ സേനയുടെ ഏകീകരണം വീണ്ടും ചര്‍ച്ചയാകുന്നു

 
Indian Military

നിലവിലെ സ്ഥിതി പ്രധാന പോരായ്മയെന്ന് വിലയിരുത്തല്‍

ചൈനക്കെതിരായ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്ന യുഎസുമായും അവരുടെ സഖ്യകക്ഷികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ അടുക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍, രാജ്യത്തിന്റെ സൈനിക ശക്തിയെ കുറച്ചുകൂടി മെച്ചപ്പെടുത്തി സജ്ജമാക്കാനുള്ള, കാലങ്ങളായി മാറ്റിവെച്ച പദ്ധതികള്‍ക്കു കൂടിയാണ് ഇതോടെ പുതുജീവന്‍ ലഭിക്കുന്നത്. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ ബൈഡന്‍, സ്‌കോട്ട് മോറിസണ്‍, യോഷിഹിദെ സുഗ എന്നിവര്‍ക്കൊപ്പം ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുമ്പോള്‍, സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ പുനരേകീകരണത്തിനുള്ള പുതിയ ചുവടുവെപ്പുകള്‍ കൂടിയാകുമെന്നാണ് ബ്ലൂംബെര്‍ഗ് വിലയിരുത്തുന്നത്. ഏഷ്യ-പസഫിക് സമുദ്രത്തില്‍ കൂടുതല്‍ ആണവോര്‍ജ അന്തര്‍വാഹിനികള്‍ കൊണ്ടുവരുവാന്‍ യുഎസും യുകെയും ആസ്ര്‌ടേലിയയുമായി പദ്ധതി തയ്യാറാക്കുമ്പോള്‍, കര, വ്യോമ, നാവിക സേനയെ സംയോജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇന്ത്യ സജീവമാക്കുന്നത്.  

പാകിസ്ഥാന്‍ അതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന കരസേന യൂണിറ്റിനോട് നാവിക, വ്യോമസേനയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ മാസം രൂപീകരിച്ച സൈനിക കാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ മാതൃക രാജ്യമെങ്ങും നടപ്പാക്കുകയാണ് ലക്ഷ്യം. അത്തരത്തില്‍ 2024ഓടെ പുതിയ സൈനിക പ്രവര്‍ത്തന ഘടന കൊണ്ടുവരാനാണ് നീക്കമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 

സംഘര്‍ഷ സമയങ്ങളില്‍, യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനികരുമായി വളരെ വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ ഏകീകൃതമായ ഇന്ത്യന്‍ സായുധ സൈന്യത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. യുഎസ്, ആസ്ട്രേലിയ, യുകെ എന്നിവര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച AUKUS പങ്കാളിത്തത്തിന്റെ ഒരു പ്രധാന വശം പ്രതിരോധ മേഖലകളില്‍ പരസ്പര പ്രവര്‍ത്തനക്ഷമത ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഇന്ത്യക്ക് നിലവില്‍ സ്വന്തം സേനയ്ക്കുള്ളില്‍ ഇല്ലാത്തതും അതാണ്. 

''ഇന്ത്യന്‍ സൈന്യത്തിന്റെ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ഒരു സമയം പങ്കാളിയാക്കാമെന്നാണ് ക്വാഡ് നേതാക്കള്‍ നേരത്തെ നിരീക്ഷിച്ചിരുന്നത്. നാവിക സേന അല്ലെങ്കില്‍ വ്യോമ സേന എന്നതായിരുന്നു അവരുടെ നയം. ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സംയുക്തമായി നടത്തുമ്പോള്‍ ഇത്തരമൊരു നിലപാട് പരസ്പര സഹകരണത്തെ ബാധിക്കും'' - ഇന്ത്യ ആസ് ആന്‍ ഏഷ്യ പസഫിക് പവര്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ആസ്ര്‌ടേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെക്യൂരിറ്റി കോളേജിലെ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോയുമായ ഡേവിഡ് ബ്രൂസ്റ്റര്‍ അഭിപ്രായപ്പെടുന്നു. 

അയല്‍രാജ്യങ്ങളില്‍ പലപ്പോഴായി സംഭവിച്ച സൈനിക അട്ടിമറിക്കുള്ള സാധ്യത പോലും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ തങ്ങളുടെ സൈനിക ശക്തിയുടെ അധികാരവും നിയന്ത്രണങ്ങളും വിഭജിച്ചത്. സൈനിക വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള നിര്‍ദേശങ്ങളുണ്ടായെങ്കിലും 1990കള്‍ മുതല്‍ അവയെല്ലാം എതിര്‍ക്കപ്പെട്ടു. എന്നാല്‍, ചൈനക്കെതിരായ ചെറുത്തുനില്‍പ്പിന് നിലവിലെ സ്ഥിതി പ്രധാന പോരായ്മയാണെന്നാണ് വിലയിരുത്തല്‍. മേഖലയിലെ വെല്ലുവിളികളും സാങ്കേതിക മാറ്റങ്ങളും നേരിടുന്നതിന്റെ ആധുനികവത്കരണം ഇന്ത്യന്‍ സേനയില്‍ നടക്കുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രാലയം വക്താവ് ഭരത് ഭൂഷണ്‍ ബാബു പറയുന്നത്. അതേസമയം, എന്താണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര, നാവിക, വ്യോമ സേനാ വൃത്തങ്ങളുടെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

പാകിസ്ഥാന്‍, ചൈന, ഇന്ത്യന്‍ മഹാസമുദ്രം, വ്യോമ പ്രതിരോധം എന്നിങ്ങനെ നാല് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തില്‍ ഇന്ത്യന്‍ സൈന്യം മാറുന്നതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ജമ്മു കാശ്മീരിന്റെ വടക്കന്‍ മേഖലയെ തല്‍ക്കാലം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കര, നാവിക, വ്യോമ മേഖലകളില്‍ സൈന്യത്തിന് പരിധികളില്ലാത്ത പ്രവര്‍ത്തനം അനുവദിക്കാനാണ് നീക്കം. ചൈനയുമായും പാകിസ്ഥാനുമായി തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തികളിലെ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന റഡാര്‍ ശൃംഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിസൈല്‍, ഗണ്‍ റെജിമന്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ യുദ്ധക്കപ്പലുകള്‍, പട്രോളിംഗിന് ആവശ്യമായ കപ്പലുകളും വിമാനങ്ങളും, സൈനികര്‍, യുദ്ധവിമാനങ്ങള്‍ എന്നിവ സജ്ജമാക്കുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി. 

2.1 മില്യണ്‍ സ്ഥിരം സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. 1.2 മില്യണ്‍ സ്ഥിരം സൈനികരും 960,000 കരുതല്‍ സൈനികരുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പ്രതിരോധ ബജറ്റിന്റെ ഭൂരിഭാഗവും സൈനികരുടെ ശമ്പളത്തിനും പെന്‍ഷനുമാണ് ഇന്ത്യ ചെലവിടുന്നത്. സൈനിക വിഭാഗങ്ങളെയാകെ ഒറ്റ ഓഫീസ് അധികാരത്തിനുകീഴില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാമെന്നും വിലയിരുത്തപ്പെടുന്നു.