ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട താഷ്‌കന്റ് കരാറും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും

 
D

1966 ജനുവരി 10ന്, 1965ലെ ഇന്ത്യ - പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാനക്കരാറില്‍ ഇരു രാജ്യങ്ങളും താഷ്‌കന്റില്‍ വച്ച് ഒപ്പുവച്ചു. താഷ്‌കന്റ് കരാര്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്നും മറ്റ് ശക്തികളെ ഇതിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഭയന്ന വന്‍ ശക്തികള്‍ വെടിനിറുത്തലിനായി ഇരു രാജ്യങ്ങളെയും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 23ന് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. താഷ്‌കന്റ് സമ്മേളനം ഒരു വലിയ വിജയമായായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നീണ്ടുനില്‍ക്കുന്ന സമാധാനത്തിനുള്ള ചട്ടക്കൂടാവും പുറത്തിറക്കിയ പ്രഖ്യാപനം എന്നായിരുന്നു പൊതുവായ പ്രതീക്ഷ.

1965 ഏപ്രിലിനും സെപ്തംബറിനും ഇടയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കലഹങ്ങളുടെ മൂര്‍ദ്ധന്യമായിരുന്നു 1965ലെ ഇന്തോ-പാകിസ്ഥാന്‍ യുദ്ധം. ഇന്ത്യന്‍ ഭരണത്തിനെതിരെ കലാപം സൃഷ്ടിക്കുന്നതിനായി ജമ്മു കാശ്മീരിലേക്ക് സേനകളെ കയറ്റിവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പാകിസ്ഥാന്‍ രൂപം കൊടുത്ത ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിന് ശേഷമാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഒരു സമ്പൂര്‍ണ സൈനീക ആക്രമണം നടത്തിക്കൊണ്ട് ഇന്ത്യ തിരിച്ചടിച്ചു. ഇരുഭാഗത്തുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവനാശത്തിന് ഇടയാക്കിയ 17 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍, സായുധ വാഹനങ്ങള്‍ വലിയ രീതിയില്‍ ഇടപെടുകയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടാങ്ക് യുദ്ധമായി മാറുകയും ചെയ്തു. സോവിയറ്റ് യൂണിയനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ വെടിനിറുത്തലിന് യുഎന്‍ നിര്‍ദ്ദേശിച്ചതോടെയാണ് ഇരു ഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത്. ഇതിന്റെ പരിണിതഫലമായിരുന്നു താഷ്‌കന്റ് കരാര്‍.

കൂടുതല്‍ സുസ്ഥിരമായ ഒരു ഉടമ്പടി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1966 ജനുവരി നാല് മുതല്‍ പത്തുവരെ യുഎസ്എസ്ആറിലെ ഉസ്ബക് എസ്എസ്ആറിലെ (ഇപ്പോള്‍ ഉസ്ബക്കിസ്ഥാന്‍) താഷ്‌കന്റിലായിരുന്നു ഉച്ചകോടി നടന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാകിസ്താന്‍ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍ മധ്യസ്ഥനായി. ഐക്യരാഷ്ട്ര സഭ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും കാശ്മീരില്‍ 1949ലെ വെടിനിറുത്തല്‍ രേഖയിലേക്ക് പിന്മാറാനും ഇന്ത്യയും പാകിസ്ഥാനും നിര്‍ബന്ധിതരായി. ഒരു യുദ്ധ വിരുദ്ധ ഉടമ്പടിയോ കാശ്മീരിലെ ഒളിപ്പോരിനെ നിരാകരിക്കുയോ ചെയ്യുന്നില്ല എന്നതിന്റെ പേരില്‍ ഇന്ത്യയില്‍ കരാര്‍ വിമര്‍ശന വിധേയമായി. കരാറില്‍ ഒപ്പുവച്ച ശേഷം, ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്‌കന്റില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് 1966 ജനുവരി 11 രാത്രി ഹൃദയാഘാതം മൂലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചുവെന്ന് പെട്ടെന്ന് വാര്‍ത്ത വന്നത്. അദ്ദേഹത്തിന്റെ സംശയാസ്പദമായ മരണത്തില്‍ ഇന്നും ദുരൂഹത നിലനില്‍ക്കുന്നു. പാകിസ്ഥാനില്‍ ആയൂബ് ഖാന്റെ പ്രതിശ്ചായയെ വലിയ രീതിയില്‍ തകര്‍ക്കാനും ഒടുവില്‍ അദ്ദേഹത്തിന്റെ വീഴ്ചയ്ക്കും താഷ്‌കന്റ് കരാര്‍ കാരണമായി. 

Also Read: 'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി