കാലാവസ്ഥാ വ്യതിയാനം; 'സീറോ കാര്‍ബണ്‍' പരിഹാരമല്ല: കോപ് 26നു മുന്നോടിയായി നിലപാട് വ്യക്തമാക്കി ഇന്ത്യ

 
Climate Change
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങള്‍ അംഗീകരിക്കണം 

കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനുള്ള 'സീറോ കാര്‍ബണ്‍' ശ്രമങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു പരിഹാരമല്ലെന്ന് ഇന്ത്യ. ഈമാസം 31ന് കോപ് 26 കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങള്‍ അംഗീകരിക്കുകയും, വികസ്വര രാജ്യങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുകയും വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവ് പറഞ്ഞു. ചൈനയ്ക്കും യുഎസിനും ശേഷം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ഗ്ലാസ്ഗോയില്‍ നടക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒരു പരിഹാരത്തിന്റെ ഭാഗമാകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യാദവ് പറഞ്ഞു.

2015ലെ പാരീസ് കോണ്‍ഫറന്‍സില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണ് ഇന്ത്യ. അവ പുതുക്കാനുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്. 2030ഓടെ ജിഡിപിയിലെ ബഹിര്‍ഗമന തീവ്രത 2005ലേതില്‍നിന്ന് 33-35 ശതമാനം കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2016ല്‍ 24 ശതമാനം കുറയ്ക്കുന്നതില്‍ രാജ്യം വിജയിച്ചിരുന്നു. 

സമ്പന്ന രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം പോലുമില്ലാതെയാണ് ഇന്ത്യ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലക്ഷ്യങ്ങളില്‍ എത്തിയതെന്ന് മുതിര്‍ന്ന പരിസ്ഥിതി ഉദ്യോഗസ്ഥന്‍ രാമേശ്വര്‍ പ്രസാദ് ഗുപ്ത പറയുന്നു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ചെലവ് 2.5 ട്രില്യണ്‍ ഡോളറാണെന്ന് 2019ലെ ധനമന്ത്രാലയ രേഖയില്‍ പറയുന്നു. ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും, 1850 മുതല്‍ മൊത്തം ബഹിര്‍ഗമനത്തിന്റെ 4 ശതമാനം മാത്രമാണ് രാജ്യത്തിന്റെ സംഭാവനയെന്നും ഗുപ്ത പറയുന്നു. 

കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിക്കുന്ന സാഹചര്യത്തില്‍, 'നെറ്റ് സീറോ കാര്‍ബണ്‍' എന്നതുമാത്രം ഒരു പരിഹാരമല്ല. അത്തരമൊരു ലക്ഷ്യത്തിലേക്ക് എത്തുമ്പോള്‍, അന്തരീക്ഷത്തിലേക്ക് എത്രത്തോളം കാര്‍ബണ്‍ തള്ളുന്നു എന്ന കാര്യത്തില്‍ കൂടി രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വികസ്വര രാജ്യങ്ങള്‍ക്ക് വളരാനും സഹായത്തിനും ഇടം ആവശ്യമാണ്. അതില്ലാത്തപക്ഷം, വികസനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനോ മോശം ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനോ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. എന്നാല്‍, ഇന്ത്യ കല്‍ക്കരിയെയാണ് ആശ്രയിക്കുന്നത്. ഫോസില്‍ ഇന്ധനത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. കൂടാതെ വിപുലമായ കരുതല്‍ ശേഖരവുമുണ്ട്. അതിനാല്‍ അത് തുടരാനാകും. വൈദ്യുതി ആവശ്യകത കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് രാജ്യത്തെ കല്‍ക്കരിയില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.