"റഡാറുകള് സാക്ഷി": ബലാകോട്ട് ബോംബിംഗില് നാല് കെട്ടിടങ്ങള് തകര്ന്നു, പാകിസ്താന്റെ പൈന് മര നശീകരണ വാദം തെറ്റെന്ന് ഇന്ത്യ

 
"റഡാറുകള് സാക്ഷി": ബലാകോട്ട് ബോംബിംഗില് നാല് കെട്ടിടങ്ങള് തകര്ന്നു, പാകിസ്താന്റെ പൈന് മര നശീകരണ വാദം തെറ്റെന്ന് ഇന്ത്യ

പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബിംഗില്‍ ഒരു പൈന്‍ മരക്കാടിന് മാത്രമാണ് നാശമുണ്ടായത് എന്ന പാകിസ്താന്റെ വാദം തള്ളി ഇന്ത്യ. ബലാകോട്ടില്‍ ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്ഷ് ഇ മുഹമ്മദ് നിയന്ത്രണത്തിലുള്ള തലീം ഉള്‍ ഖുര്‍ ആന്‍ മദ്രസയെ ആണ് ലക്ഷ്യം വച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പയുന്നത്.

അതേസമയം ഈ മദ്രസയിലുണ്ടായിരുന്ന ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ നിന്ന് മാറ്റിയിരുന്നു എന്നാണ് പ്രദേശവാസികള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. മദ്രസയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ബോംബ് വീണതിന്റെ എന്തെങ്കിലും ലക്ഷണങ്ങളില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

ടെക്‌നിക്കല്‍ ഇന്റലിജന്‍സിന്റെ പരിമിതികളും ഗ്രൗണ്ട് ഇന്റലിജന്‍സിന്റെ അഭാവവും കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമാണ്. അതേസമയം സിന്തറ്റിക് അപര്‍ചര്‍ റഡാറില്‍ (എസ്എആര്‍) നിന്നുള്ള ചിത്രങ്ങളുടെ രൂപത്തിലുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പക്കലുണ്ട്. മിറാഷ് 2000 യുദ്ധവിമാനങ്ങളിലെ ഇസ്രയേല്‍ നിര്‍മ്മിത ബോംബുകളായ എസ് 2000 പ്രിസിഷന്‍ ഗൈഡഡ് മ്യൂണിഷന്‍ (പിജിഎം) ഉപയോഗിച്ചാണ് നാല് ടാര്‍ഗറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ജാമ്മര്‍ പ്രൂഫ് ബോംബുകളായ എസ് 2000 ഏത് മോശം കാലാവസ്ഥയിലും കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ജബ ഗ്രാമത്തിലെ പൈന്‍ മരക്കാട്ടില്‍ ബോംബ് വീണ് കുഴി രൂപപ്പെട്ടെന്നും മരങ്ങള്‍ നശിച്ചെന്നുമുള്ള പാകിസ്താന്റെ വാദം ഇന്ത്യ തള്ളിക്കളയുന്നു.

ആക്രമണം നടന്നയുടന്‍ എന്തിനാണ് പാക് ആര്‍മി മദ്രസ സീല്‍ ചെയ്തത്? എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ട് കടത്തിവിടാത്തത്? പ്രദേശം മുഴുവനായി പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ നിന്ന് വിവരങ്ങളൊന്നും കിട്ടാനുള്ള വഴിയില്ല. കെട്ടിടങ്ങളുടെ റൂഫ് പെട്ടെന്ന് മാറ്റിയിരുന്നു. സിജിഐ ഷീറ്റുകള്‍ കൊണ്ടുള്ളതാണ് റൂഫ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്ന് ഗസ്റ്റ് ഹൗസ് ആയി ഉപയോഗിച്ചിരുന്നു. ജയ്ഷ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ ഇവിടെ ഇടയ്ക്കിടെ വന്ന് താമസിച്ചിരുന്നു. എല്‍ ഷേപ്പിലുള്ള കെട്ടിടത്തിലാണ് പരിശീലകര്‍ താമസിച്ചിരുന്നത്. ഇരു നില കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത് - ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എസ്ആആര്‍ ഇമേജറി വിവരങ്ങള്‍ പുറത്തുവിടണോ എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.