രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു;24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികള്‍ 

 
covid

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3303 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നത്. 24 മണിക്കൂറിനിടെ 2563 പേര്‍ രോഗമുക്തി നേടി. 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.  ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമേണെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കഴിഞ്ഞിവസം മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും യോജിച്ച് പ്രവര്‍ത്തിക്കണം. ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ വെല്ലുവിളിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. രാജ്യത്തെ 96 ശതമാനം മുതിര്‍ന്നവരും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. 85 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. അതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ സംഘടിപ്പിക്കണം. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.