രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 90 ശതമാനം വര്‍ധനവ്; ഡല്‍ഹിയില്‍ മാസ്ക് നിര്‍ബന്ധമാക്കിയേക്കും

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഇന്ത്യയില്‍ ഏകദേശം 90 ശതമാനം വര്‍ധനവ്. ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 2,183 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണ്. 940 രോഗികളാണ് സംസ്ഥാനത്ത് റിപോര്ട്ട്ചെയ്തത്.

ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്ക്ലോഗ് ഡാറ്റയ്ക്ക് പുറമേ മരണങ്ങളുടെ എണ്ണം പുതുക്കിയിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് .83 ശതമാനമായിരിക്കുമ്പോള്‍, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് .32 ശതമാനമാണ്. ഞായറാഴ്ച രാജ്യത്ത് 1,150 കേസുകളും രാജ്യത്തുടനീളം നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയും സ്കൂളുകള്‍ തുറന്ന് ക്ലാസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ആശങ്കാജനകമായ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ഡല്‍ഹിയില്‍ ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ ഇതുവരെ 18,68,550 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,160 പേര് മരിച്ചു. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. യഥാക്രമം 325, 366, 461 കേസുകളാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ നേരത്തെ പ്രതിദിന കേസുകള്‍ 30-ല്‍ താഴെ എത്തിയിരുന്നു.
കോവിഡ് വ്യാപനം ആശങ്കയാവുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു.
ജനുവരിയിലെ മൂന്നാമത്തെ തരംഗം പ്രതിദിന കണക്ക് 3 ലക്ഷത്തിന് മുകളിലാക്കിയതിന് ശേഷം അണുബാധയില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു.