വിത്തെടുത്ത് കുത്തുന്ന മോദി സര്‍ക്കാര്‍; കരുതല്‍ ശേഖരം തുറന്നാല്‍ ഇന്ധന വില കുറയുമോ?

 
Crude Oil

യുഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്മര്‍ദ തന്ത്രം ഫലം കാണുമോ? 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോഴും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്ത എണ്ണ ഉല്‍പാദക രാജ്യങ്ങളോട് (ഒപെക്) പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് എണ്ണ ഉപഭോഗ രാജ്യങ്ങള്‍. രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം പുറത്തെടുത്ത് ശുദ്ധീകരിച്ച് കമ്പനികള്‍ക്ക് ലഭ്യമാക്കാനാണ് നീക്കം. ഇറക്കുമതി നിര്‍ത്തിവെച്ചുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ ആവശ്യകതയില്‍ ഇടിവുണ്ടാക്കി വില കുറപ്പിക്കുകയെന്ന സമ്മര്‍ദ തന്ത്രമാണ് യുഎസിന്റെ നേതൃത്വത്തില്‍ രാജ്യങ്ങള്‍ പയറ്റുന്നത്. ഇന്ത്യ, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും യുഎസിന് ഒപ്പമുണ്ട്. കരുതല്‍ എണ്ണ ശേഖരം തുറക്കുന്നതായി യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യ അതിനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍, ഇന്ധനവില വര്‍ധന, വിലക്കയറ്റം, നാണയപ്പെരുപ്പം എന്നിവ കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം. അതേസമയം, ഉല്‍പാദനം വര്‍ധിപ്പിക്കില്ലെന്നാണ് ഒപെക് രാജ്യങ്ങളുടെ നിലപാട്. എണ്ണ കച്ചവടത്തിന്റെ പേരില്‍ ലോകം രണ്ട് ചേരിയില്‍നിന്ന് പോരടിക്കുമ്പോള്‍ ജയം ആര്‍ക്കായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. അതിനിടെ, ഇന്ത്യയുടെ തീരുമാനം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നും കരുതല്‍ എണ്ണ ശേഖരം പുറത്തെടുക്കുന്നത് ഇന്ധന വില കുറയാന്‍ കാരണമാകുമോയെന്നും പരിശോധിക്കാം. 

ലോകം രണ്ടുചേരിയിലേക്ക്
ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ (ഒപെക്) തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് എണ്ണ ഉപഭോഗ രാജ്യങ്ങള്‍ സമ്മര്‍ദതന്ത്രം പുറത്തെടുക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ, യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് കരുതല്‍ ശേഖരത്തില്‍നിന്ന് എണ്ണയെടുത്ത് കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം ആദ്യം നടത്തിയത്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളോട് സമാന നടപടി സ്വീകരിക്കണമെന്നും ബൈഡന്‍ അഭ്യര്‍ഥിച്ചു. ക്രൂഡ് ഓയില്‍ ശേഖരത്തില്‍നിന്ന് അഞ്ച് കോടി ബാരല്‍ പുറത്തെടുത്ത് ശുദ്ധീകരിച്ച് കമ്പനികള്‍ക്കു നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, 50 ലക്ഷം ബാരല്‍ പുറത്തെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. ചൈനയും സമാന നടപടികള്‍ ആരംഭിച്ചു. അതേസമയം, കരുതല്‍ ശേഖരം എടുക്കുന്നതിന് ജപ്പാന് നിയമപരമായ തടസങ്ങളുണ്ട്. അതിനാല്‍, നിയമപ്രകാരം ആവശ്യമുള്ള മിനിമം ശേഖരം നിലനിര്‍ത്തി, ബാക്കിയുള്ളത് വിപണിക്കു നല്‍കാനാണ് ജപ്പാന്റെ തീരുമാനം. കരുതല്‍ ശേഖരത്തില്‍നിന്നും പുറത്തെടുക്കുന്ന എണ്ണയുടെ അളവ് കുറവായിരിക്കും. എന്നാല്‍, എണ്ണ ഉപഭോഗ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന നീക്കം, ആഗോള എണ്ണ വ്യവസായത്തിലെ പുതിയ ചരിത്രമാകും.

വഴങ്ങാതെ ഒപെക്
വില നിയന്ത്രണത്തിനായി ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഒപെക്കിനോട് ആവശ്യപ്പെട്ടിരുന്നു. വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഒപെക് ബോധപൂര്‍വം വില ഉയര്‍ത്തുന്നതാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, ആവശ്യവും ആരോപണങ്ങളും തള്ളിയ ഒപെക് നിലവില്‍ അത്തരമൊരു സാഹചര്യമില്ലെന്നും മറുപടി നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് പ്രയോജനകരമല്ലെന്നും ഒപെക് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് യുഎസ് നേതൃത്വത്തില്‍ രാജ്യങ്ങള്‍ കരുതല്‍ എണ്ണ നിക്ഷേപം പുറത്തെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, രാജ്യങ്ങള്‍ തുടരുന്ന സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഒപെക് തീരുമാനം. ആവശ്യത്തിനുള്ള എണ്ണ വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ല. അത്തരമൊരു സാഹചര്യം നിലവിലില്ലെന്നുമാണ് യുഎഇ എണ്ണമന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇയുടെ പ്രതികരണം. 

യുഎസിന്റെ നേതൃത്വത്തിലുള്ള സമ്മര്‍ദ നീക്കത്തില്‍, സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയും (ഒപെക് പ്ലസ്) പ്രതികരണം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വിപണിയുടെ ഉത്തേജനം സാധ്യമാക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നായിരുന്നു ഇരുകൂട്ടരും നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പ്രധാനപ്പെട്ട എണ്ണ ഉപഭോഗ രാജ്യങ്ങള്‍ കരുതല്‍ ശേഖരം പുറത്തെടുക്കുന്നതോടെ, ഇറക്കുമതി കുറയുമെന്നതിനാല്‍ ഉല്‍പാനം കുറയ്ക്കുമെന്നാണ് ഒപെക് പ്ലസ് നല്‍കുന്ന മുന്നറിയിപ്പ്. അടുത്തമാസം രണ്ടിന് നടക്കുന്ന ഒപെക് നേതൃയോഗത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷമാകും ഒപെക് ഔദ്യോഗിക തീരുമാനം അറിയിക്കുക.

ഇന്ത്യ കരുതല്‍ ശേഖരം തുറക്കുന്നത് ആദ്യം
കടുത്ത ഇന്ധനക്ഷാമം നേരിടുമ്പോഴും, യുദ്ധം ഉള്‍പ്പെടെ അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഭൂഗര്‍ഭ സംരഭണികളില്‍ ക്രൂഡ് ഓയില്‍ സംഭരിച്ചുവെക്കുന്നത്. 90 ദിവസത്തെ ഇറക്കുമതിക്കു തുല്യമായ ക്രൂഡ് ഓയില്‍ സംഭരിച്ചുവെക്കണമെന്നാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അംഗങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കര്‍ണാടകയിലെ മംഗളൂരു, പദൂര്‍, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് എണ്ണ സംഭരണികള്‍ ഉള്ളത്. എണ്ണ വിതരണമോ ഇറക്കുമതിയോ ഇല്ലാതായാല്‍ പോലും 9.5 ദിവസം ഉപയോഗിക്കാനാവശ്യമായ എണ്ണ സംഭരണികളിലുണ്ട്. രണ്ടു മാസത്തോളം പിടിച്ചു നില്‍ക്കാനുള്ള ശേഖരം റിഫൈനറികളിലുണ്ട്. ഒഡീഷയിലെ ചന്ദിഖോലിലും പദൂരിലൂം ഓരോ സംഭരണികള്‍ വീതം നിര്‍മാണത്തിലുമാണ്. അതേസമയം, ഇന്ത്യ ആദ്യമായാണ് കരുതല്‍ എണ്ണ ശേഖരത്തില്‍ കൈവെക്കുന്നത്. എണ്ണ ഉല്‍പാദക രാജ്യങ്ങളെ കടുത്ത പ്രതിസന്ധി ബാധിച്ച നാളുകളിലൊന്നും ഇന്ത്യ അത്തരമൊരു സാഹസത്തിനു മുതിര്‍ന്നിട്ടില്ല. എന്നാല്‍, 1991ലെ ഇറാഖ് ആക്രമണനാളിലും 2005ല്‍ കത്രീന ചുഴലിക്കാറ്റ് എണ്ണ ഉല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചപ്പോഴും 2011ലെ ലിബിയന്‍ പ്രതിസന്ധി നാളുകളിലും യുഎസ് കരുതല്‍ ശേഖരം തുറന്നിരുന്നു. ഇന്ന് യുഎസ് ആഗോളതലത്തില്‍ നടത്തുന്ന സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ കരുതല്‍ എണ്ണ ശേഖരം പുറത്തെടുക്കുന്നത്. 50 ലക്ഷം ബാരല്‍ എണ്ണ പുറത്തെടുത്ത് ശുദ്ധീകരിച്ചാണ് ഇന്ത്യ രാജ്യത്തെ കമ്പനികള്‍ക്കായി ലഭ്യമാക്കുക. 

ആവശ്യകത കുറയുമ്പോള്‍ വില കുറയുമോ? 
കരുതല്‍ ശേഖരം പുറത്തെടുക്കുന്നതില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്, രാജ്യത്തെ ആവശ്യത്തിനുള്ള 80 ശതമാനത്തോളം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സാരമായി ബാധിക്കും. ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതിനൊപ്പം ഇന്ധനവിലയില്‍ വര്‍ധനയുണ്ടാകും. വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ ചെലവ് മുതല്‍ ഗതാഗത-ചരക്ക് കൂലി വരെ കൂടും. അതോടെ, വിലക്കയറ്റവും നാണയപ്പെരുപ്പവും ഉയരും. അതിനാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ സമ്മര്‍ദ തന്ത്രം കാരണമാകുമെന്നാണ് ഇന്ത്യന്‍ നീക്കത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ മാസം ബാരലിന് 86 ഡോളര്‍വരെ വില ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ അത് 79-80 ഡോളറായി താഴ്ന്നു. സമ്മര്‍ദ തന്ത്രം ഫലം കാണുന്നതിന്റെ സൂചനയാണത്. അന്താരാഷ്ട്ര വിപണിയില്‍ ആവശ്യകത കുറയുമ്പോള്‍, വില കുറയുകയെന്നത് സാമാന്യ തത്വമാണ്. ആ സമ്മര്‍ദത്തിനു മുന്നില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനിച്ചേക്കും. അതിനാല്‍, അധികംനാള്‍ കരുതല്‍ ശേഖരം എടുക്കേണ്ടിവരില്ലെന്നാണ് ഒരു വിഭാഗം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 

ബദല്‍ നീക്കം ഇന്ത്യക്ക് തിരിച്ചടിയാകുമോ? 
എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാനും വില കുറയ്ക്കാനുമായി നടത്തുന്ന ബദല്‍ നീക്കങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നാണ് മറുവാദം. കരുതല്‍ ശേഖരം കുറയ്ക്കുകയും ഇറക്കുമതി കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികം നാളുകളിലേക്കുള്ള കരുതല്‍ ശേഖരം ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇല്ലെന്ന് തിരിച്ചറിയാവുന്ന ഒപെക് പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകും. ഉല്‍പാദനം വീണ്ടും കുറഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിക്കും. എണ്ണ വ്യവസായ മേഖലയില്‍ അത് പുതിയൊരു പോരാട്ടത്തിനും വഴി തുറന്നേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വളരെ കുറഞ്ഞപ്പോഴും കൂടിയപ്പോഴുമെല്ലാം നികുതിയും ഇന്ധന വിലയും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ നികുതി കുറയ്ക്കാന്‍ ശ്രമിക്കില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിലേക്ക് താഴ്ന്നപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്. വില വര്‍ധനയ്‌ക്കൊപ്പം സംസ്ഥാന സര്‍ക്കാരുകളും നികുതി വര്‍ധിപ്പിച്ചിരുന്നു. വില 20 ഡോളറില്‍ താഴെയായിരുന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ ശേഖരത്തിലേക്ക് ക്രൂഡ് ഓയില്‍ വാങ്ങിയത്. വില 80 ഡോളറില്‍ നില്‍ക്കുമ്പോഴാണ് ആ കരുതല്‍ ശേഖരം എടുക്കാന്‍ പോകുന്നത്. കോടികളുടെ ലാഭമാണ് അതിലൂടെ ഉണ്ടാകുന്നത്. അതിനാല്‍, കരുതല്‍ ശേഖരം തുറക്കുന്നതിനുമുമ്പ് ഇന്ധന നികുതിയെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. 

രാജ്യത്തെ ജനങ്ങളെ സാരമായി ബാധിക്കുന്ന ഇന്ധനവില വര്‍ധന, വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവയ്ക്ക് പരിഹാരം കാണാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ എണ്ണ ശേഖരം തുറക്കുന്നത്. ഏതാനും മാസങ്ങള്‍ക്കപ്പുറം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, ഇന്ധന വില കുറച്ച് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നുണ്ടായേക്കാം. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ രാജ്യത്തെ പ്രതിദിന ഇന്ധന വില വര്‍ധന വരെ നിയന്ത്രിക്കപ്പെട്ട നിരവധി ഉദാഹരണങ്ങളുണ്ട്. അതിനാല്‍, ഇത്തവണയും അത്തരമൊരു നീക്കം മോദി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാം.