ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുന്നു; രാജ്യത്തെ ആവശ്യം കഴിഞ്ഞുള്ള വാക്‌സിന്‍ വിതരണം ചെയ്യും 

 
Vaccine

വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

കോവിഡ് വാക്‌സിനുകളുടെ കയറ്റുമതി അടുത്തമാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ 'കോവാക്‌സ്' പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ വാക്‌സിനേഷനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ബാക്കിയുള്ള വാക്‌സിനായിരിക്കും 'വാക്‌സിന്‍ മൈത്രി' പദ്ധതിയുടെ ഭാഗമായി കയറ്റുമതി ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ യുഎസ് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 

ഒക്ടോബറില്‍ 30 കോടിയിലധികം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 100 കോടിയലധികം ഡോസുകള്‍ സര്‍ക്കാരിന് ലഭിക്കും. രാജ്യത്ത് ഇതുവരെ 81 കോടി ഡോസുകളാണ് വിതരണം ചെയ്തത്. 11 ദിവസംകൊണ്ടാണ് അവസാനം 10 കോടി ഡോസുകള്‍ വിതരണം ചെയ്തത്. രാജ്യത്തെ പൗരന്മാരാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പരമപ്രധാന ലക്ഷ്യം. അത് ഉറപ്പുവരുത്തിക്കൊണ്ട്, മിച്ചം വരുന്ന വാക്‌സിനുകളുടെ കയറ്റുമതി ഒക്ടോബര്‍-ഡിസംബര്‍ മാസത്തില്‍ ആരംഭിക്കും. 

'വസുധൈവക കുടുംബകം' എന്ന കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. വാക്‌സിന്‍ മൈത്രി പദ്ധതിക്കു കീഴില്‍ രാജ്യത്ത് മിച്ചം വരുന്ന വാക്‌സിനുകള്‍ കയറ്റുമതി അയച്ചുകൊണ്ട്, കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുമെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയും വാക്സിന്‍ ആവശ്യകത വര്‍ധിച്ചതിനും പിന്നാലെ ഇന്ത്യ ഈ വര്‍ഷമാദ്യമാണ് വാക്സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്. 

കോവിഡ് വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതായി വിശ്വസ്തവൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസാണ് റിപ്പോര്‍ട്ട് ചെയ്തത്. വാക്സിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായാല്‍, ന്യൂയോര്‍ക്കില്‍ നടക്കുന്ന കോവിഡ് 19 ആഗോള ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സ്ഥാനം നല്‍കാന്‍ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ മോദിയില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുക്കുക എന്നത് അന്താരാഷ്ട്ര തലത്തില്‍ കോവിഡ് പടരുന്നത് തടയാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. വാക്‌സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, കോവിഡ് ആഗോള ഉച്ചകോടിയില്‍ മോദിക്ക് ഉന്നത സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. വാക്‌സിന്‍ വിതരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കയറ്റുമതി സംബന്ധിച്ചുള്ള സമയക്രമങ്ങളറിയാനും ഇന്ത്യന്‍ ഭരണകൂടവുമായി നിരന്തരം ദ്വികക്ഷി, ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ഒരു പ്രത്യേക ഉച്ചകോടിയുമായോ, ഇടപെടലുകളുമായോ ബന്ധപ്പെട്ടിട്ടല്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.