കാർഷിക മേഖലയിലൂന്നി മോദി 2.0 തുടക്കം; എല്ലാ കർഷകർക്കും വർഷം 6000 രൂപ; പെൻഷൻ പദ്ധതിയും വിപുലീകരിച്ചു

 
കാർഷിക മേഖലയിലൂന്നി മോദി 2.0 തുടക്കം; എല്ലാ കർഷകർക്കും വർഷം 6000 രൂപ; പെൻഷൻ പദ്ധതിയും വിപുലീകരിച്ചു

6000 രൂപ വീതം ധനസഹായം എല്ലാ കർഷകർക്കും നൽകുന്ന പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം അംഗീകാരം നൽകി. ഈ ആനുകൂല്യം പറ്റാൻ രണ്ടേക്കർ ഭൂമി വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത് നാലരക്കോടി കർഷകർക്ക് കൂടി പ്രയോജനം ലഭിക്കുന്ന ഒന്നായി മാറും. ആകെ 12.5 കോടി കുടുംബങ്ങൾക്ക് പദ്ധതി ഗുണം ചെയ്യും. വർഷാവർഷം ഈ തുക ലഭിക്കുമെന്നതാണ് പ്രത്യേകത.

പ്രധാൻ മന്ത്രി കിസാൻ പെൻഷൻ യോജന പദ്ധതിയുടെ വിപുലീകരണത്തിന് ആദ്യത്തെ കാബിനറ്റ് യോഗം അംഗീകാരം നൽകി. ഇതുപ്രകാരം ചെറുകിട-നാമമാത്ര കർഷകർക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതിയിൽ അംഗമാകാം. കർഷകർ എത്ര സംഖ്യയാണോ നൽകുന്നത് അത്രയും സംഖ്യ സർക്കാരിന്റെ വിഹിതമായി നൽകുമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിങ് തോമാർ പറഞ്ഞു.

40 വയസ് കഴിഞ്ഞ കർഷകർക്ക് മാസം 3000 രൂപ പെൻഷൻ കുട്ടുന്ന തരത്തിലാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

കച്ചവടക്കാർക്ക് പെൻഷൻ നൽകുന്ന പദ്ധതിക്കും കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നുകോടി തില്ലറ വിൽപ്പനക്കാർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. കാലികളിലെ കുളമ്പുരോഗം, ബ്രുസെല്ലോസിസ് എന്നീ രോഗങ്ങൾ നിയന്ത്രിക്കാനുള്ള പ്രത്യേക പദ്ധതിക്കും കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.