യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ സമാനനയം ഇവിടെയും സ്വീകരിക്കും; ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ

 
covishield

ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ നീക്കം 

ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ. നടപടി വിവേചനപരമാണ്. യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ സമാനനയം ഇവിടെ സ്വീകരിക്കുമെന്നാണ് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയം ഉന്നയിച്ചിരുന്നു. പുതിയ യാത്രാച്ചട്ടങ്ങളില്‍ എത്രയുംവേഗം മാറ്റം വരുത്തണം. കോവിഷീല്‍ഡ് ഉപയോഗിച്ച് സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഇന്ത്യ പ്രതിഷേധിക്കുറിപ്പ് നല്‍കിയത്. 

ബ്രിട്ടന്റെ പുതിയ യാത്രാച്ചട്ടത്തിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ലയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് യുകെ കമ്പനിയുടെ ലൈസന്‍സുള്ള ഉല്‍പന്നമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നിട്ടും ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരെ അംഗീകരിക്കാതിരിക്കുന്നത് വിവേചനമാണ്.പുതിയ നയം ഇന്ത്യന്‍ പൗരന്മാരായ യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. വിഷയത്തില്‍ ഉടന്‍ പ്രശ്നപരിഹാരം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇവിടെയും സമാനനയം സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം അറിയിച്ചിട്ടും നയം തിരുത്തുന്നില്ലെങ്കില്‍, ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, 'വാക്സിനേഷന്‍ പാസ്പോര്‍ട്ട്' നയത്തില്‍ കോവാക്സിനും കോവിഷീല്‍ഡും ഉള്‍പ്പെടുത്തുന്നതില്‍ വിമുഖത കാണിച്ച യൂറോപ്യന്‍ യൂണിയനോടും സമാന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യന്‍ നിര്‍മിത കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കുന്നില്ലെങ്കില്‍ ഇ.യു അംഗ രാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്നും അവിടെ നിന്നെത്തുന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ നേരിടേണ്ടിവരുമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.