'ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ല'; എക്കാലവും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി

 
Jaishankar

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ അയല്‍രാജ്യത്തെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ് ശ്രീലങ്കക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.  ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു.

ശ്രീലങ്കക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെങ്കിലും നിലവിലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു മാത്രമാകും ഇന്ത്യ നിലപാട് സ്വീകരിക്കുക. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. 'അവര്‍ ഇപ്പോള്‍ നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്, അതിനാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് നമ്മള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്.' ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥി പ്രതിസന്ധിയുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ അഭയാര്‍ത്ഥി പ്രതിസന്ധിയൊന്നുമില്ലെന്നായിരുന്നു മറുപടി. 

അതേസമയം ശ്രീലങ്കയിലെ തലൈ മന്നാറില്‍ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപകമായ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.