'രാജ്യം കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കിയോ? ആശങ്കകള്‍ ഒഴിവായിട്ടില്ല'

 
covid

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ആശങ്കകള്‍ ഒഴിവായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്ത് പ്രതിദിനം ഏകദേശം 20,000 നടുത്ത് കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് വ്യാപന വെല്ലുവിളി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

''ഒരു പരിധിവരെ നാം  കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണ വിധേയമാക്കിയിട്ടില്ലെന്ന് പറയേണ്ടി വരും. ഇതിനായി തുടര്‍ച്ചയായ മുന്‍കരുതലുകള്‍ തുടരേണ്ടി വരും'' അതുകൊണ്ട് തന്നെ അടുത്ത കുറച്ച് മാസങ്ങളിലും ജാഗ്രത തുടരേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 

'ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, ''കോവിഡ് കണക്കുകള്‍ വിശദീകരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ 50 ശതമാനവും കേരളത്തില്‍ നിന്നുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനു പുറമേ, പതിനായിരത്തിലധികം കോവിഡ്  കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മറ്റ് നാല് സംസ്ഥാനങ്ങളുണ്ടായിരുന്നു, ഇവ മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറാം, കര്‍ണാടക എന്നിവയായിരുന്നു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 28 ജില്ലകളില്‍  അഞ്ച് മുതല്‍ 10 ശതമാനം വരെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിലെയും അസമിലെയും ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 34 ജില്ലകളില്‍ 10 ശതമാനത്തിലധികം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു ലാവ് അഗര്‍വാള്‍ പറഞ്ഞു. എന്നിരുന്നാലും, മുമ്പ് രേഖപ്പെടുത്തിയ 5.86 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞയാഴ്ച മൊത്തം പോസിറ്റിവിറ്റി നിരക്ക് ഏകദേശം 1.68 ശതമാനമായിരുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

കൂടാതെ, ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍  നിക്കോബാര്‍, സിക്കിം എന്നീ രാജ്യങ്ങള്‍ ജനസംഖ്യയുടെ 100 ശതമാനത്തിനും വാക്‌സിന്‍ നല്‍കി, നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രഷര്‍ സ്വിംഗ് ആഡ്‌സോര്‍പ്ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ പ്ലാന്റുകളുടെ വിശദാംശങ്ങള്‍ നല്‍കി ഭാവിയില്‍ ഓക്‌സിജനുമായി ബന്ധപ്പെട്ട ഏത് പ്രതിസന്ധിക്കും എതിരെ സര്‍ക്കാര്‍ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോള്‍ പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍, മെഡിക്കല്‍ ഓക്‌സിജന്റെ പ്രതിസന്ധി കാരണം രാജ്യം വളരെയധികം ബുദ്ധിമുട്ടി. ''കുറഞ്ഞത് 1,200 പിഎസ്എ പ്ലാന്റുകളെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. പിഎസ്എ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യമെമ്പാടും 4,000 പിഎസ്എ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ഓക്‌സിജന്‍ പ്രതിസന്ധികള്‍ നേരിടുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.