ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധം; ബംഗ്ലാദേശിന്റെ പിറവി, 1971 ലെ ഇന്ത്യ - പാക് യുദ്ധം

 
d

ലോക ചരിത്രത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധങ്ങളിലൊന്നായിരുന്നു 13 ദിവസം മാത്രം നീണ്ടുനിന്ന 1971 ഡിസംബര്‍ 3 ന് ആരംഭിച്ച
ഇന്ത്യ - പാക് യുദ്ധം. ഈ യുദ്ധമാണ് ബംഗ്ലാദേശിന്റെ പിറവിക്കും നിമിത്തമായത്. ഇന്ത്യന്‍ വ്യോമസേനയുടെ 11 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. 

13 ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ ധാക്കയില്‍വെച്ച് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ പാകിസ്താന്‍ പട്ടാളം കീഴടങ്ങുകയായിരുന്നു. ആധുനിക കാലചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നേടിയ മഹത്തരമായൊരു വിജയമായിരുന്നു ഇത്. ധാക്കയില്‍ ഇന്ത്യന്‍ പതാക പാറിപ്പറന്നു. യുദ്ധത്തിനൊടുവില്‍ ജനറല്‍ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയുടെ നേതൃത്വത്തില്‍ 93,000 പാക് സൈനികര്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സൈനിക കീഴടങ്ങലുകളിലൊന്നായി അത്. ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖ ഒപ്പുവച്ചതിന് പിന്നാലെ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബംഗ്ലാദേശിന്റെ സ്വതന്ത്ര പ്രഖ്യാപനം നടത്തി. അതോടെ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി നിലനിന്ന പാകിസ്താന്‍ രണ്ടായി. കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശം ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമായി മാറി. 8000ത്തോളം പാക് സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. 25,000 പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ 3000ത്തോളം ധീരസൈനികര്‍ വീരമൃത്യു വരിച്ചു. 12,000ത്തോളം പേര്‍ക്ക് പരിക്കേറ്റു. 

യുദ്ധത്തിന്റെ കാരണങ്ങള്‍ 

1947 ജൂണ്‍  20 -ന്, സ്വതന്ത്ര ഇന്ത്യ നിലവില്‍ വരുന്നതിനൊക്കെ മുമ്പുതന്നെ, ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലി, ഇന്ത്യയില്‍ നിന്ന് വേറിട്ട് ഒരു സ്വതന്ത്ര രാഷ്ട്രമാവണം എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസാക്കിയിരുന്നു.  എന്നാല്‍ ജൂലൈ ഏഴാം തീയതി സില്‍ഹെറ്റില്‍ വെച്ച് നടപ്പിലാക്കപ്പെട്ട ഒരു റഫറണ്ടം, കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാവണം എന്ന് തീരുമാനിക്കുകയായിരുന്നു. അതിനു പിന്നാലെ, 1947 ഓഗസ്റ്റ് 15-ന്, ഇന്ത്യയെന്നും പാകിസ്താനെന്നും ഉപഭൂഖണ്ഡത്തെ രണ്ടാക്കി വിഭജിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാവുന്നു. കിഴക്കും പടിഞ്ഞാറുമുള്ള വേറിട്ട രണ്ടു ഖണ്ഡങ്ങളിലായി പാകിസ്താനെന്ന രാജ്യം നിലവില്‍ വരുന്നു. ഒരേ രാജ്യമായിരിക്കെത്തന്നെ, രണ്ടു ഭാഷ സംസാരിച്ചുകൊണ്ട്, രണ്ടു സംസ്‌കാരങ്ങളില്‍ പുലര്‍ന്നുകൊണ്ട്, അപ്പുറമിപ്പുറം വേറിട്ട് കഴിഞ്ഞുകൂടുന്ന ജനങ്ങള്‍ക്കിടയില്‍,  1300 കിലോമീറ്റര്‍ നീളത്തില്‍ ഇന്ത്യയെന്ന ശത്രുരാജ്യം. എന്നാല്‍ പാകിസ്താന്റെ കിഴക്കും പടിഞ്ഞാറും ഖണ്ഡങ്ങളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് തുടക്കം തൊട്ടേ തമ്മില്‍ സ്വരച്ചേര്‍ച്ച ഒട്ടും ഇല്ലായിരുന്നു. 

1948 ഫെബ്രുവരി 25 -ന് കറാച്ചിയില്‍ വെച്ച് നടന്ന  പാകിസ്ഥാന്‍ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ നടപടിക്കെതിരെ 
ധീരേന്ദ്രനാഥ് ദത്ത എന്ന അഭിഭാഷകന്‍ കൂടിയായ ജന നേതാവ് ഒരു പ്രമേയം കൊണ്ടുവരുന്നു. നിലവില്‍ ഉള്ള ഇംഗ്ലീഷിനും ഉര്‍ദുവിനും പുറമെ ബംഗ്ലക്കും ദേശീയ ഭാഷാ പദവി അനുവദിക്കണം എന്നതായിരുന്നു ദത്തയുടെ ആവശ്യം. ഈ പ്രമേയം, അസംബ്ലിയില്‍ എതിര്‍ത്ത് തോല്പിക്കപ്പെട്ടു.

Also Read; 1975 ജനുവരി 2: മിശ്ര വധം; ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത

കിഴക്കന്‍ പാക്കിസ്ഥാനികളുടെ, അതായത് ബംഗാളികളുടെ പ്രതിഷേധങ്ങള്‍ക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനികളുടെ ഈ ഭാഷാ ഫാസിസം മാത്രമല്ലായിരുന്നു കാരണം, അത്  വികസനവിഷയത്തില്‍ പാക് ഗവണ്മെന്റ് വര്‍ഷങ്ങളായി അവരോട് കാണിക്കുന്ന  അവഗണന കൂടിയായിരുന്നു. വല്ലാത്ത അനീതിയാണ് പാകിസ്താനി ഭരണകൂടം കാലങ്ങളായി അവരോട് കാണിച്ചുകൊണ്ടിരുന്നത്. കിഴക്കന്‍ പാകിസ്താനിലെ കര്‍ഷകര്‍ ചോര നീരാക്കി ഉത്പാദിപ്പിച്ചിരുന്ന ചണം കയറ്റുമതി ചെയ്തു കിട്ടുന്ന ഡോളറിന്റെ പച്ചയിലാണ് പടിഞ്ഞാറന്‍ പാകിസ്താനിലെ വ്യവസായങ്ങള്‍ക്കുവേണ്ടുന്ന യന്ത്രസാമഗ്രികള്‍ ഭരണകൂടം വാങ്ങിക്കൂട്ടിയിരുന്നത്. വിദേശത്തുനിന്ന് കിട്ടുന്ന സഹായധനം മുക്കാലും ചെലവിട്ടിരുന്നത് പടിഞ്ഞാറന്‍ പാകിസ്താനിലെ പദ്ധതികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. കിഴക്കന്‍ പാകിസ്താനോട്,  പാകിസ്താന്റെ തലസ്ഥാനവും ഭരണ സിരാകേന്ദ്രങ്ങളും ഒക്കെ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറന്‍ പ്രവിശ്യ എന്നും വെച്ച് പുലര്‍ത്തിയിരുന്നത് ചിറ്റമ്മ നയം മാത്രമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, 1947 ബ്രിട്ടീഷുകാര്‍ തിരിച്ചു പോയതോടെ കോളനി ഭരണത്തില്‍ നിന്ന് പാകിസ്ഥാന്‍ മുക്തമായപ്പോഴും, കിഴക്കന്‍ പാകിസ്ഥാന്‍, പിന്നീടങ്ങോട്ടും പടിഞ്ഞാറന്‍ പാകിസ്താന്റെ കോളനിയായി, അതിന്റെ ചൂഷണങ്ങള്‍ക്ക് വിധേയമായിതന്നെ തുടര്‍ന്നുപോവുന്നു.

 1970 ഡിസംബര്‍ ആറാം തീയതി അവിടെ ഒരു പൊതുതെരഞ്ഞെടുപ്പില്‍ ബോംഗോബോന്ധു ഷേഖ് മുജീബുര്‍ റഹ്‌മാന്റെ അവാമി ലീഗ്,  കിഴക്കന്‍ പാകിസ്താനിലെ 162 സീറ്റില്‍ 160 ഉം തൂത്തുവാരുന്നു. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക്, പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നേടാനായത് 138 -ല്‍ 81 സീറ്റുകള്‍ മാത്രമാണ്. എന്നാല്‍, അന്ന് പാക് സൈന്യം പിന്തുണ അറിയിക്കുന്നത് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മാത്രം ഭൂരിപക്ഷം നേടിയ സുള്‍ഫിക്കര്‍ അലി ഭുട്ടോവിനാണ്. ഷെയ്ഖ് മുജീബുര്‍ റഹ്‌മാനുമായി ഒരു രാഷ്ട്രീയ ധാരണയില്‍ എത്താന്‍ സാധിക്കാതെ വന്നപ്പോള്‍, അക്ഷമനായ ജനറല്‍ യഹിയാ ഖാന്‍, മാര്‍ച്ച് ഒന്നാം തീയതി, നാഷണല്‍ അസംബ്ലി രൂപീകരണം അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ ആ നടപടിയോട്  മുജീബുര്‍ റഹ്‌മാന്‍ പ്രതികരിക്കുന്നത്, മാര്‍ച്ച് മൂന്നാം തീയതി മുതല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ ഒരു അനിശ്ചിതകാല പൊതു പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ്. പണിമുടക്ക് തുടങ്ങി ആദ്യത്തെ ആഴ്ചയില്‍ തന്നെ, കിഴക്കന്‍ പാകിസ്ഥാന്‍ ഒരു കലാപഭൂമിയായി മാറുകയായിരുന്നു.

പട്ടാളം ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ അറസ്റ്റു ചെയ്ത് ഒരു രഹസ്യ സങ്കേതത്തിലേക്ക് മാറ്റുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ കയറിയിറങ്ങിയ പാകിസ്ഥാന്‍ ആര്‍മി കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വധിച്ചുകൊണ്ടിരുന്നു. കൊലപാതകവും, തീവെട്ടിക്കൊള്ളയും നടത്തി കിഴക്കന്‍ പാകിസ്ഥാനില്‍ അഴിഞ്ഞാടിയപ്പോള്‍ നാടുവിട്ടോടി ഇന്ത്യന്‍ മണ്ണിലേക്ക് രായ്ക്കുരാമാനം അഭയാര്‍ഥികളായി വന്നെത്തിയത് ഒരുകോടിയോളം പേരാണ്. ഈ അഭയാര്‍ത്ഥി പ്രവാഹം, അന്ന് മാന്ദ്യത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം തന്നെ ഏല്‍പ്പിക്കുന്നു. ഇതിനകം വന്നെത്തിയതിനു പുറമെ പിന്നെയും ലക്ഷക്കണക്കിന് പേര് അതിര്‍ത്തി മുറിച്ചുകടന്ന് ഇന്ത്യന്‍ മണ്ണിലേക്ക് അഭയം തേടി എത്താന്‍ പോവുന്നു എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഇന്ദിരാഗാന്ധി പ്രശ്‌നത്തില്‍ ഇടപെടുന്നു

അതിര്‍ത്തിക്കപ്പുറം, പാകിസ്താനി പട്ടാളം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊടും ക്രൂരതകളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അതാതു സമയത്ത് ഇന്ത്യക്കും കിട്ടുന്നുണ്ടായിരുന്നു. ഈ ഒരു ഘട്ടത്തില്‍, അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി  പ്രശ്‌നത്തില്‍ സൈനികമായി നേരിട്ട് ഇടപെട്ടില്ല എങ്കിലും കിഴക്കന്‍ പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കാന്‍ തന്നെ തീരുമാനിക്കുന്നു.  കിഴക്കന്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തികള്‍ തുറന്ന് ഇന്ത്യ നമ്മുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ സഹായത്തോടെ ബംഗ്ലാ റെസിസ്റ്റന്‍സ് മൂവ്‌മെന്റിനുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു. 1971 ഏപ്രില്‍ 29 -ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് കിഴക്കന്‍ പാകിസ്ഥാന്‍ ഓപ്പറേഷന്റെ ചുമതല ഏറ്റെടുക്കുന്നു.  അന്ന്, പാകിസ്താനി സൈനികരെ എതിരിട്ടുകൊണ്ടിരുന്ന  അവാമി ലീഗിന്റെ സ്വാതന്ത്ര്യ സമര പോരാളികളുടെ ഗറില്ലാസൈന്യം അറിയപ്പെട്ടിരുന്നത് മുക്തി ബാഹിനി എന്നായിരുന്നു. ഒരു മെയ് 15 ഒക്കെ അടുപ്പിച്ച്, മുക്തി ബാഹിനി പോരാളികളെ റിക്രൂട്ട് ചെയ്ത്, പരിശീലനവും ആയുധങ്ങളും മറ്റുള്ള സംവിധാനങ്ങളും കോടുത്ത്, അവരെ പാക് സൈനികരോട് മുട്ടിനില്‍കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ജാക്ക് പോട്ട് എന്നൊരു സീക്രട്ട് മിഷന്‍ ഇന്ത്യന്‍ സൈന്യം ആരംഭിക്കുന്നു. 1971  നവംബര്‍ അവസാനം ഒക്കെ ആയതോടെ,  ഏത് നിമിഷം വേണമെങ്കിലും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവുന്നു.

Also Read; ഭരണത്തില്‍ 10 വര്‍ഷം; ആണവായുധങ്ങള്‍ക്കുപകരം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്ന കിം ജോങ് ഉന്‍
 
രാജ്യം ഒരു യുദ്ധത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ജനറല്‍ സാം മനേക്ഷയോട് ഒരു യുദ്ധത്തിന് തയ്യാറെടുത്തുകൊള്ളാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ മണ്‍സൂണ്‍ തുടങ്ങിയതോടെ സൈനിക നീക്കങ്ങള്‍ എല്ലാം നിര്‍ത്തിവെയ്ക്കപ്പെടുന്നു. സംഹാരരുദ്രമായ ഒരു മഴയാണ്  അക്കൊല്ലം കിഴക്കന്‍ പാകിസ്താന്റെ മണ്ണിലേക്ക് പെയ്തിറങ്ങുന്നത്. ചിലയിടങ്ങളില്‍ നദികള്‍ അഞ്ചും ആറും കിലോമീറ്റര്‍ വീതിയില്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രളയം കിഴക്കന്‍ പാകിസ്താനെ ആകെ വിഴുങ്ങിയ ആ ദുര്‍ഘട സന്ധിയിലും, ഇരുപക്ഷത്തുനിന്നും യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മുപ്പതിനായിരം ടണ്‍ യുദ്ധ സാമഗ്രികള്‍ മഴ തീരും മുമ്പുതന്നെ ഇന്ത്യന്‍ സൈന്യം ത്രിപുര അതിര്‍ത്തിയിലേക്ക് വിന്യസിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് യുദ്ധം ഒടുവില്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ അതിനു പരിപൂര്‍ണമായ രീതിയില്‍ തന്നെ സജ്ജമായിരുന്നു. അതിര്‍ത്തിക്കപ്പുറം വിരലില്‍ എണ്ണാവുന്ന ആര്‍ട്ടിലറി പീസുകള്‍ മാത്രമേ പാകിസ്ഥാന്‍ വിന്യസിച്ചിട്ടുണ്ടായിരുന്നുള്ളു.

പാകിസ്താന്റെ പ്രകോപനം

1971 ഡിസംബര്‍ മൂന്നാം തീയതി വൈകുന്നേരം അഞ്ചേ മുക്കാലോടെ പാകിസ്ഥാന്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ മണ്ണിലെ മര്‍മ്മപ്രധാനമായ പോയിന്റുകള്‍, ശ്രീനഗര്‍, അവന്തിപൂര്‍, പഠാന്‍കോട്ട്, ഉത്തര്‍ലായി, ജോധ് പൂര്‍, അംബാല, ആഗ്ര എന്നീ ഫോര്‍വേര്‍ഡ് എയര്‍ ബേസുകള്‍  ലക്ഷ്യമിട്ട് പ്രീ-എംപ്റ്റീവ് സ്‌ട്രൈക്കുകള്‍ നടത്തുന്നു. അന്നേദിവസം പാതിരക്കു മുമ്പ് നടത്തിയ ഒരു റേഡിയോ ബ്രോഡ്കാസ്റ്റില്‍ ഇന്ദിര ഗാന്ധി, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. വിധ പ്രകോപനം കൂടാതുള്ള പാകിസ്താന്റെ ഈ ആക്രമണത്തിന് അതര്‍ഹിക്കുന്ന തിരിച്ചടി തന്നെ ഇന്ത്യ നല്‍കുമെന്നും, അതിന് ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നില്‍ക്കണം എന്നും ഇന്ദിര ഗാന്ധി ആഹ്വാനം ചെയ്യുകയായിരുന്നു.  ഡിസംബര്‍ മൂന്നിന് തുടങ്ങുന്ന 1971 -ലെ ഇന്തോ പാക് യുദ്ധം അവസാനിക്കുന്നത് പതിമൂന്നു ദിവസത്തിന് ശേഷം, പാക് ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയും ഇന്ത്യന്‍  ലഫ്റ്റനന്റ് ജനറല്‍ ജഗ്ജീത് സിംഗ് അറോറയും തമ്മില്‍ പാകിസ്ഥാന്‍ കീഴടങ്ങി എന്ന് സമ്മതിച്ചുകൊണ്ടുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍ ഒപ്പിട്ടതോടെയാണ്.