സര്‍ക്കാരിന്റെ സാഹിത്യ ബഹുമതി മുഖ്യമന്ത്രിക്ക്; അവാര്‍ഡ് നേരിട്ട് വാങ്ങാതെ മമത, പ്രതിഷേധം

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ആദ്യ ബംഗ്ലാ അക്കാദമി പുരസ്കാരം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും നാടോടി സംസ്ക്കാര ഗവേഷകയുമായ രത്ന റാഷിദ് ബാനര്‍ജി 2019 ല്‍ ലഭിച്ച അന്നദ ശങ്കര്‍ സ്മാരക സമ്മാന്‍' തിരികെ നല്കി. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്ഷികത്തില് മുഖ്യമന്ത്രിക്ക് പുതിയ സാഹിത്യ പുരസ്കാരം നല്‍കാനുള്ള തീരുമാനം തനിക്ക് ലഭിച്ച അവാര്‍ഡ് മുള്‍ക്കിരീടമായി മാറിയെന്ന് അക്കാദമി ചെയര്മാന് ബ്രത്യ ബസുവിന് അയച്ച കത്തില്‍ രത്ന റാഷിദ് ബാനര്‍ജി പറഞ്ഞു.

''ഒരു എഴുത്തുകാരി എന്ന നിലയില്‍, മുഖ്യമന്ത്രിക്ക് സാഹിത്യ അവാര്‍ഡ് നല്‍കാനുള്ള നീക്കം അപമാനകരമായി തോന്നുന്നു. അത് ഒരു മോശം മാതൃക സൃഷ്ടിക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അശ്രാന്തമായ സാഹിത്യാന്വേഷണത്തെ പ്രശംസിക്കുന്ന അക്കാദമിയുടെ പ്രസ്താവന സത്യത്തിന്റെ പരിഹാസമാണ്, ''റഷീദ് ബാനര്‍ജി പിടിഐയോട് പറഞ്ഞു.
ടാഗോറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിയുടെ 900-ലധികം കവിതകളുടെ സമാഹാരമായ 'കബിത ബിതാന്' എന്ന പുസ്തകത്തിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്, പരിപാടിയില്‍ മമത ബാനര്‍ജി പങ്കെടുത്തിരുന്നുവെങ്കിലും അവാര്‍ഡ് ഏറ്റുവാങ്ങിയില്ല. മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാര്‍ഡ് സ്വീകരിച്ചത്. മികച്ച സാഹിത്യകാരന്മാരെ അഭിനന്ദിക്കുന്നതിന് വേണ്ടി ഈ വര്‍ഷമാണ് ബംഗാള്‍ സര്‍ക്കാര്‍ പുരസ്കാരം നല്കാന് തുടങ്ങിയത്. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പോരാട്ടത്തില്‍, മൂന്ന് തവണ സംസ്ഥാനം ഭരിക്കാന്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച വന്‍ ജനവിധിയെ ഞങ്ങള്‍ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തു. പക്ഷേ, അവര്‍ സാഹിത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന അവകാശവാദവുമായി രാഷ്ട്രീയത്തിലെ അവരുടെ സംഭാവനയെ തുലനം ചെയ്യാന്‍ കഴിയില്ല. '' റാഷിദ് ബാനര്‍ജി പറഞ്ഞു. തന്റെ സാന്നിധ്യത്തില്‍ അക്കാദമി ചെയര്മാന് ബ്രത്യ ബസു അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രിക്ക് അവാര്‍ഡ് സ്വീകരിക്കാതെ പക്വത കാണിക്കാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ബംഗാള്‍ സര്‍ക്കാരിന്റെ ഈ പ്രവൃത്തിയെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പുരസ്കാരം സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി ഏറ്റുവാങ്ങുകയാണ് മമത ബാനര്‍ജി എന്ന പരിഹാസങ്ങളാണ് ഉയരുന്നത്.