ആതുര ശുശ്രൂഷ രംഗത്തെ ധീരത; ലിസി അച്ചന്‍കുഞ്ഞിന് രാജ്യത്തെ പരമോന്നത നഴ്സിംഗ് ബഹുമതി

33 വര്‍ഷമായി സായുധസേനാംഗങ്ങളെ ശുശ്രൂഷിക്കുന്ന ലിസി അച്ചന്‍കുഞ്ഞിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ്. രാജ്യത്തെ പരമോന്നത നഴ്സിംഗ് ബഹുമതിയായ നാഷണല്‍ ഫ്ലോറന്‍സ് നെറ്റിംഗ്ഗേള് അവാര്‍ഡിനാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് (മേട്രണ്‍) ലിസി അര്‍ഹയായത്.

തൃശ്ശൂര്‍ ഗവ.നഴ്സിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി 1988-ല്‍ ജോലിയില്‍ കയറിയ ലിസി ഇപ്പോള്‍ ഗ്രേറ്റര്‍ നോയിഡയില്‍ സെന്‍ട്രല്‍ ആംഡ് പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ റഫറല്‍ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. 1993 നും 1996 നും ഇടയില്‍ തീവ്രവാദ ആക്രമണങ്ങളുടെ സമയത്ത് ശ്രീനഗറിലെ ആശുപത്രിയിലായിരുന്നു സേവനം, അവിടെ നിരവധി പേരുടെ ജീവന് രക്ഷിച്ച മെഡിക്കല്‍ സേവനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
1995-ല്‍ ശ്രീനഗറിലെ ഒരു സൈനികന്റെ വസതിയില്‍ ഡെലിവറി കേസ് ഒറ്റയ്ക്ക് കൈകാര്യം ചെയ്തതു വഴിയും ലിസലിയുടെ സേവനം അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. നവജാതശിശുവിനെ തുടര്‍ ശസ്ത്രക്രിയ നടത്തിപ്പിനായി 92 ബിഎച്ച് (ആര്‍മി ഹോസ്പിറ്റല്‍) ലേക്ക് മാറ്റിയതും ലിസിയുടെ സമോയിചിത ഇടപെടലായിരുന്നു. 2003ല്‍ എന്‍എസ്ജിയിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ പാമ്പുകടിയേറ്റ വ്യക്തിയുടെ ജീവന് രക്ഷിക്കുന്നതില്‍ ലിസിയടെ സമയോചിത സേവനം നിര്‍ണായകമായി. എന്എസ്ജിയിലും കോംഗോയിലെ യു.എന്‍.മിഷനിലും ആതുരസേവനംചെയ്തിട്ടുണ്ട് ലിസി.
കോംഗോയിലെ സമാധാനപാലനദൗത്യത്തിലെ മികവിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസാപത്രം നേടിയിട്ടുണ്ട്. ഐ.ടി.ബി.പി.ഡയറക്ടര്‍ ജനറലിന്റെ കമന്‍ഡേഷന്‍ റോള്‍ ഉള്‍പ്പെടെ വിവിധ അവാര്‍ഡുകളും ലഭിച്ചിരുന്നു. തൃശ്ശൂര്‍ എളനാട് സ്വദേശിനിയാണ് ലിസി.