'വലതുകൈയുടെ ചലനശേഷിയും നഷ്ടമായി; 100 ശതമാനം ശാരീരികവൈകല്യമുള്ളയാള്ക്ക് കോവിഡ് കാലത്ത് നിയമപരമായ പരോള്‍ പോലും നല്‍കുന്നില്ല'; സായിബാബയുടെ ഭാര്യ വസന്തകുമാരി സംസാരിക്കുന്നു

രാജ്യത്ത് കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പടര്‍ന്ന പന്തലിക്കുന്ന മഹാരാഷ്ട്രയിലെ തിങ്ങി നിറഞ്ഞ ജയിലുകളില്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്നും അതിനാല്‍ പ്രൊഫ. ജി.എന്‍ സായിബാബയെയും വിപ്ലവ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിനെയും എത്രയും പെട്ടെന്ന് ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ലോക പ്രശസ്തരമായ നൂറോളം ബുദ്ധിജീവികള്‍ കഴിഞ്ഞയാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കും കത്തയച്ചിരുന്നു. സായി ബാബയേയും വരവര റാവുവിനെയും കെട്ടിച്ചമച്ച കേസുകള്‍ ചാര്‍ത്തിയാണ് തടവിലാക്കിയിരിക്കുന്നതെന്നാണ് നോം ചോംസ്കി, ജുഡി ത്ത് ബട്ലര്, പാര്‍ത്ഥ ചാറ്റര്‍ജി തുടങ്ങി 100ഓളം പ്രമുഖര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
മാവോയിസ്റ്റ് സൈദ്ധാന്തികനെന്ന് ആരോപിച്ച് മഹാരാഷ്ട്ര പോലീസ് 2014 മെയ് ഒമ്പതിന് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ ജി.എന്‍ സായിബാബ ഇപ്പോഴും നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവറയിലാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വരെ പരസഹായം ആവശ്യമുള്ള, ശരീരത്തിന്റെ 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ട സായിബാബ ഈ കോവിഡ് മഹാമാരിയുടെ കാലത്ത് സഹായത്തിന് ഒരാള്‍ പോലുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ്. നട്ടെല്ലിന് രോഗം ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്ന സായിബാബയെ ഡല്‍ഹി പോലീസിന്റെ സഹായത്തോടെ സര്‍വ്വകലാശാലാ കാംപസില്‍ വെച്ചാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുന്നത്. സായിബാബയുടെ കോവിഡ് കാലത്തെ ജീവിതം ഭാര്യ വസന്ത കുമാരിയും മകള്‍ മഞ്ജീരയും അഴിമുഖവുമായി പങ്കുവെക്കുന്നു.
''കൊറോണ മൂലം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ജയില്‍ തടവുകാരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് പോലും അനുമതിയില്ല. ഫെബ്രുവരി അവസാന ആഴ്ചയാണ് ഞാന്‍ അവസാനമായി സായിയെ ജയിലില്‍ പോയി കണ്ടത്. 2014ല്‍ സായിയെ അറസ്റ്റ് ചെയ്ത അന്ന് മുതല്‍ ഇപ്പോഴും ഭാര്യയായ എനിക്ക് സായിബാബയെ ജയിലില്‍ പോയി കാണുക എന്നത് ഒരു ശ്രമകരമായ ജോലിയാണ്. എന്റെ പേരിന്റെ കൂടെ സര്‍നെയിമായി സായിയുടെ പേരില്ല എന്ന് പറഞ്ഞ് എനിക്ക് സായിയെ കാണാന്‍ ജയില്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത് മുതല്‍ തുടങ്ങുന്നു എന്റെ പ്രശ്നങ്ങള്‍. അവസാനമായി ഞാന്‍ സായിയെ കാണാനായി പോയത് ഫെബ്രുവരി 24നാണ്. രാവിലെ എട്ടുമണിയോടെ ജയിലില്‍ എത്തി. ഏറ്റവും അവസാനം ഉച്ചയോടെയാണ് എന്നെ കാണാന്‍ അനുവദിച്ചത്. പത്ത് പതിനഞ്ച് മിനിറ്റ് നേരമാണ് അനുവദിച്ചത്. ശരിക്ക് ഒന്നും കാണാന്‍ പോലും സാധിക്കാത്ത മൂന്നു അടുക്കുകളുള്ള ഫൈബറിന്റെ ഗ്ലാസിന്റെ മറവില്‍ നിന്നാണ് ഞാന്‍ സായിയുമായി സംസാരിച്ചത്. സംസാരം പോലും ശരിക്കും കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ല '' - വസന്ത കുമാരി പറഞ്ഞു.
"2017ലാണ് സായിബാബ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അന്ന് മുതല്‍ അദ്ദേഹം ജയിലിലാണ്. 19 ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് സായിബാബ. ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്തത്. ഈ ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ സുപ്രിം കോടതിയുടെ ഒരു ഉത്തരവുണ്ടായിരുന്നു, തടവുകാരെ പരോളില്‍ വിടണമെന്ന്, അപ്പോഴും നമ്മള് 45 ദിവസത്തെ പരോളിന് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. പക്ഷെ, അതും കോടതി തള്ളുകയാണുണ്ടായത്. അവിടെ കണ്ടെയിന്മെന്റ് ഏരിയയാണെന്ന കാരണം പറഞ്ഞാണ് പരോള്‍ നിഷേധിച്ചത്. സ്ഥിരമായി ഫിസിയോതെറാപ്പി ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ജയില്‍ അധികൃതര്‍ അവയൊന്നും സായിക്ക് അനുവദിക്കുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ വലത് കൈയ്യും പ്രവര്‍ത്തനരഹിതമാണ്. വിരലുകള്‍ മടങ്ങുന്നില്ല. ഒരു സ്പൂണ്‍ പിടിച്ച് ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെടുകയാണ് അദ്ദേഹം. ഇപ്പോള്‍ സായി 100 ശതമാനം വികലാംഗനാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ട് പോലും സായിബാബക്ക്, അദ്ദേഹം കുറ്റക്കാരനാണെന്നതിന് ശക്തമായ ഒരു തെളിവ് പോലും ഇല്ലാഞ്ഞിട്ടും ജാമ്യം നല്‍കാത്ത കോടതി; ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അസീമാനന്ദ, പ്രജ്ഞ സിങ് താക്കൂര്‍ അടക്കമുള്ളവര്‍ക്ക് പുറത്ത് പോകാന്‍ അവസരം നല്കുന്നു, ഇപ്പോള്‍ അവരുടെ കേസ് വരെ ഇല്ലാതാക്കുന്നു, ഇതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇതെന്താണ് സംഭവിക്കുന്നതെന്ന് എന്ന് എനിക്ക് മനസ്സിലാവുന്നില്ല" വസന്ത കുമാരി പറഞ്ഞു.
"പോസ്റ്റലും കുറിയറും എല്ലാം ലോക്ക്ഡൗണ്‍ മൂലം സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ സായിയുടെ ഒരു വിവരവും ലഭിക്കുന്നില്ല. വക്കീലിനു പോലും ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുന്നില്ല. ഞങ്ങള്‍ വലിയ ടെന്‍ഷനിലാണ്", സായിബാബയുടെ മകള്‍ മഞ്ജീര പറഞ്ഞു.
"നാഗ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഫോണ്‍ ചെയ്തിരുന്നു എന്നും സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിട്ടും, ജയില്‍ മാനുവല്‍ പ്രകാരം, തടവുകാരന് കുടുംബാംഗങ്ങളുമായി ഫോണിലൂടെ സംസാരിക്കാന്‍ അനുവാദമില്ല എന്ന് പറഞ്ഞ് തങ്ങള്‍ക്ക് സായിയുമായി സംസാരിക്കാന്‍ സൂപ്രണ്ട് അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്ന് വസന്തകുമാരി ആരോപിക്കുന്നു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി ഈ ജൂണ്‍ മാസത്തില്‍ ഒരു തവണ ഫോണില്‍ കുറച്ച് സമയം സംസാരിക്കാന്‍ അവസരം ലഭിച്ചു. ഈ അടുത്തായി മൂന്ന് തവണ സായിക്ക് ചെസ്റ്റ് പെയിന്‍ വന്നു, നിരവധി തവണ ബോധക്ഷയം ഉണ്ടായി. നേരത്തെ ഇടത് കൈ ചലനമറ്റിരുന്നു, ഇപ്പോള്‍ വലത്തെ കൈയ്യും പ്രവര്‍ത്തനരഹിതമാണ്. സായിക്ക് ഇപ്പോള്‍ രണ്ട് സഹായികളുടെ ആവശ്യമുണ്ട്. എന്നാല്‍, ജയില്‍ അധികൃതര്‍ അത് അനുവദിക്കുന്നില്ല. നീ മരിക്കുകയോ, ജീവിക്കുകയോ ചെയ്താലും ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നാണ് ജയില്‍ അധികാരികള്‍ അദ്ദേഹത്തോട് പറയുന്നത്.
പരോളിനുള്ള അപേക്ഷ തള്ളിയത്, ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ ചലഞ്ച് ചെയ്തെങ്കിലും കോടതിയും പരോള്‍ അപേക്ഷ തള്ളുകയായിരുന്നു. ഹൈദരാബാദ് കണ്ടെയ്ന്മെന്റ് ഏരിയയാണെന്ന് പറഞ്ഞാണ് കോടതി പരോള്‍ അപേക്ഷ തള്ളിയത്. എന്നാല്‍, കോവിഡ് വിഷയത്തില്‍ ഹൈദരാബാദിനേക്കാള്‍ മോശമായ അവസ്ഥയുള്ള ബോംബൈയിലുള്ള രണ്ടു പേര്‍ക്ക് കോടതി പരോള്‍ അനുവദിക്കുകയും ചെയ്തു. പിന്നെ, ഇപ്പോള്‍ വീണ്ടും പരോളിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. സായിക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരന് രാംദേവാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സായിക്ക് ഇപ്പോള്‍ വായിക്കാന്‍ പത്രം പോലും നല്‍കുന്നില്ല, ഞങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് അദ്ദേഹത്തിനോ സായിയുടെ അവസ്ഥ എന്താണെന്ന് ഞങ്ങള്ക്അകോറിയാന് പറ്റാത്ത അവസ്ഥയാണിപ്പോള്‍. സായിക്ക് വേണ്ട മരുന്നുകള്‍ ഓരോ ആഴ്ചയും നമ്മുടെ അഭിഭാഷകന് ജയിലില്‍ പോയി കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, ലോക്ക്ഡൗണ്‍ കാരണം ജയിലില്‍ മരുന്ന് എത്തിക്കുക എന്നത് വലിയ പ്രശ്നമാണ്. ഇപ്പോള്‍ അഭിഭാഷകന് പോലും ജയിലിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
മൂന്ന് വര്‍ഷം ജയില്‍ വാസം അനുഭവിച്ചാല്‍ പരോള്‍ ലഭിക്കുക എന്നത് ഒരു തടവുകാരന്റെ അവകാശമാണ്. സായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജയില്‍ അതോറിറ്റിയും കോടതിയും അദ്ദേഹത്തിന് പരോള്‍ നിഷേധിക്കുകയാണ്. കോടതിയുടെ നടപടി എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല, കുറ്റവാളികളാണെന്ന് തെളിഞ്ഞവര്‍ക്ക് ജാമ്യവും പരോളും നല്കിയ കോടതി 100 ശതമാനം വൈകല്യമുള്ള ഒരു വ്യക്തിക്ക് എന്തുകൊണ്ടാണ് നിയമപരമായ പരോള്‍ പോലും നല്‍കാത്തത് എന്ന് മനസ്സിലാവുന്നില്ല", എന്നും വസന്തകുമാരി പറയുന്നു.
ഗുരുതരമായ പാന്‍ക്രിയാറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദം, പിത്തസഞ്ചിയിലെ കല്ലുകള്‍, ബോധക്ഷയങ്ങള് എന്നിവ ഉള്‍പ്പെടെ ജീവന് അപകടപ്പെടുത്തുന്ന നിരവധി അസുഖങ്ങള്‍ അനുഭവിക്കുന്ന സായിബാബയോട് ജയില്‍ അധികൃതര്‍ തുടര്‍ച്ചയായി കാണിക്കുന്ന അവഗണന കോവിഡ്-19 മഹാമാരിയുടെ സമയത്ത് അദ്ദേഹത്തിന് വധശിക്ഷയാണ് നല്‍കുകയെന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തില്‍ നോം ചോംസ്കി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സായിബാബയ്ക്ക് ശരിയായ വൈദ്യചികിത്സ നല്‍കാനും കോവിഡ് രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും ഇടപെടണമെന്നാണ് ഇവര്‍ തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.
