'വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേപ്പാളില്‍'; വീഡിയോ ആയുധമാക്കി ബിജെപി 

 
rahul

സുഹൃത്തിന്റെ വിവാഹത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാള്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി ബിജെപി. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികള്‍ ആഘോഷിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍, സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സൗഹൃദ രാഷ്ട്രം സന്ദര്‍ശിക്കുന്നത് കുറ്റകരമല്ലെന്നും 2015-ല്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അത്രയും വരില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. 

നവാസ് ഷെരീഫിനൊപ്പം കേക്ക് മുറിക്കാന്‍ പ്രധാനമന്ത്രി മോദിയെപ്പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി രാഹുല്‍ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്നും പത്താന്‍കോട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സൗഹൃദ രാജ്യമായ നേപ്പാളിലേക്ക് പോയതില്‍ തെറ്റില്ല, ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സുഹൃത്തുക്കളുടയും കുടുംബാംഗങ്ങളുടെയും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഒരു പക്ഷെ പ്രധാനമന്ത്രിയും ബിജെപിയും  കുറ്റമാണെന്ന് പറഞ്ഞേക്കാം' അദ്ദേഹം പറഞ്ഞു. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീഡിയോ ബിജെപി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു രണ്‍ദീപ് സുര്‍ജേവാല. 

മൂന്ന് പേര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കാഠ്മണ്ഡുവിലെത്തിയതെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തന്റെ നേപ്പാളി സുഹൃത്തും മുന്‍ സിഎന്‍എന്‍ പത്രപ്രവര്‍ത്തകയും ഇപ്പോള്‍ ലുംബിനി മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുമ്നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെത്തിയതെന്നും റിപോര്‍ട്ട് പറയന്നു.