കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നു, വൻ പൊലീസ് സന്നാഹം; ബാബറുടെ സേനയെന്ന് താരം, 'പാക് അധിനിവേശ കശ്മീർ' പരാമർശവും ആവർത്തിക്കുന്നു

 
കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നു, വൻ പൊലീസ് സന്നാഹം; ബാബറുടെ സേനയെന്ന് താരം, 'പാക് അധിനിവേശ കശ്മീർ' പരാമർശവും ആവർത്തിക്കുന്നു

മുംബൈയെ പാക് അധിനി വേശ കാശ്മീർ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കുന്നു. നിയമവിരുദ്ധ നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതർ നടപടികളുമായി മുന്നോട്ട് പോവുന്നത്. നഗരത്തിലെ ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.

ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ആരോപണങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പൊളിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും നേരത്തെ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മുംബൈയിലെ കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം പൊളിക്കുന്ന നടപടികൾ പുരോഗമിക്കെ വിവാദ പരാമപർശം ആവർത്തിക്കുകയാണ് താരം. എന്റെ മുംബൈ ഇപ്പോൾ പിഒകെ ആയിരിക്കുന്നു എന്നാണ് പുതിയ ട്വീറ്റ്. മുംബൈയിലെ കെട്ടിടം പൊളിക്കുന്ന ചിത്രം പങ്കുവച്ചാണ് പരാമർശം. ഞാൻ തെറ്റുകാരിയല്ല. എന്റെ ശത്രുക്കൾ എന്റെ മുംബൈ ഇപ്പോൾ POK ആയിരിക്കുന്നു എന്ന് എന്റെ ശത്രുക്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. എന്നാണ് ട്വീറ്റ്.

തന്റെ വീട്ടിൽ നിയമവിരുദ്ധമായ നിർമ്മാണമൊന്നുമില്ലെന്നും താരം അവകാശപ്പെടുന്നു. നഗരത്തിൽ സെപ്റ്റംബർ 30 വരെ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊളിച്ചുമാറ്റുന്നത് സർക്കാർ നിരോധിച്ചതാണ്. ഇപ്പോൾ നടക്കുന്നത് ഫാസിസമാണെന്നും അവർ പറയുന്നു. കെട്ടിടം പൊളിക്കൽ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യവുമായി കങ്കണ ബോംബെ കോടതിയെ സമീപിച്ചു.


അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരും ശിവ സേനയുമായുള്ള പരസ്യ വാക്ക് പോര് തുടരുന്നതിനിടെ കങ്കണ ഇന്ന് മുംബൈയിലെത്തും. കേന്ദ്ര സർക്കാർ വൈ പ്ലസ് സുരക്ഷയാണ് മുംബൈയിൽ എത്തുന്ന താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പാക് അധീന കശ്മീരുമായി മുംബൈയെ ഉപമിച്ച് വിവാദത്തിലായ കങ്കണ റണൗട്ട് ഇന്ന് മുംബൈയിലെത്തും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷാവലയത്തില്‍ ഇന്ന് മൂന്നുമണിക്കാണ് കങ്കണ മുംബൈ നഗരത്തിലെത്തുക. 10 കമാന്റോകളുടെ സുരക്ഷാവലയത്തിലാണ് കങ്കണ മുംബൈയിലെത്തുന്നത്.

മൊഹാലിയിലെ വിമാനത്താവളത്തിൽ നിന്നും പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് കങ്കണ യാത്ര തിരിക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടി ക്വാറന്റെനില്‍ പോകേണ്ടി വരുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. നടിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനും സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ, ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ നടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ കങ്കണ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഹാരാഷ്ട്ര സര്‍ക്കാരുമായി താരം ഏറ്റുമുട്ടിയത്. മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞതോടെ തർക്കം രൂക്ഷമായി. സുരക്ഷിതമല്ലെങ്കില്‍ ഇവിടെ ജീവിക്കേണ്ടതില്ലെന്നായിരുന്നു ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റെ പ്രതികരണം. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.