'ശിവസേനയ്ക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടല്ലേ, സാരമില്ല, ഞാന്‍ ഉടന്‍ വരാം', രാജ്യദ്രോഹക്കേസില്‍ സമന്‍സയച്ച മുംബൈ പോലീസിനോട് കങ്കണ

 
'ശിവസേനയ്ക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടല്ലേ, സാരമില്ല, ഞാന്‍ ഉടന്‍ വരാം', രാജ്യദ്രോഹക്കേസില്‍ സമന്‍സയച്ച മുംബൈ പോലീസിനോട് കങ്കണ

രാജ്യദ്രോഹക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കും മുംബൈ പോലീസിന്റെ നോട്ടീസ്. ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദ്ദേശം. ബോളിവുഡിനെ കങ്കണ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതി പ്രകാരമാണ് നടിക്കെതിരെ കേസെടുത്തത്.

ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സമന്‍സ്. 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ നടി കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തതിന് പിന്നാലെയാണ് പുതിയ കേസ് എന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ പുതിയ സമന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ ശിവസേനയെയും മുംബൈ പോലീസിനെയും വീണ്ടും പരിഹസിക്കുകയാണ് താരം.

ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. 'ശിവസേനക്ക് തന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. ആശങ്ക വേണ്ട, ഞാന്‍ ഉടന്‍ വരും' എന്നായിരുന്നു മുംബൈ പൊലീസിന്റെ സമന്‍സിനോട് കങ്കണ പ്രതികരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞതിന് പിന്നാലെയാണ് കങ്കണ- മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദം കൊടുമ്പിരി കൊണ്ടത്. കങ്കണയെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തുന്നത് ബിജെപിയാണ് എന്നാണ് ശിവസേനയുടെ ആരോപണം.