കങ്കണ- ശിവസേന പോരിൽ പ്രക്ഷുബ്ധമായി മഹാരാഷ്ട്ര രാഷ്ട്രീയവും, അനാവശ്യ പ്രചാരണം നല്‍കിയെന്ന് പവാർ; 'രാമക്ഷേത്രവും ബാബറും വീണ്ടും ഉയരുന്നു'

 
കങ്കണ- ശിവസേന പോരിൽ പ്രക്ഷുബ്ധമായി മഹാരാഷ്ട്ര രാഷ്ട്രീയവും, അനാവശ്യ പ്രചാരണം നല്‍കിയെന്ന് പവാർ; 'രാമക്ഷേത്രവും ബാബറും വീണ്ടും ഉയരുന്നു'

ബോളിവുഡ് താരം കങ്കണ റണൗട്ടുമായി ബന്ധപ്പെട്ട വിവാദം മുംബൈയിലെ രാഷ്ട്രീയവും കലക്കിമറിക്കുന്നു. അനധികൃത നിർണമാണം ചൂണ്ടിക്കാട്ടി കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള തദ്ദേശ ഭരണ സ്ഥാപനമായ ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നടപടി സംസ്ഥാനം ഭരിക്കുന്ന ശിവസേന കോൺഗ്രസ് എൻസിപി സഖ്യത്തില്‍ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് വളരുകയാണ്.

തനിക്കെതിരായ നടപടിയിൽ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെക്കെതിരെ രൂക്ഷമായ വിമർശം ഉന്നയിച്ച് കങ്കണ വാർത്തകളിൽ നിറയുകയാണ്. വിവാദങ്ങൾ സൃഷ്ടിച്ച് ബിജെപി ഉൾപ്പെടെയുള്ള എതിർചേരിക്ക് വിഷയങ്ങൾ നൽകിയെന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ ഭരണ പക്ഷ നേതൃത്വത്തിൽ നിന്നും പുറത്ത് വരുന്നത്.‌

കെട്ടിടം പൊളിക്കുന്നത് നിലവിൽ ബോംബെ ഹൈക്കോടതി തട‍ഞ്ഞിട്ടുണ്ട്. ഒരു ഭാഗം പൊളിച്ചു മാറ്റിയപ്പോഴാണ് കോടതി ഉത്തരവ് വന്നത്. ഇതേത്തുടർന്ന് ബിഎംസി പൊളിക്കൽ നടപടികൾ നിർത്തിവച്ചു. എന്നാൽ കങ്കണയുടെ പ്രതികരണങ്ങൾ വിഷയം കുടുതൽ വിവാദങ്ങളിലേക്ക് തള്ളിവിടാൻ ഉതകുന്നതാണ്. കോർപറേഷൻ തന്റെ വീട്ടിലെ രാമക്ഷേത്രം പോലും വെറുതെ വിട്ടില്ലെന്നും, നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ബാബറിന്റെ സേനയെന്നും ഉൾപ്പെടെ പരാമർശിച്ചായിരുന്നു നടിയുടെ ട്വീറ്റ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെയും നടി രൂക്ഷ വിമർശന ഉയർത്തി. തന്റെ വീട് തകർത്തത് പോലെ ഉദ്ധവ് താക്കറെയുടെ അഹങ്കാരവും തകർക്കപ്പെടും എന്നും കങ്കണ പറയുന്നു. 'ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് കരുതുന്നത്? സിനിമയിലെ മാഫിയകളെ കൂട്ടുപിടിച്ച് നിങ്ങൾ എന്റെ വീട് തകർത്തത് വഴി എന്നോട് പ്രതികാരം ചെയ്തെന്നോ? ഇന്ന് എന്റെ വീട് ഇന്ന് തകർത്തു, നാളെ നിങ്ങളുടെ അഹങ്കാരവും തകർക്കപ്പെടും. ഇപ്പോൾ സമയം നിങ്ങൾക്ക് അനുകൂലമാണ്. എന്നാൽ എപ്പോഴും അങ്ങനെ ആയിരിക്കില്ലെന്ന് ഓർത്തുകൊളളുക. എന്നാണ് ട്വീറ്റ്.

ഇതിനിടെയാണ്, ഭരണ പക്ഷമായ എൻസിപി ഉൾപ്പെടെ ഇപ്പോഴത്തെ വിവാദങ്ങൾ അനാവശ്യമായിരുന്നു എന്ന നിലപാട് സ്വീകരിക്കുന്നത്. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇപ്പോഴത്തെ നടപടികൾ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തിയെന്നും നടിക്ക് അനാവശ്യ പ്രചാരണം നല്‍കിയെന്നും ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെയുമായും സഞ്ജയ് റാവത്തടക്കമുള്ള ശിവസേന നേതാക്കളുമായും പവാര്‍ ചര്‍ച്ചനടത്തുകയും ചെയ്തു.

ബ്രിംഹാൻ മുംബൈ കോർപ്പറേഷന്‌റെ നടപടിയെയും പവാർ പരോക്ഷമായി വിമർശിച്ചു. നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ മുംബൈയില്‍ ഒരു പുതിയ കാര്യമല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ബിഎംസിക്ക് അവരുടേതായ കാരണങ്ങളും നിയമങ്ങളുമുണ്ട്, അവര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചു', എന്‍സിപി നേതാവ് ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന രഹിതമായി ആരോപണങ്ങൾ ഉന്നയിച്ച് നടി ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിക്കുകയാണെന്നായിരുന്നു കെട്ടിടം പൊളിച്ച സംഭവത്തെ ബാബറുടെ സേനെയെന്നും രാമക്ഷേത്രം പൊളിക്കുന്നതിനെയും ബന്ധപ്പെടുത്തി സംസാരിച്ച കങ്കണയ്ക്ക് എൻസിപി സംസ്ഥാന അധ്യക്ഷൻ നൽകിയ മറിപടി. ഇത്തരം പ്രസ്താവനകൾ ജനങ്ങളുടെ വികാരത്തെ സ്പർശിക്കുന്നതാണെന്നും അദ്ദേഹം കുറ്റെപ്പെടുത്തി. അതിനിടെ, കെട്ടിടം പൊളിച്ച സംഭവത്തെ അപലപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ അപലപിച്ചു. കങ്കണ ഹിമാചലിന്റെ പുത്രിയാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി ജയന്ത് പാട്ടീൽ അവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ കങ്കണ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഹാരാഷ്ട്ര സര്‍ക്കാരുമായി താരം ഏറ്റുമുട്ടിയത്. മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞതോടെ തർക്കം രൂക്ഷമായി. സുരക്ഷിതമല്ലെങ്കില്‍ ഇവിടെ ജീവിക്കേണ്ടതില്ലെന്നായിരുന്നു ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റെ പ്രതികരണം. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.