'മാധ്യമങ്ങള്‍ പലപ്പോഴും കങ്കാരു കോടതികളായി മാറുന്നു'; രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

 
n v ramana

നിക്ഷിപ്ത അജണ്ട വെച്ചുള്ള സംവാദങ്ങളും മാധ്യമ വിചാരണകളും ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) എന്‍വി രമണ. റാഞ്ചിയില്‍ ജസ്റ്റിസ് സത്യബ്രത സിന്‍ഹയുടെ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.

മാധ്യമങ്ങള്‍ പലപ്പോഴും കങ്കാരു കോടതികളായി മാറുന്നുണ്ട്. പരിചയസമ്പന്നരായ ജഡ്ജിമാര്‍ പോലും അതിന്റെ സ്വാധീനത്തില്‍ നിന്നു കുതറാന്‍ പ്രയാസപ്പെടുന്നു. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും പ്രത്യേക അജന്‍ഡ വച്ചുള്ളതുമായ മാധ്യമ ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു.

'മാധ്യമ വിചാരണകള്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വഴികാട്ടുന്ന ഘടകമാകില്ല. കാലാകാലങ്ങളില്‍, അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കംഗാരു കോടതികള്‍ നടത്തുന്നത് ഞങ്ങള്‍ കാണുന്നു. നീതിന്യായ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിസ്ഥാനപരമായ വിവരമില്ലാത്തതും അജണ്ടയില്‍ പ്രവര്‍ത്തിക്കുന്നതുമായ സംവാദങ്ങള്‍  ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും അദ്ദേഹം പറഞ്ഞു.

'മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ വീക്ഷണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നു, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു, വ്യവസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഈ പ്രക്രിയയില്‍, നീതി നിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്തത്തെ മറികടക്കുകയും ലംഘിക്കുകയും ചെയ്തുകൊണ്ട്, നിങ്ങള്‍ ഞങ്ങളുടെ ജനാധിപത്യത്തെ രണ്ട് പടി പിന്നോട്ട് കൊണ്ടുപോകുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ചടി മാധ്യമങ്ങള്‍ക്ക് ഇപ്പോഴും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ടെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം തീരെയില്ല, അതിലും മോശമാണ് സാമൂഹിക മാധ്യമങ്ങള്‍' ചീഫ് ജസ്റ്റിസ് പറഞ്ഞു. ചിലപ്പോള്‍, മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍, ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിത പ്രചാരണങ്ങള്‍ നടക്കുന്നു,'' അദ്ദേഹം പറഞ്ഞു.

'ജഡ്ജിമാര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. കൊടും ക്രിമിനലുകളെ ജയിലില്‍ അടയ്ക്കുന്ന ജഡ്ജിമാര്‍ക്ക് വിരമിച്ചതിന് ശേഷം ഒരു സുരക്ഷാ സംരക്ഷണവും ലഭിക്കുന്നില്ല. സമൂഹത്തില്‍ പ്രത്യേക സുരക്ഷ ഒന്നുംമില്ലത്താതെയാണ് ജീവിക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും ചില രാഷ്ട്രീയ നേതാക്കള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും. പോലീസുകാര്‍ക്കും ഒക്കെ സുരക്ഷ ലഭിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സജീവ രാഷ്ട്രീയക്കാരന്‍ ആകാനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തന്റെ വിധി മറ്റൊന്ന് ആയിരുന്നുവെന്നും' ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും വിധിനിര്‍ണ്ണയത്തിനുള്ള വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ജുഡീഷ്യറിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.