'ബിജെപിയെ എതിർക്കാൻ കോണ്‍ഗ്രസിനല്ലാതെ ആര്‍ക്കും കഴിയില്ല';  പ്രതികരിച്ച് കനയ്യയും ജിഗ്‌നേഷും

 
kanayya

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  സിപിഐ സീറ്റില്‍ മത്സരിച്ച കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശനം. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായിയില്‍ നിന്ന് സിപിഐ ടിക്കറ്റില്‍ കനയ്യ കുമാര്‍ മത്സരിച്ചെങ്കിലും ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടിരുന്നു. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര്‍ഡിഎഎം) കണ്‍വീനറുമാണ് മേവാനി.

ഇന്ത്യന്‍ വിപ്ലവ ഇതിഹാസമായ ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് കനയ്യ വിപ്ലവ പാര്‍ട്ടിയില്‍നിന്നു വലതുപക്ഷ രാഷ്ട്രീയധാരയിലേക്ക് കാലെടുത്ത് വെച്ചതെന്നത് ശ്രദ്ധേയമാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു, കാരണം ഇത് ഒരു പാര്‍ട്ടി മാത്രമല്ല, ഒരു ആശയമാണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ജനാധിപത്യപരവുമായ പാര്‍ട്ടിയാണിതെന്നും കനയ്യകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് ഞാന്‍ മാത്രമല്ല പലരും കരുതുന്നു, കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ കപ്പല്‍ പോലെയാണ്, അത് സംരക്ഷിക്കപ്പെടുകയാണെങ്കില്‍, പല ആളുകളുടെ അഭിലാഷങ്ങളും, മഹാത്മാ ഗാന്ധിയുടെ ഏകത്വവും, ഭഗത് സിംഗിന്റെ ധൈര്യവും, ബിആര്‍ അംബേദ്കറുടെ സമത്വ ആശയവും സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. കനയ്യകുമാര്‍ പറഞ്ഞു. പ്രതിപക്ഷം തളര്‍ന്നാല്‍ രാജ്യത്ത് ഏകാധിപത്യം വളരും. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനല്ലാതെ ആര്‍ക്കും കഴിയില്ലെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. സിപിഐയോടു നന്ദിയുണ്ട്. പക്ഷേ വലിയ പ്രതിപക്ഷ പാര്‍ട്ടിയെ നിലനിര്‍ത്തണം. കോണ്‍ഗ്രസ് നിലനിന്നാലേ രാജ്യം നിലനില്‍ക്കുവെന്നും കനയ്യ പ്രതികരിച്ചു

സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരാനായില്ല. ഞാന്‍ ഒരു സ്വതന്ത്ര എംഎല്‍എയാണ്, ഞാന്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍, ഞാന്‍ ഒരു എംഎല്‍എ ആയി തുടര്‍ന്നേക്കില്ല ... ഞാന്‍ ആശയപരമായി കോണ്‍ഗ്രസിന്റെ ഭാഗമാണ്, വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ നിന്ന് പോരാടും.  ജനാധിപത്യവും ഇന്ത്യയുടെ ആശയവും സംരക്ഷിക്കാന്‍, സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കുകയും ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് വലിച്ചെറിയുകയും ചെയ്ത ഒരു പാര്‍ട്ടിക്കൊപ്പം ഞാന്‍ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാന്‍ ഇന്ന് കോണ്‍ഗ്രസിനൊപ്പമുള്ളത് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി പറഞ്ഞു. 

ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. കൂടിയാണ് ജിഗ്‌നേഷ്. സ്വതന്ത്രനായി മത്സരിച്ച ജിഗ്‌നേഷിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.  ചരിത്രപരമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന വാദ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് ജിഗ്‌നേഷിന് പിന്തുണയര്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയടക്കം ജിഗ്‌നേഷിന്റെ പ്രചാരണത്തിനുമെത്തിയിരുന്നു.

ബിഹാറില്‍ കോണ്‍ഗ്രസിന്റെ യുവ മുഖമായും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായേക്കുമെന്നും കനയ്യ കുമാര്‍ പ്രവര്‍ത്തിക്കുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്കെതിരെ ദേശീയ തലത്തിലുള്ള നീക്കം കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുകയാണെന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള യുവാക്കളെ കണ്ടെത്തി ബിജെപി നേടിയ മികച്ച വോട്ട് അടിത്തറയെ ചെറുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുവമുഖങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും  രാഹുല്‍ ഗാന്ധി കനയ്യയും ജിഗ്നേഷും ഉള്‍പ്പെടെയുള്ള യുവ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കനയ്യയും ജിഗ്‌നേഷും എത്തുന്നതോടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അതേസമയം ബിഹാറിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് പ്രതികൂല സാഹചര്യങ്ങളുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നതെന്നും റിപോര്‍ട്ടുണ്ട്. അതോടൊപ്പം, 2016 ല്‍ ജെഎന്‍യുവില്‍ 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന ആരോപണം നേരിടുന്ന കനയ്യകുമാറിനെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ചില പാര്‍ട്ടി നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.