കനയ്യ കുമാറിന്റെയും ജിഗ്‌നേഷ് മേവാനിയുടെയും കോണ്‍ഗ്രസ് പ്രവേശനം അടുത്തയാഴ്ച്ച ? 

 
Jignesh Mevani, Kanhaiya Kumar

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും ഈ മാസം 28 ന് കോണ്‍ഗ്രസില്‍ (ഐഎന്‍സി) ചേരുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ  റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയമാറ്റം ചര്‍ച്ച ചെയ്യാന്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ബിഹാറില്‍ കോണ്‍ഗ്രസിന്റെ യുവ മുഖമായി കനയ്യ കുമാര്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപോര്‍ട്ട്. ഒപ്പം ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായേക്കുമെന്നും റിപോര്‍ട്ട് പറയുന്നു. ബിജെപിക്കെതിരെ ദേശീയ തലത്തിലുള്ള നീക്കം കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുകയാണെന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള യുവാക്കളെ കണ്ടെത്തി ബിജെപി നേടിയ മികച്ച വോട്ട് അടിത്തറയെ ചെറുക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്നും റിപോര്‍ട്ട് പറയുന്നു. 

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുവമുഖങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും വേണ്ടി രാഹുല്‍ ഗാന്ധി ഗുജറാത്ത്  എംഎല്‍എ ജിഗ്‌നേഷ് മേവാനി ഉള്‍പ്പെടെയുള്ള യുവ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കനയ്യയും ജിഗ്നേഷും എത്തുന്നതോടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

അതേസമയം ബിഹാറിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് പ്രതികൂല
സാഹചര്യങ്ങളുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നതെന്നും റിപോര്‍ട്ടിലുണ്ട്. അതോടൊപ്പം, 2016 ല്‍ ജെഎന്‍യുവില്‍ 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന ആരോപണം നേരിടുന്ന കനയ്യകുമാറിനെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ചില പാര്‍ട്ടി നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.