കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്കോ? രാഹുല്‍ഗാന്ധിയുമായി കൂടികാഴ്ച നടത്തി 

 
kanhaiya-kumar

സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തിയേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ രാഹുല്‍ഗാന്ധി- കനയ്യകുമാര്‍ കൂടികാഴ്ച്ച. ചൊവ്വാഴ്ച ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടികാഴ്ച. അതേസമയം കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയവും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നതായാണ് വിവരം. 

കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായുള്ള റിപോര്‍ട്ടുകള്‍ക്കിടെ പുറത്തു വരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ' മാസം ആദ്യം നടന്ന ഞതളുടെ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. അദ്ദേഹം സംസാരിച്ചു, ചര്‍ച്ചകളില്‍ പങ്കെടുത്തു,''രാജ പറഞ്ഞു.

എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകളോട് കനയ്യകുമാര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ബീഹാര്‍ രാഷ്ട്രീയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളായ ആര്‍ജെഡിയും സിപിഐയും (എംഎല്‍) മായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. കോണ്‍ഗ്രസിന് മത്സരിച്ച 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ആര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍ പകുതിയിലേറെയും വിജയിച്ചപ്പോള്‍ സിപിഐ (എംഎല്‍) 19 സീറ്റുകളില്‍ 12 എണ്ണത്തില്‍ വിജയിച്ചു. യുവാക്കള്‍ക്കിടയില്‍ താരമായ കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും പാര്‍ട്ടിയിലേക്ക് എത്തുന്നത് ഗുണം ചെയ്യുന്നൊണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ ചില നേതാക്കളെങ്കിലും കനയ്യകുമാറിന്റെ വിവാദ ഭൂതകാലം കണക്കിലെടുത്ത് പാര്‍ട്ടിക്ക് ഒരു ബാധ്യതയായിരുക്കുമെന്ന് അഭിപ്രായമുണ്ടെന്നാണ് വിവരം. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകും.

2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.