ഉദ്ധവ് താക്കറെക്കെതിരായ 'കരണത്തടി' പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

 
Narayana Rane

20 വര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ 'കരണത്തടി' പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍. രത്‌നഗിരി പൊലീസാണ് റാണെയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ, ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയില്‍ നാസിക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാണക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒന്നിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് റാണെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രമന്ത്രി റാണെയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പ്രതികരിച്ചത്. കോടതി നിര്‍ദേശമനുസരിച്ചായിരിക്കും തുടര്‍നടപടിയെന്നും ദീപക് പാണ്ഡെ പറഞ്ഞു. അതേസമയം, അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് റാണെ, ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ചതന്നെ അടിയന്തര വാദം കേള്‍ക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡെ, എന്‍.ജെ ജമാദര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ചു. 

റായ്ഗഢില്‍ 'ജന ആശീര്‍വാദ് യാത്ര'യില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ 'കരണത്തടി' പരാമര്‍ശം. ആഗസ്റ്റ് 15ന് നടത്തിയ പ്രസംഗത്തിനിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മറന്നുപോയ ഉദ്ധവ് ഉടനെ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നായിരുന്നു റാണെയുടെ ആരോപണം. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു.

റാണെയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ശിവസേന, ബിജെപി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. ശിവസേന നേതാക്കള്‍ മുംബൈയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി നേതാക്കള്‍ തടയാന്‍ ശ്രമിച്ചതോടെയായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പോലീസ് പ്രത്യേക സേനയെ വിന്യസിച്ച് സാഹചര്യം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപാര്‍ട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. ശിവസേനാ നേതാക്കള്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെയും ശിവസേന നേതാക്കള്‍ കല്ലെറിഞ്ഞു.