കോവിഡ് മൂന്നാം തരംഗം: ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് കര്‍ണാടക
 

 
d

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ കേരളം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കോവിഡ്  മൂന്നാം തരംഗം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണിതെന്ന് വിദഗ്ധ സംഘം വിശദീകരിച്ചു.

നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും കര്‍ണാടക സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു, കൂടാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും ആവശ്യമായിരുന്നു. എന്നാല്‍  കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരുന്നവര്‍ കര്‍ണാടകയില്‍ പ്രവേശിച്ചതിന് ശേഷം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 

കർണാടകയിൽ ജോലി ചെയ്യുന്ന കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തില്‍ അടിയന്തരമായി മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സമാന രീതിയിലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങളൊന്നുമില്ലെങ്കില്‍ 2021 ഒക്ടോബര്‍ അവസാനം വരെ കേരളത്തില്‍ പോകുന്നത് മാറ്റിവയ്ക്കാനും സര്‍ക്കുലര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു. 

സെപ്റ്റംബര്‍ 1 മുതല്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു.  ക്വാറന്റൈനുള്ള സൗകര്യങ്ങള്‍ അതത് സ്ഥാപനങ്ങളും കമ്പനികളും നല്‍കണം, കൂടാതെ ഹോം ക്വാറന്റൈന്‍  അനുവദനീയമായിരുന്നില്ല. ക്വാറന്റൈനില്‍, വ്യക്തികളെ ഏഴ് ദിവസത്തേക്ക് കര്‍ശനമായി നിരീക്ഷിക്കും, പിന്നീട് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്യിട്ടുണ്ട്.  അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, യാത്രക്കാര്‍, ഹ്രസ്വകാല സന്ദര്‍ശനത്തിനായി വരുന്നവര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. 
.