'കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തിയവര്‍ തീവ്രവാദികള്‍'; വിവാദ ട്വീറ്റില്‍ കങ്കണക്കെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതി ഉത്തരവ്

 
'കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തിയവര്‍ തീവ്രവാദികള്‍'; വിവാദ ട്വീറ്റില്‍ കങ്കണക്കെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതി ഉത്തരവ്

കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തിയവര്‍ തീവ്രവാദികളാണെന്ന വിവാദ ട്വീറ്റില്‍ ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതി ഉത്തരവിട്ടു. അഭിഭാഷകനായ എല്‍. രമേഷ് നായിക്ക് നല്‍കിയ പരാതിയിലാണ് തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കേസെടുക്കാനുള്ള ഉത്തരവ് പരാതിയുടെ പകര്‍പ്പിനൊപ്പം ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിലെ സി.ഐയെ അറിയിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

സിഎഎ (പൗരത്വ ഭേദഗതി നിയമം) സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിനു വഴിവെച്ചവര്‍ ഇപ്പോള്‍ കാര്‍ഷിക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്, അവര്‍ തീവ്രവാദികളാണ് എന്ന സെപ്റ്റംബര്‍ 21ലെ കങ്കണയുടെ ട്വീറ്റിനെതിരെയാണ് പരാതി. വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന കര്‍ഷകരെ വേദനിപ്പിക്കുന്നതായിരുന്നു കങ്കണയുടെ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നുമാണ് പരാതി. വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടും പൊലീസോ സര്‍ക്കാരോ നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ 153 എ, 504, 108 വകുപ്പുകള്‍ ചുമത്തി നടിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും പരാതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അടുത്ത കാലത്തായി നിരവധി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് കങ്കണ. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ്, മുംബൈ പൊലീസ്, മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്ര തലസ്ഥാനത്തെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് വിമര്‍ശിച്ചതിനുപിന്നാലെ മുംബൈയിലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടിയുടെ ഓഫിസിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയിരുന്നു. അനധികൃത നിര്‍മാണത്തിന്റെ പേരിലായിരുന്നു നടപടി. സംഭവത്തില്‍ കോടതിയെ സമീപിച്ച കങ്കണ കോര്‍പ്പറേഷനോട് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച കേസിലെ എല്ലാ വാദങ്ങളും അവസാനിപ്പിച്ചിരുന്നു.