നിര്‍ബന്ധിത ബൈബിള്‍ പഠനം: ബെംഗളൂരുവില്‍ സ്‌കൂളിന് നോട്ടീസയച്ച് കര്‍ണാടക സര്‍ക്കാര്‍ 

 
school

ബെംഗളൂരു റിച്ചാര്‍ഡ്സ് ടൗണിലെ ക്ലാരന്‍സ് ഹൈസ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നോട്ടീസ് അയച്ച് സംസ്ഥാന സര്‍ക്കാര്‍. രക്ഷിതാക്കളുടെ പരാതിയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച വിശദീകരണം തേടി സ്‌കൂളിന് നോട്ടീസ് അയച്ചത്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രതികരണത്തിന് ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞതായി ഡെക്കാണ്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളിന്റെ നടപടി കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണപരമായ ഇളവുകള്‍ ലഭിക്കുമെങ്കിലും മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ അനുമതിയില്ല. ''സ്‌കൂളുകളില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാനോ പ്രസംഗിക്കാനോ പാഠ്യപദ്ധതിയില്‍ പ്രത്യേക വ്യവസ്ഥകളില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ മതപഠനങ്ങള്‍  നിരീക്ഷിക്കാനും നോട്ടീസ് നല്‍കാനും എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വകുപ്പ് നിര്‍ദ്ദേശം നല്‍കി.

അതേസമയം ഇത്തരം കീഴ്‌വഴക്കങ്ങള്‍ മുമ്പ് ഉണ്ടായിരുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയതായി കര്‍ണാടക റീജിയന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പീറ്റര്‍ മച്ചാഡോ  പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു കുട്ടിയും സ്‌കൂളില്‍ ബൈബിള്‍ കൊണ്ടുപോകേണ്ട സാഹചര്യമില്ലെന്നും നിര്‍ബന്ധ ബുദ്ധിയോടെ ബൈബിള്‍ വായിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പ്രസതാവനയില്‍ പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സ്ഥാപനമായതിനാല്‍, സ്‌കൂള്‍ സമയത്തിന് ശേഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിളോ മതപരമോ ആയ ക്ലാസുകളോ നടത്താനുള്ള അവകാശം സ്‌കൂളിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള സംഘടനകളുടെ തെറ്റായ പ്രചരണങ്ങളില്‍ വശംവദരാകരുതെന്ന് ഡോ.മച്ചാഡോ പറഞ്ഞു.