'ഇടത്, വലതു മുന്നണികള്‍ തീവ്രവാദത്തെ വളര്‍ത്തുന്നു; അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു താലിബാന്‍ ആയേക്കും'  

 
Alphons Kannanthanam

25 വര്‍ഷത്തിനിടെ സംസ്ഥാനത്ത് താലിബാന്‍വത്കരണം ശക്തമായി 

അഞ്ച്-പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം മറ്റൊരു താലിബാന്‍ ആയേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്ത്, പ്രത്യേകിച്ച് ചില പ്രദേശങ്ങളില്‍ അത്രത്തോളം താലിബാന്‍വത്കരണം നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഇടത്, വലത് മുന്നണികള്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്നും കണ്ണന്താനം എഎന്‍ഐയോട് പ്രതികരിച്ചു.  

കഴിഞ്ഞ 25 വര്‍ഷത്തിനിടെ, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താലിബാന്‍വത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സമീപനമാണ് ഇടത്, വലത് മുന്നണികളുടേത്. ഇത് വളരെ സങ്കടകരമായ അവസ്ഥയാണ്. തീകൊണ്ട് കളിക്കരുതെന്ന് ഇടത്, വലത് മുന്നണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ഇല്ലായ്മ ചെയ്യണം അല്ലെങ്കില്‍ കേരളം മുഴുവന്‍ അത് വലിയ തീയായി പടരുമെന്നും അറിയിച്ചിരുന്നു.

താന്‍ കേരള കേഡറില്‍ ഐഎഎസ് ഓഫീസറായി ജോലി ചെയ്തയാളാണ്. ഇത്തരമൊരു അവസ്ഥയില്‍ കേരളത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല. അവിടെ സമാധാനവും സാഹോദര്യവും ഉണ്ടായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും വളരെ സമാധാനപരമായാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, ഇടത്, വലതു മുന്നണികളാണ് ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചത്. യുഡിഎഫിനെക്കുറിച്ചൊരു ഉദാഹരണം പറയാം. ഒരുകാലത്ത് ആളുകള്‍ മൃദു മത മൗലികവാദമാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ തീവ്ര മത മൗലികവാദമാണ് പറയുന്നത്. ഇത്തരത്തില്‍ തീവ്രസ്വഭാവം പുലര്‍ത്തുന്ന ഘടകങ്ങള്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ട്. അതേക്കുറിച്ച് സംസാരിക്കാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. 

ഇടത് മുന്നണിക്കാകട്ടെ മുസ്ലീം വോട്ടുകള്‍ വേണം. അതുകൊണ്ടാണ് പല കാര്യങ്ങളോടും തുറന്ന് പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയാത്തത്. അതിനാലാണ്, ഇത്തരം തീവ്രവാദ സംഘങ്ങളെ തൃപ്തിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളം പോലെ വിദ്യാഭ്യാസപരമായി മുന്നിലുള്ള ഒരു സ്ഥലത്ത് തീവ്രവാദത്തിന്റെ വിത്തുകള്‍ പാകാന്‍ വളരെ എളുപ്പമാണെന്നത് വളരെ സങ്കടകരമായ കാര്യമാണ്. പല സ്ഥലങ്ങളില്‍ അത് തഴച്ചുവളരുന്നത് കാണാന്‍ കഴിയും. സംസ്ഥാനത്തുനിന്നും ഐഎസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും പുറത്തുവരുന്നുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.