കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ശക്തമാകും; കുട്ടികളുടെ കാര്യത്തില്‍ മുന്‍കരുതല്‍ വേണം

 
Kerala Covid Updates

കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായും ഒക്ടോബര്‍ മാസത്തോടെ അത് മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്നത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് എന്നാണ് സൂചന. 

നിലവില്‍ കേരളത്തിലെ ആര്‍ വാല്യൂ (പുനരുല്‍പാദന/വ്യാപന നിരക്ക്) 1.1 ആണ്. മൂന്നാം തരംഗം നിലവിലുണ്ടെന്നതിന്റെ തെളിവാണിത്. ഈ സൂചനകള്‍ തള്ളിക്കളയരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരുടെ കാര്യത്തിലുള്ള കരുതല്‍ കുട്ടികള്‍ക്കും ആവശ്യമാണ്. രോഗസാധ്യതയും ഭീഷണിയും ഒരുപോലെ ആയതിനാല്‍, പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്ക് വാക്‌സിന്‍ ഇല്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. അതിനാല്‍, കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. 

കുട്ടികളില്‍ വലിയതോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ ആശുപത്രികളിലെ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാകും. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്സ്, ആംബുലന്‍സ് തുടങ്ങിയവ വളരെ ആവശ്യമായിവരും. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണം. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.